കോവിഡ് പ്രതിരോധപ്രവർത്തനങ്ങളിലെ മികവ്, ക്യൂബയിലേത് വാക്സിൻ വിപ്ലവം

ലോകരാജ്യങ്ങൾ കൊവിഡ് പ്രതിസന്ധിയിൽ വിറയ്ക്കുമ്പോൾ വാക്സിൻ ഗവേഷണത്തിലും ഉത്പാദനത്തിലും പ്രതിരോധപ്രവർത്തങ്ങളിലും മുൻപന്തിയിലാണ് ക്യൂബ. ഇതിനോടകം 5 വാക്‌സിനുകളും രാജ്യം ഉല്പാദിപ്പിച്ചിട്ടുണ്ട് . കൊവിഡിന്റെ തുടക്കത്തിലെ പ്രതിരോധപ്രവർത്തന മികവിൽ കേരളത്തിനൊപ്പം പ്രശംസ ഏറ്റുവാങ്ങിയ രാജ്യം കൂടിയാണ് ക്യൂബ.

അതേസമയം,ക്യൂബയെപ്പോലെ ഏറെ പരിമിതികളുള്ള ഒരു രാജ്യത്തിന് എങ്ങനെയാണ് 5 കൊവിഡ് വാക്സീനുകൾ വികസിപ്പിച്ചതെന്നത് ഏവരും അത്ഭുതത്തോടെയാണ് നോക്കികാണുന്നത് .അസൗകര്യങ്ങളും ഇല്ലായ്മയും കൊണ്ടു വീർപ്പുമുട്ടുന്ന രാജ്യങ്ങളിലേ‍ക്ക് സ്വന്തം ആരോഗ്യവിദഗ്ധരെ വിട്ടുനൽകിക്കൊണ്ട് ക്യൂബ നടത്തുന്നത് വിപ്ലവമാണെന്ന് ഐക്യരാഷ്ട്രസംഘടന കൺസൽറ്റന്റും യുഎൻ അർബൻ ഇക്കോണമി ഫോറം സെക്രട്ടറി ജനറലുമായ അനന്ത കൃഷ്ണൻ മനോരമയ്ക്ക് നൽകിയ ലേഖനത്തിൽ പറയുന്നു.

അബ്ഡല, സോബറാന 02, സോബറാന 01, സോബറാന പ്ലസ്, മംബീസ – ചെ ഗവാരയ്ക്കും വിപ്ലവത്തിനും കൊഹിബ സിഗാറുകൾക്കും റമ്മിനും പേരുകേട്ട ക്യൂബ എന്ന കരീബിയൻ ദ്വീപുരാജ്യം വികസിപ്പിച്ചെടുത്ത 5 കൊവിഡ് വാക്സീനുകളുടെ പേരുകളാണിത്. ലാറ്റിനമേരിക്കയിലാകട്ടെ, കരീബിയൻ മേഖലയിലാകട്ടെ, കൊവിഡിനു പ്രതിരോധമരുന്നു വികസിപ്പിക്കുകയും ഉൽപാദിപ്പിക്കുകയും ചെയ്യുന്ന ഒരേയൊരു രാജ്യമാണു ക്യൂബ. ആദ്യത്തെ രണ്ടു വാക്സീനുകൾ – സോബറാന 02, അബ്ഡല – വിജയകരമായ പരീക്ഷണ കുത്തിവയ്പുകൾക്കു ശേഷം ജനങ്ങൾക്കായി ഇപ്പോൾ ലഭ്യമായിക്കഴിഞ്ഞു.

സോവ്റിൻ അഥവാ ഉദാത്തം എന്നതിന്റെ സ്പാനിഷ് വാക്കാണ് സോബറാന. അബ്ഡല എന്നത്, ക്യൂബയിൽ വീരനായക പരിവേഷമുള്ള പ്രിയങ്കരനായ കവി ഹോസെ മാർട്ടിയുടെ കൃതിയുടെ പേരും. മംബീസ ആഫ്രിക്കൻ വേരുകളുള്ള വാക്കാണ്; ഒപ്പം, 19–ാം നൂറ്റാണ്ടിൽ സ്പാനിഷ് സാമ്രാജ്യത്വ ശക്തികൾക്കെതിരെ യുദ്ധം ചെയ്ത ഗറില പോരാളികളെ സൂചിപ്പിക്കാനുള്ളതും.

