ഡിജിറ്റൽ വിദ്യാഭ്യാസത്തിലും കേരളത്തെ ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിച്ച എല്ലാവരെയും അഭിനന്ദിച്ചും നന്ദി പറഞ്ഞും മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്

മാനവികതയുടെ പക്ഷത്തുനിന്നുകൊണ്ട് നാമൊത്തുചേര്‍ന്ന് നമ്മുടെ പൊതുവിദ്യാഭ്യാസത്തെ ആധുനികവും ജനകീയവുമാക്കിയതായി മന്ത്രി പ്രൊഫ.സി രവീന്ദ്രനാഥ്.

ആധുനികതയുടേയും ജനകീയതയുടേയും മാനവീകതയുടെയും സമ്പൂര്‍ണ്ണ ലയം നാം കണ്ടു. ഡിജിറ്റൽ വിദ്യാഭ്യാസത്തിലും കേരളത്തിന്‍റെ പൊതുവിദ്യാഭ്യാസത്തെ രാജ്യത്ത് ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങൾ, നന്ദിയെന്ന് മന്ത്രി ഫെയ്സ് ബുക്കിൽ കുറിച്ചു.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം :

പൊതുവിദ്യാഭ്യാസം

ഡിജിറ്റൽ പഠനം

ആധുനിക സാങ്കേതികവിദ്യകൾ വികസിച്ചതിന്റെ ഭാഗമായി ഉയര്ന്നുവന്ന പുതിയ സങ്കല്പമാണ് ഡിജിറ്റൽ പഠനം. ഈ രീതിയെ പൊതുവിൽ ഓണ്ലൈൻ പഠനം എന്നാണ് പറയുന്നത്. ഇന്റര്നെറ്റും സ്മാര്ട്ട്ഫോണും കമ്പ്യൂട്ടറും മറ്റും ഉപയോഗിച്ചുകൊണ്ടാണ് ഓണ്ലൈൻ ക്ലാസ്സുകൾ സംഘടിപ്പിക്കുക. ഈ ആധുനിക സംവിധാനങ്ങൾ പൂര്ണ്ണമായും ഉപയോഗിക്കുവാൻ കഴിയുന്ന സാഹചര്യത്തിൽ മാത്രമാണ് ഓണ്ലൈൻ ക്ലാസ്സുകൾ വിജയിക്കുക. ക്ലാസ്സുകൾ നേരിട്ട് സംപ്രേഷണം ചെയ്തോ റെക്കോര്ഡ് ചെയ്ത് സംപ്രേഷണം ചെയ്തോ വിഷയം വിദ്യാര്ത്ഥിയിൽ എത്തിക്കുന്നതാണ് രീതിശാസ്ത്രം. ഇതേ സംവിധാനംവഴി കുട്ടികള്ക്ക് സംശയങ്ങൾ ചോദിക്കുവാനും പ്രോബ്ലം ചെയ്യുന്നതിനും കഴിയുന്നതിനാൽ പരസ്പര വിനിമയം സാധ്യമാണ്. അങ്ങിനെ അധ്യാപകനും വിദ്യാര്ത്ഥിയും വിദൂരത്തിരുന്ന് ആശയവിനിമയം നടത്തും. ഇതാണ് ഓണ്ലൈൻ പഠനത്തിലെ പൊതുവിലുള്ള ആശയവിനിമയരീതി. ഈ ശൈലിയിലുള്ള ഓണ്ലൈൻ പഠനത്തിനുള്ള അടിസ്ഥാന പ്രശ്നം വിദ്യാര്ത്ഥി-അധ്യാപക ജൈവബന്ധം നിഷേധിക്കപ്പെടുന്നു എന്നതാണ്. ഗൗരവമായ ഈ പ്രശ്നം തന്നെയാണ് മൗലികമായ അപകടം. അധ്യാപക-വിദ്യാര്ത്ഥി ജൈവബന്ധമാണ് ജീവിതത്തിന്റെ പ്രധാന അടിത്തറ.

