ദില്ലിയിൽ സ്ഥിതി അതീവ ​ഗുരുതരം: കൊവിഡ് മരണം കൂടുന്നു, പാര്‍ക്കുകളും പാര്‍ക്കിംഗ് ഏരിയകളും ശ്മശാനമാക്കി ദില്ലി സര്‍ക്കാര്‍

ദില്ലിയിൽ കൊവിഡ് സ്ഥിതി​ഗതികൾ അതീവ ​ഗുരുതരമായി തുടരുന്നു. കൊവിഡ് മരണനിരക്ക് ഉയര്‍ന്നതോടെ മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ സ്ഥലമില്ലാതെ ദില്ലി വലയുകയാണ്. പ്രതിദിനം മൂന്നൂറിലധികം പേരാണ് കഴിഞ്ഞ ദിവസങ്ങളിലായി കൊവിഡ് ബാധിച്ച് ദില്ലിയിൽ മരണപ്പെട്ടത്.

ഇതോടെ ദില്ലിയിലെയും പരിസര പ്രദേശങ്ങളിലെയും പാര്‍ക്കുകളും വാഹന പാര്‍ക്കിംഗ് ഏരിയകളും താല്‍ക്കാലിക ശ്മശാനങ്ങളാക്കി സര്‍ക്കാര്‍ മാറ്റി. ദില്ലിയിലെ ശ്മശാനങ്ങളില്‍ ഒരു ദിവസം സംസ്‌ക്കരിക്കാന്‍ ഉള്ള മൃതദേഹങ്ങളെക്കാള്‍ ഇരട്ടിയാണ് നിലവില്‍ പല ശ്മശാനങ്ങളിലും ഓരോ ദിവസവും സംസ്‌ക്കരിക്കുന്നത്.

ഏകദേശം 22 മൃതദേഹങ്ങള്‍ സംസ്‌ക്കരിക്കാന്‍ മാത്രം ശേഷിയുള്ള ദില്ലിയിലെ സരായ് കാലേ കാന്‍ ശ്മശാനത്തില്‍ തിങ്കളാഴ്ച മാത്രം സംസ്‌ക്കരിച്ചത് 60 മുതല്‍ 70 മൃതദേഹങ്ങളാണ്. സംസ്‌ക്കരിക്കാന്‍ ആവശ്യമായ 100 പ്ലാറ്റ്ഫോമുകല്‍ കൂടി നിര്‍മ്മിക്കേണ്ടി വരുമെന്ന് ശ്മശാനത്തിലെ ജീവനക്കാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് പാര്‍ക്കുകളും പാര്‍ക്കിംഗ് ഏരിയകളും ശ്മശാനമാക്കി മാറ്റിയത്.

ഇതിനിടെ സംസ്‌ക്കരിക്കാനാവാശ്യമായ വിറകിനും ദില്ലിയിൽ ക്ഷാമമുണ്ട്. പലയിടത്തും പി.പി.ഇ കിറ്റുകള്‍ പോലുമില്ലാതെയാണ് ശ്മശാനത്തിലെ ജോലിക്കാര്‍ ജോലി ചെയ്യുന്നത്.അതേസമയം ദില്ലിയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ വ്യത്യാസമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ആയിരത്തിലധികം കൊവിഡ് മരണങ്ങള്‍ സര്‍ക്കാരിന്റെ ഒരു ഔദ്യോഗിക രേഖയിലും പെടാതെ പോയിട്ടുണ്ടെന്ന് എന്‍.ഡി.ടിവി റിപ്പോര്‍ട്ട് ചെയ്തിരുന്നു. ദില്ലി മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ നിന്ന് ശേഖരിച്ച വിവരങ്ങള്‍ പ്രകാരം ഏപ്രില്‍ 18 നും ഏപ്രില്‍ 24 നും ഇടയില്‍ കൊവിഡ് ബാധിച്ച് മരിച്ച 3,096 രോഗികളുടെ ശവസംസ്‌ക്കാരം നടത്തിയതായിട്ടാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ഇതേ കാലയളവില്‍ ദില്ലി സര്‍ക്കാര്‍ പുറത്തുവിട്ട മൊത്തം കൊവിഡ് മരണങ്ങളുടെ എണ്ണം 1,938 ആണ്. 1,158 കൊവിഡ് മരണങ്ങളാണ് ദില്ലി സര്‍ക്കാരിന്റെ കണക്കില്‍പ്പെടാതെ പോയിരിക്കുന്നത്.

ദില്ലിയില്‍ കൊവിഡ് വ്യാപനം അതി രൂക്ഷമായിത്തന്നെ തുടരുകയാണ്. ഓക്‌സിജന്‍ ക്ഷാമം മൂലം ചികിത്സ വഴിമുട്ടി നില്‍ക്കുന്ന സാഹചര്യമാണ് നിലവില്‍. ഓക്‌സിജന്‍ കിട്ടാതെ നിരവധിപേരാണ് ദില്ലിയില്‍ മരിച്ചത്. ഓക്‌സിജന്‍ ഇല്ലാത്തതുകൊണ്ട് പല ആശുപത്രികളിലും പുതിയ രോഗികളെ പ്രവേശിപ്പിക്കുന്നില്ല. പ്രതിദിനം 20,000ലധികം പേര്‍ക്കാണ് ദില്ലിയില്‍ കൊവിഡ് ബാധിക്കുന്നത്.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here