അഞ്ച് വാക്സിനുകള്‍ വികസിപ്പിച്ച് ക്യൂബ

കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും കൊവിഡ് പ്രതിരോധങ്ങള്‍ക്കായി വിവിധ രാജ്യങ്ങളിലേക്ക് ആരോഗ്യപ്രവര്‍ത്തകരെ അയച്ച ക്യൂബയില്‍ വികസിപ്പിക്കുന്നത് അഞ്ച് വാക്സിനുകള്‍. ഇവയില്‍ രണ്ടെണ്ണം മൂന്ന് പരീക്ഷണങ്ങള്‍ക്ക് ശേഷം മനുഷ്യരില്‍ കുത്തിവെക്കാന്‍ ഒരുങ്ങുകയാണ്.

അബ്ഡല, സോബറാന 2, സോബറാന 1, സോബറാന പ്ലസ്, മംബീസ എന്നിങ്ങനെയാണ് ക്യൂബയില്‍ വികസിപ്പിക്കുന്ന വാക്സിനുകള്‍. ഇതില്‍ സോബറാന 2 കൊവിഡിനെതിരെ മികച്ച ഫലം നല്‍കുമെന്നാണ് പരീക്ഷണങ്ങള്‍ സൂചിപ്പിക്കുന്നത്.അന്തിമപരീക്ഷണം മാത്രമാണ് സോബറാന 2 വിന് ഇനിയുള്ളത്. ഇത് കൂടി വിജയമായാല്‍ സ്വന്തമായി കൊവിഡ് വാക്സിന്‍ വികസിപ്പിച്ച ഏക ലാറ്റിനമേരിക്കന്‍ രാജ്യമാകും ക്യൂബ.

കൊവിഡ് ഒന്നാം തരംഗത്തില്‍ മോശമായി ബാധിച്ച സമ്പദ് വ്യവസ്ഥയെ വാക്സിനേഷന്‍ ത്വരിതമാക്കുന്നതോടെ പുനരുജ്ജീവിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് രാജ്യം. കഴിഞ്ഞയാഴ്ച 150,000 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് സോബറാന 2 എന്ന വാക്സിന്‍ കുത്തിവച്ചത്.

ക്യൂബയില്‍ നിന്ന് വാക്സിന്‍ വാങ്ങിക്കാന്‍ നിരവധി രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. അമേരിക്കയടക്കമുള്ള പശ്ചാത്യരാജ്യങ്ങളില്‍ നിന്ന് വാക്സിന്‍ വാങ്ങാന്‍ കഴിവില്ലാത്ത ദരിദ്രരാജ്യങ്ങള്‍ ക്യൂബയെ വാക്സിനായി സമീപിച്ചിട്ടുണ്ട്.100 മില്യണ്‍ ഡോസിന്റെ വാക്സിന്‍ വാര്‍ഷിക കരാറുകള്‍ ക്യൂബയുമായി നടത്താന്‍ രാജ്യങ്ങള്‍ മുന്നോട്ടുവന്നിട്ടുണ്ട്. മെക്സിക്കോയും അര്‍ജന്റീനയും ക്യൂബന്‍ വാക്സിനായി താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്.

ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള വാക്സിന്‍ പങ്കിടല്‍ പദ്ധതിയായ ‘കോവാക്സി’ല്‍ ഇല്ലാതെയാണ് ക്യൂബ അഞ്ച് വാക്സിനുകള്‍ വികസിപ്പിക്കുന്നത്. ബഹുരാഷ്ട്ര മരുന്നുനിര്‍മാണക്കമ്പനികളുമായും ക്യൂബയ്ക്ക് കരാറില്ല.

ഇനി മുതൽ കൈരളി ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാർത്തകൾക്കായി ഈ ലിങ്ക് അമർത്തൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News