അപ്രതീക്ഷിതമായി കൊറോണ മഹാമാരി കാലത്ത് മേല്പ്പറഞ്ഞ ജൈവബന്ധം അസാധ്യമായി. ഈ പ്രശ്നം കേരളം വളരെ ഗൗരവമായി കണക്കിലെടുത്തു. അതിനാൽ കേരളം പഠനരംഗത്ത് വ്യത്യസ്തമായ ഒരു പാത തുറന്നു. അതാണ് കേരളത്തിന്റെ തനതായ ‘ഡിജിറ്റൽ പഠനം’. സാങ്കേതികമായി ഓണ്ലൈൻ രീതിശാസ്ത്രം തന്നെയാണ് ഇവിടെയും അനുവര്ത്തിക്കുന്നത്. ഇത് ബദൽ പഠനരീതിയല്ല. മറ്റൊരു വഴിയും ഇല്ല എന്നതുകൊണ്ട് മാത്രമാണ് ഈ വഴി തെരഞ്ഞെടുത്തത്. എങ്കില്പോലും പരോക്ഷമായ രീതിയിൽ പരമാവധി അധ്യാപക – വിദ്യാര്ത്ഥി ബന്ധമുണ്ടാക്കുവാൻ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് അവസരമുണ്ടാക്കി.

സാറ്റലൈറ്റ് സംവിധാനം കൂടി ഉപയോഗിച്ച് ഡിജിറ്റൽ പഠനം സര്വ്വവ്യാപകമാക്കി. അതോടെ സ്മാര്ട്ട്ഫോണോ, കമ്പ്യൂട്ടറോ, ടെലിവിഷന്സെറ്റോ ഉപയോഗിച്ച് ക്ലാസ്സ് കേള്ക്കുവാൻ കുട്ടികള്ക്ക് കഴിഞ്ഞു. കേരളത്തിന്റെ ഡിജിറ്റൽ അടിത്തറ അതിവിപുലമായിരുന്നു എന്നതിനാൽ 100% കുട്ടികള്ക്കും ക്ലാസ്സ് കേള്ക്കുവാൻ കഴിഞ്ഞു. ഈ സാങ്കേതിക വിദ്യയുടെ പശ്ചാത്തലത്തിൽ ജനകീയതകൂടി കലര്ത്തിയതാണ് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ യഥാര്ത്ഥ വിജയം. കക്ഷി-രാഷ്ട്രീയത്തിനപ്പുറം ഒരു ജനത ഒന്നിച്ചുനിന്നുകൊണ്ട് കൊറോണ മഹാമാരി കാലത്തും ഡിജിറ്റൽ പഠനസൗകര്യം ജനകീയമായി സൃഷ്ടിച്ചെടുത്തു. ടിവിയും കമ്പ്യൂട്ടറുകളും ഫോണുകളും കേരളത്തിന്റെ മുഴുവൻ വിദ്യാര്ത്ഥികളിലും ജനകീയമായി എത്തിച്ചത് വൻ വിജയമായി കണക്കാക്കുന്നു. ഇതിനെക്കുറിച്ച് പഠിച്ച യൂണിസെഫ് ഇക്കാര്യങ്ങൾ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കേരളത്തിന്റെ തനത് ഡിജിറ്റൽ പഠനത്തിന് അംഗീകാരമായി കണക്കാക്കുന്നു. മഹാമാരിയിൽ ലോകം പകച്ചു നില്ക്കുമ്പോഴും കേരളത്തിന്റെ പൊതുവിദ്യാഭ്യാസം അനന്യമായ ജനകീയ ഡിജിറ്റൽ സംവിധാനം വിജയിപ്പിച്ചു എന്നതാണ് നേട്ടം. കേരളത്തിലെ മുഴുവൻ ജനങ്ങളോടുമുള്ള ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുവാൻ ഈ അവസരം വിനിയോഗിക്കട്ടെ.

