
കൊവിഡ് വാക്സിന്‍ വില്പനച്ചരക്കാക്കിയ കേന്ദ്ര നയത്തിനെതിരെ ശക്തമായ വിമര്‍ശനവുമായി ഡ്രഗ്‌സ് ആക്ടിവിസ്റ്റും ഓള്‍ ഇന്ത്യ ഡ്രഗ്‌സ് ആക്ഷന്‍ നെറ്റ്വര്‍ക് കോ കണ്‍വീനറുമായ മാലിനി ഐസോള രംഗത്ത്. വാക്സിന് വില നിശ്ചയിച്ചാല്‍ രാജ്യം നേരിടാനിരിക്കുന്ന പ്രശ്‌നങ്ങളെ വിവരിക്കുന്ന ലേഖനമാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രം.
കോവിഡ് പ്രതിസന്ധിയില്‍നിന്നു കരകയറാനുള്ള ഏക പ്രതീക്ഷയായ വാക്‌സീനെ ‘വില്‍പനക്കാരന്റെ വിപണിയിലെത്തിച്ച’ തീരുമാനമാണു കേന്ദ്ര സര്‍ക്കാരിന്റേത്. ഈ വിപണിയില്‍ വാങ്ങുന്നയാള്‍ക്കു മിണ്ടാനാകില്ല. വിലയും വിഹിതവും വില്‍പനക്കാരന്‍ തീരുമാനിക്കും. വാക്‌സീന്‍ വാങ്ങാന്‍ വിപണിയിലെത്തുന്ന സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ ദുര്‍ബലരാകുന്ന സ്ഥിതി. സംസ്ഥാനങ്ങളുമായി ചര്‍ച്ചയ്ക്കുള്ള സാധ്യത പോലുമില്ലാതെയാണ് വിലനിര്‍ണയാധികാരം ഉല്‍പാദക കമ്പനികളിലേക്കു നേരിട്ടെത്തുന്നത്. സര്‍ക്കാരിന്റെ പതിവു ‘പര്‍ച്ചേസിങ്’ നടപടിക്രമങ്ങള്‍ പോലും അപ്രസക്തമാകുന്നു.
വാക്‌സീന്‍ ഉല്‍പാദനച്ചെലവു വച്ചു നോക്കുമ്പോള്‍, കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന 150 രൂപ തന്നെ കമ്പനികള്‍ക്കു മാന്യമായ ലാഭം നല്‍കുമെന്നു വ്യക്തമാണ്. രാജ്യമാകെ പ്രതിസന്ധി നേരിടുന്ന ഘട്ടമായതിനാല്‍ ലാഭം മാത്രമല്ലല്ലോ നോക്കേണ്ടത്. ഭാവിയിലേക്കുള്ള ഉല്‍പാദനക്ഷമത വര്‍ധിപ്പിക്കാനാണ് ഉയര്‍ന്ന തുക ഈടാക്കുന്നതെന്നാണു കമ്പനികളുടെ വാദം. നോക്കൂ, രണ്ടു കമ്പനികള്‍ക്കുമായി 4500 കോടി രൂപ സര്‍ക്കാര്‍ മുന്‍കൂര്‍ നല്‍കിക്കഴിഞ്ഞു. പ്ലാന്റുകള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ക്ക് ഈ തുക ഉപയോഗിക്കാമെന്നതിനാല്‍, സംസ്ഥാന സര്‍ക്കാരുകള്‍ക്കു വില കൂട്ടി വില്‍ക്കുന്നതില്‍ ന്യായമില്ല. മാത്രവുമല്ല, ഈ സജ്ജീകരണങ്ങള്‍ക്ക് ഒറ്റത്തവണ ഉപയോഗമല്ലല്ലോ? ഭാവിയില്‍ ഇവ കമ്പനികളുടെ സ്വകാര്യ നിക്ഷേപമാകുന്നതിന്റെ നേട്ടം കമ്പനികള്‍ക്കു തന്നെയാണ്. ഉല്‍പാദനത്തിനു ഗ്രാന്റ് അനുവദിക്കണമെന്നതായിരുന്നു ഒരുഘട്ടത്തില്‍ കമ്പനികളുടെ ആവശ്യം. എന്നാല്‍, ഭാവിയില്‍ വിതരണം ചെയ്യുന്ന വാക്‌സീനുകള്‍ക്കുള്ള മുന്‍കൂര്‍ പണമായാണു സര്‍ക്കാര്‍ തുക അനുവദിച്ചത്. ഇതു നല്ല കാര്യം തന്നെ.
വിലനിര്‍ണയത്തിലെ സ്വാതന്ത്ര്യം മുതല്‍, സമീപനാളുകളില്‍ സര്‍ക്കാര്‍ സ്വീകരിച്ച ഉദാര നടപടികളുടെയെല്ലാം പ്രാഥമിക ലക്ഷ്യം വാക്‌സീന്‍ ക്ഷാമം പരിഹരിക്കലാണ്. എന്നാല്‍, വാക്‌സീന്‍ ലഭ്യത സുഗമമാകാന്‍ ഇനിയും മാസങ്ങളെടുത്തേക്കാം. കുത്തിവയ്‌പെടുക്കാനുള്ള പ്രായനിബന്ധന ലഘൂകരിക്കുമ്പോള്‍ വാക്‌സീന്‍ ക്ഷാമം എന്ന പ്രശ്‌നംകൂടി മുന്നില്‍ക്കണ്ട് സര്‍ക്കാര്‍ കരുതലെടുക്കണമായിരുന്നു. ഇപ്പോഴത്തെ തീരുമാനം, മുന്‍ഗണനാ വിഭാഗത്തിനു പോലും വാക്‌സീന്‍ കിട്ടാത്ത സാഹചര്യമുണ്ടാക്കിയേക്കാം.
