തൃശൂർ മാർക്കറ്റിൽ കൊവിഡ് പരിശോധന കർശനമാക്കും: ജില്ലാ കളക്ടർ

ജില്ലയിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി തൃശൂർ മാർക്കറ്റിലെ തൊഴിലാളികളിൽ കോവിഡ് പരിശോധന കർശനമാക്കി ജില്ലാ കളക്ടർ എസ് ഷാനവാസ്. ജില്ലയിൽ കൊവിഡ് രോഗികൾ കൂടി വരുന്ന സാഹചര്യത്തിൽ മാർക്കറ്റുകൾ രോഗവ്യാപനത്തിൻ്റെ കേന്ദ്രങ്ങൾ ആകാതിരിക്കുന്നതിനാണ് തൊഴിലാളികളിൽ അടിയന്തരമായി പരിശോധന നടത്താൻ തീരുമാനിച്ചത്.

തിങ്കളാഴ്ച്ച മാർക്കറ്റിൽ കൊവിഡ് പരിശോധനയ്ക്ക് എത്തിയ ആരോഗ്യ പ്രവർത്തകരോട് മാർക്കറ്റിലെ തൊഴിലാളികൾ സഹകരിക്കാത്ത സഹചര്യത്തിലാണ് ജില്ല കളക്ടറുടെ നേതൃത്വത്തിൽ തൊഴിലാളി സംഘടന പ്രതിനിധികളുമായി ഓൺലൈൻ യോഗം വിളിച്ചത്.

മാർക്കറ്റിലെ തൊഴിലാളികൾ പരിശോധനയ്ക്ക് സഹകരിച്ചില്ലെങ്കിൽ മാർക്കറ്റ് അടച്ചിടൽ അടക്കമുള്ള നടപടികൾ സ്വീകരിക്കുമെന്ന് കളക്ടർ പറഞ്ഞു. ഏപ്രിൽ 26ന് 13 തൊഴിലാളികൾക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.

ഇതിൻ്റെ അടിസ്ഥാനത്തിൽ എല്ലാ തൊഴിലാളികളും ആർ ടി പി സി ആർ ടെസ്റ്റ് നടത്തണം എന്ന് കളക്ടർ നിർദേശിച്ചു. ചർച്ചയുടെ അടിസ്ഥാനത്തിൽ എല്ലാ തൊഴിലാളികളും ടെസ്റ്റിന് സഹകരിക്കാമെന്ന് സംഘടന പ്രതിനിധികൾ ഉറപ്പ് നൽകിയിട്ടുണ്ട്.

ഇതിൻ്റെ അടിസ്ഥാനത്തിൽ ബുധനാഴ്ച്ച മാർക്കറ്റിൽ ടെസ്റ്റ് നടത്തും. അരിയങ്ങാടി, ജയ്ഹിന്ദ്, ശക്തൻ മാർക്കറ്റുകളിലെ മുഴുവൻ തൊഴിലാളികളെയും പരിശോധിക്കും. ടെസ്റ്റ് ഫലത്തിൻ്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ സ്വീകരിക്കും.

ഓൺലൈനായി നടന്ന യോഗത്തിൽ ദുരന്തനിവാരണ ഡെപ്യൂട്ടി കലക്ടർ പി എ പ്രദീപ്, ജില്ലാ മെഡിക്കൽ ഓഫീസർ കെ ജെ റീന, കോർപ്പറേഷൻ സെക്രട്ടറി വിനു പി കുഞ്ഞപ്പൻ, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടർ എ നിസാർ, ജില്ലാ ലേബർ ഓഫീസർ, തൊഴിലാളി സംഘടന പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News