ഡിജിറ്റൽ പഠനം ആദ്യം ആരംഭിച്ചത് ‘ട്രയൽ’ എന്ന രീതിയിൽ 2020 ജൂണ് ഒന്നിനാണ്. മഹാമാരി കാലത്തും ജൂണ് ഒന്നിനുതന്നെ അക്കാദമിക് വര്ഷം ആരംഭിച്ചു എന്നത് മറക്കുവാൻ പാടില്ലാത്ത ഒരു ഇടപെടലാണ്. ‘ഡിജിറ്റൽ ഡിവൈഡ്’ ഉണ്ടാകുമെന്നും വിജയിക്കില്ല എന്നും ധാരാളം അഭിപ്രായങ്ങൾ ഉണ്ടായിരുന്നു. ആ അഭിപ്രായങ്ങളെല്ലാം പൊതുവിദ്യാഭ്യാസ വകുപ്പ് ഊര്ജ്ജസ്രോതസ്സുകളാക്കി മാറ്റി. ഡിജിറ്റൽ പഠനസൗകര്യങ്ങൾ 15 ദിവസത്തിനകം ഉറപ്പാക്കിക്കൊണ്ട് ഡിജിറ്റൽ ഡിവൈഡ് ഉണ്ടാകുമെന്ന ഭയത്തെ അഭിമുഖീകരിച്ചു. അങ്ങനെ വിദ്യാലയങ്ങളിലും വായനശാലകളിലും ക്ലബ്ബുകളിലും പൊതുസ്ഥലങ്ങളിലും ടെലിവിഷൻ സെറ്റുകളും കമ്പ്യൂട്ടർ സ്ക്രീനുകളും വെച്ച് ജനകീയ ക്ലാസ്സുകൾ സജ്ജമാക്കി. മഹാമാരി നമ്മെ വല്ലാതെ ഭയപ്പെടുത്തുമ്പോഴും ജനകീയ ഡിജിറ്റൽ ക്ലാസ്സുകൾ സന്തോഷം പകര്ന്നു. പതുക്കെ പതുക്കെ വീടുകളിലും സൗകര്യങ്ങൾ ഉണ്ടായി. കേരളത്തിലെ ഡിജിറ്റൽ പഠന പശ്ചാത്തല വികാസ ചരിത്രം അക്ഷരാര്ത്ഥത്തിൽ പഠിക്കപ്പെടേണ്ടതാണ്. ചുരുങ്ങിയ കാലയളവിനുള്ളിലെ ഈ വികാസത്തിൽ ചില കുറവുകളുണ്ടാകാമെന്നത് സ്വാഭാവികം മാത്രം. ഭാവിയിൽ ഈ കുറവുകളും നികത്തപ്പെടണം. അതിനുവേണ്ടിയാണ് ശ്രദ്ധയുണ്ടാകേണ്ടത്. യൂണിസെഫും ഇത് ചൂണ്ടിക്കാണിക്കുന്നു. വളരെ പ്രതികൂലമായ സാഹചര്യത്തിൽ ചരിത്രത്തിലാദ്യമായി ആധുനിക സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ജനകീയ വിദ്യാഭ്യാസ രീതി കേരളജനതയുടെ അഭിമാനമായി കരുതുന്നു.