മത്സരം വന്നേക്കാം
കമ്പനികള്‍ നിശ്ചയിക്കുന്ന വിലയ്ക്കു സംസ്ഥാനങ്ങള്‍ നേരിട്ടു വാങ്ങുമ്പോള്‍ വരാവുന്ന മറ്റൊരു പ്രശ്‌നം നേരിടേണ്ടി വരുന്ന കടുത്ത മത്സരമാണ്. മറ്റു സംസ്ഥാനങ്ങള്‍ക്കു പുറമേ, സ്വകാര്യ ആശുപത്രികളും വാക്‌സീന്‍ വാങ്ങാന്‍ സര്‍ക്കാരിനോടു മത്സരിക്കും. വില കൂടുതല്‍ കിട്ടുമെന്നതിനാല്‍, സംസ്ഥാന സര്‍ക്കാരുകളെക്കാള്‍ സ്വകാര്യ ആശുപത്രികള്‍ക്കു വില്‍ക്കാനാവും കമ്പനികള്‍ക്കു താല്‍പര്യമെന്ന് മനോരമക്ക് നല്‍കിയ ലേഖനത്തില്‍ മാലിനി അഭിപ്രായപ്പെട്ടു. വാക്‌സിന്‍ ലഭ്യതയുടെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകള്‍ കൂടുതല്‍ പരുങ്ങലിലാകും.
അടുത്ത കരാറില്‍ കേന്ദ്രത്തിനുള്ള വിലപോലും കൂട്ടുമെന്നു കമ്പനികള്‍ തന്നെ പ്രഖ്യാപിക്കുന്ന സ്ഥിതിയിലേക്കു കാര്യങ്ങളെത്തി. കേന്ദ്രത്തിനായാലും സംസ്ഥാനങ്ങള്‍ക്കായാലും കമ്പനികള്‍ വില പ്രഖ്യാപിക്കുന്നത് വരാനിരിക്കുന്ന വാക്‌സീനുകളുടെ കാര്യത്തിലും തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കും.
കൈവിട്ട കുത്തക
വാക്‌സീന്‍ ഉല്‍പാദനത്തിന്റെ സാങ്കേതികവിദ്യയും ബൗദ്ധികാവകാശവും സര്‍ക്കാര്‍ വാങ്ങി കൂടുതല്‍ ഇന്ത്യന്‍ കമ്പനികള്‍ക്ക് ഉപകരാറുകള്‍ നല്‍കി ഉല്‍പാദനം വന്‍തോതില്‍ വര്‍ധിപ്പിക്കുകയാണു ചെയ്യേണ്ടിയിരുന്നത്.
ഈ ഇടപെടല്‍ നടത്തുന്നില്ലെന്നു മാത്രമല്ല, നിലവിലുള്ള കമ്പനികള്‍ക്കു കൂടുതല്‍ കുത്തകയ്ക്കു വഴിയൊരുക്കുന്നതാണ് നയത്തില്‍ വന്ന മാറ്റങ്ങള്‍. പൊതുമേഖലാ സ്ഥാപനങ്ങളെക്കൂടി ഉല്‍പാദനത്തില്‍ പങ്കാളികളാക്കാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ടെങ്കിലും അപ്പോഴും നേരിട്ടു സര്‍ക്കാര്‍ കരാറില്ല. ചുരുക്കത്തില്‍ വാക്‌സീന്‍ ഉല്‍പാദനത്തില്‍ നിലവിലെ കമ്പനികള്‍ കൂടുതല്‍ പിടിമുറുക്കിക്കഴിഞ്ഞു.
അടിയന്തരാനുമതി മാത്രമുള്ള വാക്‌സീനുകള്‍ പരമാവധി വില്‍പന വില (എംആര്‍പി) നിശ്ചയിച്ചു സ്വകാര്യ വിപണിയില്‍ വില്‍ക്കില്ലെന്നായിരുന്നു നേരത്തേയുള്ള സര്‍ക്കാര്‍ നിലപാട്. പുതിയ തീരുമാനം ഫലത്തില്‍ സ്വകാര്യ വിപണി വില്‍പന തന്നെയാണ്. ഇപ്പോള്‍ റെംഡിസിവിര്‍ ഉള്‍പ്പെടെയുള്ള മരുന്നുകള്‍ക്കായുള്ള ആളുകളുടെ നെട്ടോട്ടവും കരിഞ്ചന്ത വില്‍പനയും വാക്‌സീന്റെ കാര്യത്തിലും ആവര്‍ത്തിച്ചുകൂടെന്നില്ല. സുലഭമല്ലാത്ത വിധം, ഉയര്‍ന്ന വിലയ്ക്കു വില്‍ക്കുന്ന അപൂര്‍വ വസ്തുവായി വാക്‌സീന്‍ മാറിയാല്‍ അതും ഭയക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here