വാക്സീൻ ഗവേഷണവും ഉൽപാദനവും വലിയ അഭിമാനത്തിനു വക നൽകുന്ന ഉജ്വല നേട്ടങ്ങളാണു ക്യൂബയ്ക്ക്. തങ്ങളുടെ ആരോഗ്യസംവിധാനത്തിന്റെ കരുത്ത് രാജ്യത്തിനുള്ളിലും രാജ്യാന്തരതലത്തിലും പല കാലങ്ങളായി ക്യൂബ തെളിയിച്ചുകൊണ്ടിരിക്കുന്നതാണ്. ചികിത്സയ്ക്കുള്ള അവശ്യസാമഗ്രികളുടെ പോലും ഇറക്കുമതിക്കു കടിഞ്ഞാണിട്ടുകൊണ്ട് ആറു പതിറ്റാണ്ടു നീണ്ട അമേരിക്കൻ ഉപരോധങ്ങൾക്കിടയിലാണിത്. അസൗകര്യങ്ങളും ഇല്ലായ്മയും കൊണ്ടു വീർപ്പുമുട്ടുന്ന രാജ്യങ്ങളിലേ‍ക്ക് സ്വന്തം ആരോഗ്യവിദഗ്ധരെ വിട്ടുനൽകിക്കൊണ്ടുതന്നെ ക്യൂബ നടത്തുന്ന വിപ്ലവമാണിത്.

കാസ്ട്രോയും ചെയും ആരോഗ്യ വിപ്ലവവും

ആരോഗ്യ പരിചരണവും സൗജന്യ വിദ്യാഭ്യാസവും എല്ലാവർക്കും ഉറപ്പാക്കുകയെന്നത് 1959നു ശേഷം ഫിദൽ കാസ്ട്രോയും ചെ ഗവാരയും നയിച്ച വിപ്ലവത്തിന്റെ നെടുംതൂണുകളായി മാറിയ ലക്ഷ്യങ്ങളായിരുന്നു. ചെ ഗവാര ഒരു ഡോക്ടർ കൂടിയായിരുന്നല്ലോ. ക്യൂബയിലെ ആയുർദൈർഘ്യം യുഎസിലേതിനെക്കാളും ഉയർന്നതാണെന്ന് ടൈം മാഗസിൻ പറയുന്നു. ഡോക്ടർമാരുടെ ആളോഹരി എണ്ണമാകട്ടെ, യുഎസിലേതിനെക്കാളും മൂന്നിരട്ടിയിലേറെയും.

ക്യൂബയുടെ രാജ്യാന്തരക്ഷേമ വീക്ഷണവും നിസ്വാർഥസേവനത്തിലൂടെ ക്യൂബൻ ഡോക്ടർമാർ പങ്കുവയ്ക്കുന്ന ഐകദാർഢ്യവും പ്രയോജനപ്പെടുത്തിയിട്ടുള്ളത് അറുപതിലേറെ വികസ്വര രാജ്യങ്ങളാണ്. ഈ പ്രവർത്തനപരിചയത്തിലൂന്നിയാകണം, കൊവിഡ് കാലത്ത് പ്രതിരോധ പ്രവർത്തനങ്ങളുമായി ആഗോളതലത്തിൽത്തന്നെ ഏറ്റവും സജീവമായി രംഗത്തുള്ളവരുടെ മുൻപന്തിയിൽ ക്യൂബൻ ആരോഗ്യപ്രവർത്തകരുണ്ട്. കഴിഞ്ഞ വർഷം ഇറ്റലിയിലെ അതിരൂക്ഷ പ്രതിസന്ധികാലത്ത് അതിവേഗം ആരോഗ്യവിദഗ്ധരെ അയച്ചത് ചികിത്സാരംഗത്തു ക്യൂബയുടെ സഹകരണ മനോഭാവത്തിന്റെ ഉത്തമ മാതൃകയായിരുന്നു.

ക്യൂബയും കേരളവും

കൊവിഡിന്റെ തുടക്കത്തിലെ പ്രതിരോധപ്രവർത്തന മികവിൽ ക്യൂബയും കേരളത്തെപ്പോലെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സർ‍ക്കാർ സംവിധാനങ്ങൾ വിന്യസിച്ചുള്ള ക്ഷേമപ്രവർത്തനങ്ങളാണു വേണ്ടതെന്ന വികസന നിലപാടുള്ള ഭരണകൂടങ്ങളാണു രണ്ടിടത്തും. പക്ഷേ, ജോലിസംബന്ധമായും അവശ്യസാധനങ്ങൾ വാങ്ങാനായും മറ്റും ജനങ്ങൾക്കു പുറത്തിറങ്ങേണ്ടി വന്നതോടെ കോവിഡ് ആദ്യഘട്ടത്തിലെ പ്രതിരോധ നേട്ടം അധികകാലം നീണ്ടില്ല. കൊവിഡ് ബാധിതരുടെ എണ്ണവും ആശുപത്രിസേവനം ആവശ്യമായി വരുന്നവരുടെ എണ്ണവും കുത്തനെ കൂടിയിരിക്കുന്ന ഈ ഘട്ടത്തിൽ ശ്രദ്ധ മുഴുവൻ വാക്സീനുകളിലേക്കു മാറിയിരിക്കുന്നു.

