കൊവിഡ് വ്യാപനം: തിരുവനന്തപുരം ജില്ലയില്‍ എട്ടു പ്രദേശങ്ങളില്‍ക്കൂടി നിരോധനാജ്ഞ

കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ തിരുവനന്തപുരം ജില്ലയിലെ എട്ടു തദ്ദേശ സ്ഥാപനങ്ങളില്‍ക്കൂടി സിആര്‍പിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ ഡോ. നവ്‌ജ്യോത് ഖോസ. നെയ്യാറ്റിന്‍കര മുനിസിപ്പാലിറ്റിയിലും വെമ്പായം, ആനാട്, പള്ളിക്കല്‍, പുല്ലമ്പാറ, പോത്തന്‍കോട്, കാഞ്ഞിരംകുളം, കുളത്തൂര്‍ പഞ്ചായത്തുകളിലുമാണ് സിആര്‍പിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഈ പ്രദേശങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലെത്തിയ സാഹചര്യത്തിലാണു നടപടിയെന്നു കളക്ടര്‍ പറഞ്ഞു.

ടെസ്റ്റ് പോസിറ്റിവിറ്റി ഉയര്‍ന്നതിനെത്തുടര്‍ന്നു നെടുമങ്ങാട് മുനിസിപ്പാലിറ്റിയിലും കോട്ടുകാല്‍, തൊളിക്കോട്, മംഗലപുരം, വെള്ളറട, മാറനല്ലൂര്‍, ചെങ്കല്‍, പള്ളിച്ചല്‍, മലയിന്‍കീഴ്, വിളവൂര്‍ക്കല്‍, വെള്ളനാട്, വക്കം, പൂവച്ചല്‍, ബാലരാമപുരം, അരുവിക്കര, അമ്പൂരി, കാരോട്, പെരുങ്കടവിള, കാട്ടാക്കട, അണ്ടൂര്‍ക്കോണം, കൊല്ലയില്‍, ഉഴമലയ്ക്കല്‍, കുന്നത്തുകാല്‍, ആര്യങ്കോട് പഞ്ചായത്തുകളില്‍ നേരത്തേ സിആര്‍പിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു.

ഇതില്‍ കുന്നത്തുകാല്‍ പഞ്ചായത്തില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ശതമാനത്തിനു താഴെയെത്തിയതിനാല്‍ സിആര്‍പിസി 144 പ്രകാരം ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു.

നിരോധനാജ്ഞ പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ ആരാധനാലയങ്ങളില്‍ ചടങ്ങുകള്‍ക്ക് അഞ്ചു പേരില്‍ക്കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. പൊതുസ്ഥലങ്ങളില്‍ അഞ്ചു പേരില്‍ കൂടുതല്‍ കൂട്ടംകൂടരുത്.

വിവാഹങ്ങളിലും മറ്റു പൊതു ചടങ്ങുകളിലും 25 പേരില്‍ കൂടുതല്‍ പങ്കെടുക്കാന്‍ പാടില്ല. ഇവ കോവിഡ് ജാഗ്രതാ പാര്‍ട്ടലില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്തിരിക്കണം. അനുവദനീമായവ ഒഴികെ എല്ലാത്തരം ഒത്തുചേരലുകളും നിര്‍ബന്ധമായും ഒഴിവാക്കണം.

പലചരക്ക്, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ വില്‍ക്കുന്ന കടകള്‍, മെഡിക്കല്‍ സ്റ്റോറുകള്‍, പെട്രോള്‍ പമ്പുകള്‍ എന്നിവ ഒഴികെയുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാത്രി 7.30ന് അടയ്ക്കണം. ഹോട്ടലുകളില്‍ 7.30 വരെ ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കും. അതിനു ശേഷം ഒമ്പതു വരെ ടേക്ക് എവേ, പാഴ്‌സല്‍ സര്‍വീസുകളാകാം.

തൊഴിലിടങ്ങളിലും ഉപജീവനവുമായി ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളിലും കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം. വ്യാപാര സ്ഥാപനങ്ങളില്‍ കര്‍ശന പരിശോധനയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ അത്തരം സ്ഥാപനങ്ങള്‍ രണ്ടു ദിവസമോ അതില്‍ കൂടുതല്‍ കാലയളവോ അടച്ചിടുമെന്നും കളക്ടര്‍ അറിയിച്ചു. നിയന്ത്രങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20നു താഴെ എത്തുന്നതുവരെ അവ തുടരുമെന്നും കളക്ടര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News