ഈ പഠനരീതി വിജയിപ്പിക്കുവാൻ എസ്സിഇആർ.ടി, കൈറ്റ്, വിക്ടേഴ്സ് ചാനൽ എസ്.എസ്.കെ, എസ്ഐഇടി, സീമാറ്റ് തുടങ്ങിയ സംവിധാനങ്ങൾ സമ്പന്നവും സൂക്ഷ്മവുമായ ശ്രദ്ധ ചെലുത്തി എന്നതിൽ വളരെയധികം അഭിമാനമുണ്ട്. ചുരുങ്ങിയ കാലയളവിൽ അധ്യാപകര്ക്ക് പ്രത്യേക പരിശീലനം നല്കി. അധ്യാപകർ കാലത്തിന്റെ വിളികേട്ട് ഉണര്ന്നു എന്ന് മാത്രമല്ല പുതിയ ഡിജിറ്റൽ കണ്ടന്റ് ഉണ്ടാക്കുവാൻ കഠിനപ്രയത്നവും ചെയ്തു. ക്ലാസ്സുകൾ ഡിജിറ്റൽ ആക്കുമ്പോൾ ആവശ്യമായിരുന്ന അക്കദമിക് ശ്രദ്ധ നല്ലതുപോലെ അധ്യാപകർ നിലനിര്ത്തി എന്നതിന്റെ തെളിവാണ് ‘സമഗ്ര’ പോര്ട്ടലിന്റെ സമഗ്രത. ഏത് ആധുനിക ഓണ്ലൈൻ പഠനത്തേയും വെല്ലുവിളിക്കുന്ന രീതിയിലാണ് സമഗ്ര 1, സമഗ്ര 2, എന്നിവ വികസിപ്പിച്ചിട്ടുള്ളത്. നാളെ ആധുനിക വിദ്യാഭ്യാസത്തിന്റെ ഊര്ജ്ജവും കല്പ്പനയുമായി ഡിജിറ്റൽ കേരളത്തിന്റെ സമഗ്ര പോര്ട്ടൽ മാറും എന്ന കാര്യത്തിൽ സംശയമില്ല. ഇതിനുപൂരകമായി തന്നെയാണ് ഡിജിറ്റൽ പഠന കണ്ടന്റും വികസിപ്പിച്ചത്. കൈറ്റ് വിക്ടേഴ്സ് സമ്പൂര്ണ്ണ വിദ്യാഭ്യാസ ചാനൽ എന്ന രീതിയിൽ എങ്ങനെ മാതൃകയാകാം എന്നതിന് ഉത്തമ ഉദാഹരണമായി മാറി. കേരളത്തിന്റെ വിക്ടേഴ്സ് ചാനൽ ഡിജിറ്റൽ പാഠങ്ങൾ ലോകമെമ്പാടും വിദഗ്ധമായും സമര്ത്ഥമായും എത്തിച്ചു. അഭിനന്ദനങ്ങൾ! ഇതിനുവേണ്ട അക്കാദമിക് ഗവേഷണം സൂക്ഷ്മതയോടെ നടത്തുവാൻ എസ്.സി.ഇ.ആര്ടിക്കും, എസ്.എസ്.കെ.ക്കും, എസ്ഐഇടിക്കും കഴിഞ്ഞു എന്നതും ഏറ്റവും ശ്രദ്ധേയം.

പൊതുവിദ്യാഭ്യാസരംഗത്തെ അധ്യാപകർ ഡിജിറ്റൽ പഠനത്തെ വളരെ സൂക്ഷ്മതയോടെ ഏറ്റെടുത്തു എന്നത് പ്രത്യേകം ശ്രദ്ധയര്ഹിക്കുന്നു. വിഷയാവതരണം മാത്രം വിദൂരമായി നടന്നു. തുടര്പ്രവര്ത്തനത്തിൽ പ്രോജ്വലമായ ശ്രദ്ധ നല്കിയത് അധ്യാപകരാണ്. അധ്യാപക-വിദ്യാർത്ഥി സംഘടനകളുടെ സംഭാവനകളും നിസ്തുലമാണ്. വ്യത്യസ്തവും ചടുലവുമായ തുടര്പ്രവര്ത്തനങ്ങൾ നടന്നു. പിടിഎയുടെ ഈ രംഗത്തെ പ്രവര്ത്തനങ്ങൾ ഏറ്റവും ശ്രദ്ധേയമാണ്. ഓരോ വിദ്യാലയവും മത്സരവാശിയോടെ തുടര്പ്രവര്ത്തനങ്ങൾ നടത്തി. ജനപ്രതിനിധികൾ അതിശക്തമായ നേതൃത്വം നല്കി എന്നത് എന്നും ചരിത്രരേഖയായിരിക്കും. വിദ്യാഭ്യാസ വകുപ്പിന്റെ ഔദ്യോഗിക സംവിധാനങ്ങളും മാതൃകാപരമായി പ്രവര്ത്തിച്ചു. ജനകീയതയുടെ സര്ഗ്ഗവികാസം എത്ര മനോഹരം, ശക്തം.