പരിമിതിക്കിടയിലെ വാക്സീൻ യജ്ഞം

ക്യൂബയെപ്പോലെ ഏറെ പരിമിതികളുള്ള ഒരു രാജ്യത്തിന് എങ്ങനെയാണ് 5 കൊവിഡ് വാക്സീനുകൾ വികസിപ്പിച്ചെടുക്കാൻ സാധിച്ചതെന്ന് ആരും അദ്ഭുതപ്പെട്ടുപോകും; അതും ഇത്ര വേഗത്തിൽ. ലോകാരോഗ്യ സംഘടനയുടെ നേതൃത്വത്തിലുള്ള വാക്സീൻ പങ്കിടൽ പദ്ധതിയായ ‘കോവാക്സി’ൽ ക്യൂബയില്ലതാനും. ബഹുരാഷ്ട്ര മരുന്നുനിർമാണക്കമ്പനികൾക്കു മുന്നിൽ വാക്സീനുവേണ്ടി ഇതുവരെ കൈ നീട്ടിയിട്ടുമില്ല.

1980കൾ മുതൽ നാൽപതിലേറെ രാജ്യങ്ങളിലേക്കു ക്യൂബൻ മരുന്നുകമ്പനികൾ പലതരം പ്രതിരോധമരുന്നുകൾ കയറ്റുമതി ചെയ്തിട്ടുണ്ട്. മസ്തിഷ്കജ്വരം, ഹെപ്പറ്റൈറ്റിസ് ബി, ശ്വാസകോശാർബുദം തുടങ്ങിയവയ്ക്കുള്ള കുത്തിവയ്പുകളും ഇതിൽ ഉൾപ്പെടുന്നു. മെനിഞ്ചൈറ്റിസ് പ്രതിരോധമരുന്നു വിതരണത്തിൽ നോർവെയ്ക്കൊപ്പം പങ്കാളിയായിരുന്നിട്ടുമുണ്ട്.

ഹെയ്റ്റിയിൽ 2010ലെ ഭൂകമ്പദുരന്തത്തിനു പിന്നാലെ കോളറ വ്യാപിച്ചപ്പോൾ ക്യൂബൻ ഡോക്ടർമാർ അവിടെയെത്തി. 2013– 16 കാലത്ത് എബോള പടർന്നുപിടിച്ച പടിഞ്ഞാറൻ ആഫ്രിക്കയിലും അവർ ഓടിയെത്തി.

സർക്കാർ പദ്ധതി, അണിചേർന്ന് നാട്

ക്യൂബയിൽ വാക്സീൻ ഗവേഷണവും നിർമാണവും പൂർണമായും സർക്കാർ ധനസഹായത്തോടെയാണ്. ഹവാനയിലെ ഫിൻലേ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാക്സീൻസ് (ഐഫ്‍‌വി), സെന്റർ ഫോർ ജനറ്റിക് എൻജിനീയറിങ് ആൻഡ് ബയോടെക്നോളജി എന്നിങ്ങനെ രാജ്യത്തെ മികച്ച ഗവേഷണസ്ഥാപനങ്ങൾ ഈ പദ്ധതികളിൽ പങ്കാളികളായി സ്രോതസ്സുകളും വിജ്ഞാനവും പങ്കുവയ്ക്കുന്നു. ഗവേഷണവും നിർമാണവും പരീക്ഷണവും വിതരണവും മികവോടെ അതിവേഗം പൂർത്തീകരിക്കുകയാണു ലക്ഷ്യം. എല്ലാ ആരോഗ്യപ്രവർത്തകർക്കും വാക്സീൻ നൽകിക്കഴിഞ്ഞു. സോബറാന 02 വാക്സീന്റെ ആദ്യ 10 ലക്ഷം ഡോസുകൾ ഏപ്രിൽ അവസാനത്തോടെ വിതരണം ചെയ്യാനാകുമെന്നു വാർത്താ ഏജൻസികൾ റിപ്പോർട്ടു ചെയ്യുന്നു. ഈ വർഷം സോബറാന 02 വാക്സീന്റെ 10 കോടി ഡോസുകൾ ഉൽപാദിപ്പിക്കാനാണ് ക്യൂബ ലക്ഷ്യമിടുന്നത്.