2021 ഫെബ്രുവരിയോടെ 10, 12 ക്ലാസ്സുകൾ തീര്ക്കുവാൻ കഴിഞ്ഞത് ഈ സഹകരണം കൊണ്ടാണ്. മഹാമാരി കാലത്തെ അക്കാദമിക് വര്ഷത്തിൽ കുട്ടികളുടെ അക്കാദമിക് സജീവതക്ക് ഒരു കുറവും വരരുത് എന്നായിരുന്നു സര്ക്കാരിന്റെ ആഗ്രഹം. അത് സാര്ത്ഥകമായി. സിലബസ്സ് വെട്ടിക്കുറക്കാതെ ഭാവിപഠനത്തിന് ആവശ്യമായ അക്കാദമിക് അടിത്തറ വേണമെന്ന ലക്ഷ്യത്തിൽ എല്ലാ പാഠങ്ങളുടേയും ഫോക്കസ് ഏരിയപോലും പ്രസിദ്ധീകരിച്ചു. ഈ ഭാഗങ്ങളുടെ പ്രത്യേക ഡിജിറ്റൽ കാസ്സുകളും നല്കി. അവസാനം സമഗ്രമായ റിവിഷന്പോലും നല്കി.

മഹാമാരി കാലത്തെ പ്രശ്നങ്ങളും പരിമിതികളും കണക്കിലെടുത്ത് പരീക്ഷാരീതിയും പരിഷ്ക്കരിച്ചു. കുട്ടിയെ പരീക്ഷിക്കുകയല്ല, അറിയുകയാണ് വേണ്ടത് എന്നും കുട്ടിക്കെന്ത് അറിയില്ല എന്നതല്ല, എന്തറിയാം എന്നതാണ് നോക്കേണ്ടത് എന്നും തിരിച്ചറിഞ്ഞ പരീക്ഷാരീതി നടപ്പിലാക്കി. മോഡൽ പരീക്ഷ കഴിഞ്ഞതോടെ വിദ്യാര്ത്ഥികൾ തൃപ്തരായി. പലരുടെയും ആശങ്കകൾ അകന്നു. സിലബസ് കവർ ചെയ്തു എന്നതുകൊണ്ട് ഉന്നത വിദ്യാഭ്യാസം എളുപ്പമാകും എന്നതാണ് ഏറ്റവും വലിയ നേട്ടം.

ഡിജിറ്റൽ പഠനത്തിന്റെ പ്രത്യേകതയിലൂടെ അധ്യാപക വിദ്യാര്ത്ഥി ബന്ധം കുറെയൊക്കെ നിലനിര്ത്തുവാൻ കഴിഞ്ഞു. മഹാമാരി കാലത്ത് ഇത്രയേ കഴിയൂ എന്ന് തിരിച്ചറിയുക. പക്ഷെ പുതിയ പഠനാന്തരീക്ഷം കുടുംബമായി മാറിയതിനാൽ മറ്റൊരു പഠന ജൈവ ബന്ധം വളര്ന്നു. അച്ഛനും, അമ്മയും, സഹോദരങ്ങളും, വിദ്യാര്ത്ഥിയും ചേര്ന്നതാണ് പുതിയ ജൈവബന്ധം. മാത്രമല്ല, മക്കളുടെ ഓരോ ക്ലാസ്സും എന്തെല്ലാമാണെന്ന് നേരിട്ട് കേള്ക്കുവാൻ അച്ഛനമ്മമാര്ക്ക് കഴിയുന്നു. ഇത് മോണിറ്ററിങ്ങിന് സാധ്യത കൂട്ടുന്നു. ഒരേ ക്ലാസ്സ് വീണ്ടും വീണ്ടും കാണുവാൻ അവസരമുണ്ടാകുന്നു എന്നതിനാൽ സംശയം തീര്ക്കുവാൻ കൂടുതൽ സാധ്യതയുണ്ടാകുന്നു. ഓരോ കുട്ടിക്കും തന്റെ ക്ലാസ്സുകൾ ജീവിതകാലം മുഴുവനും വീണ്ടും കേള്ക്കാൻ കഴിയുന്നു എന്നത് ഏറ്റവും സന്തോഷമുള്ള കാര്യമായി അവശേഷിക്കുന്നു. പ്രായമാകുമ്പോഴും കൊറോണ കാലത്തെ ക്ലാസ്സുകൾ വീണ്ടും കണ്ട് ആസ്വദിക്കുവാൻ കഴിയും.

ഇതൊക്കെയുണ്ടെങ്കിലും യഥാര്ത്ഥ ക്ലാസ്സിന് ബദലല്ല ഡിജിറ്റൽ പഠനം എന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം തിരിച്ചറിയുന്നു. ക്ലാസ്സിലെ സംവാദാത്മക അന്തരീക്ഷം, ജൈവബന്ധങ്ങൾ, സാമൂഹിക ബന്ധങ്ങൾ, നേരിട്ടുള്ള അനുഭവങ്ങൾ, കൂട്ടുകാരുടേയും അധ്യാപകരുടേയും സാമീപ്യം, പുസ്തകങ്ങളുടെ സാമീപ്യം, ജൈവപാര്ക്കുകളുടെ സജീവത, വേദനകളും, സ്വപ്നങ്ങളും, പ്രതീക്ഷകളും പങ്കിടുവാനുള്ള അനന്തമായ സാധ്യത എന്നിവയാണ് മനുഷ്യനെ മനുഷ്യനായും സാമൂഹിക ജീവിയായും മാറ്റുന്ന സര്ഗ്ഗാന്തരീക്ഷം. അത് ക്ലാസ്സുകളിൽ മാത്രമേ ലഭിക്കു.

മഹാമാരിയെ നാം കൂട്ടായി ഇപ്പോൾ നേരിടുന്നത് ഈ ജൈവാന്തരീക്ഷം തിരികെ പിടിക്കുന്നതിന് വേണ്ടിക്കൂടിയാണ്. ഡിജിറ്റൽ ക്ലാസ്സുകളെ സപ്പോര്ട്ടിംഗ് സാധ്യതയാക്കി എടുക്കാം. മാനവികതയുടെ പക്ഷത്തുനിന്നുകൊണ്ട് നാമൊത്തുചേര്ന്ന് നമ്മുടെ പൊതുവിദ്യാഭ്യാസത്തെ ആധുനികവും ജനകീയവുമാക്കി. ആധുനികതയുടേയും ജനകീയതയുടേയും മാനവീകതയുടെയും സമ്പൂര്ണ്ണ ലയം നാം കണ്ടു. ഡിജിറ്റൽ വിദ്യാഭ്യാസത്തിലും കേരളത്തിന്റെ പൊതുവിദ്യാഭ്യാസത്തെ രാജ്യത്ത് ഒന്നാം സ്ഥാനത്തേയ്ക്ക് എത്തിച്ച എല്ലാവര്ക്കും അഭിനന്ദനങ്ങൾ നന്ദി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News