ഈ വർഷമാദ്യം ക്യൂബയും ഇറാനും തമ്മിൽ വാക്സീൻ സഹകരണത്തിനു ധാരണയായിരുന്നു. ഇറാന്റെ കൊവിഡ് വാക്സീൻ പദ്ധതിക്കുവേണ്ടി സോബറാന 02 വാക്സീൻ സാങ്കേതികത കൈമാറുന്നതാണിത്. ഇറാനിലെ പാസ്ചർ ഇൻസ്റ്റിറ്റ്യൂട്ടുമായി ഹവാനയിലെ ഫിൻലേ ഇൻസ്റ്റിറ്റ്യൂട്ടാണു സഹകരിക്കുന്നത്. ഇറാനിൽ വാക്സീൻ പരീക്ഷണം അന്തിമഘട്ടത്തിലാണ്. ക്യൂബയുമായി സമാനധാരണയ്ക്കായി മെക്സിക്കോ ഉൾപ്പെടെ ഒട്ടേറെ വികസ്വര രാജ്യങ്ങൾ ശ്രമിക്കുകയാണ്.

ഇന്ത്യയുടെ സാധ്യത

ലോകത്തിലെതന്നെ ഏറ്റവും വലിയ വാക്സീൻ ഉൽപാദകരാണ് ഇന്ത്യയെങ്കിലും യുഎസിൽനിന്നും യൂറോപ്പിൽനിന്നും അസംസ്കൃത വസ്തുക്കൾ ലഭിക്കുന്നതുൾപ്പെടെയുള്ള പ്രശ്നങ്ങൾ തരണം ചെയ്യാനുണ്ട്. ഇന്ത്യയിൽ എല്ലാവർക്കും വാക്സീൻ ലഭ്യത ഉറപ്പുവരുത്തുന്നതും അതിനൊപ്പം മറ്റു വികസ്വര രാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതുമെല്ലാം കാലമേറെയെടുക്കുന്ന പ്രയത്നമാണ്. സ്ഥിതി ഇങ്ങനെയായിരിക്കെ, ക്യൂബയുമായുള്ള സഹകരണം രണ്ടു കൂട്ടർക്കും പ്രയോജനപ്പെടും. ഇതിനായി അതിവേഗം തീരുമാനമെടുക്കേണ്ടി വരും. സമയമാണ് ഏറ്റവും പ്രധാനം. ആളുകൾ തമ്മിൽ അകലം പാലിക്കുന്നതു പ്രായോഗികമല്ലാത്ത ഇടങ്ങളിൽ മഹാമാരി മൂലം ലക്ഷക്കണക്കിനു ജീവനുകളാണു പൊലിയുന്നത്.

മഹാമാരി മൂലമുള്ള സാമ്പത്തിക മുരടിപ്പും ടൂറിസം രംഗത്തെ പ്രതിസന്ധിയും മൂലം കഷ്ടത്തിലായ ക്യൂബയ്ക്ക് സ്വന്തം ജനങ്ങൾക്കും വികസ്വര രാജ്യങ്ങളിലെ ജനങ്ങൾക്കും വേണ്ടി വാക്സീൻ ഉൽപാദിപ്പിക്കാൻ ഇപ്പോൾ ഏറ്റവും ആവശ്യമായിട്ടുള്ളതു ധനസഹായമാണ്. വാക്സീൻ ഉൽപാദനത്തിലും വിതരണത്തിലും വേഗം ഉറപ്പാക്കാൻ ഇന്ത്യ – ക്യൂബ പങ്കാളിത്തം സഹായകമാകും. ഇരു രാജ്യങ്ങളും ചേരിചേരാ മുന്നേറ്റത്തിന്റെ ഭാഗമാണെന്നു മാത്രമല്ല, വിവിധ വിഷയങ്ങളിൽ സുദീർഘകാലമായി സമാനഹൃദയം പങ്കിടുന്നവരുമാണ്. ഇന്ത്യ – ക്യൂബ സഹകരണം സാധ്യമായാൽ, അഭേദ്യമായ കൊവിഡ് ഭിത്തി കടന്ന് വാക്സീൻ പ്രകാശം പരക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News