കൊവിഡ്: കര്‍ണാടകയില്‍ നിയന്ത്രണം കടുപ്പിച്ചു; വയനാട്ടില്‍ നിന്ന് ചരക്കുവാഹനങ്ങള്‍ക്ക് മാത്രം അതിര്‍ത്തി കടക്കാം

കൊവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന കര്‍ണാടകയില്‍ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിട്ടുള്ളത്.സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്കാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിട്ടുള്ളത്. ഇക്കാരണത്താല്‍ തന്നെ വയനാട്ടില്‍ നിന്നുള്ള ചരക്കുവാഹനങ്ങള്‍ക്ക് മാത്രമെ ഇനി മുതല്‍ പ്രവേശന അനുമതി നല്‍കൂ. കര്‍ണാടക അധികൃതരില്‍ നിന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് വയനാട് ജില്ലാ പൊലീസ് മേധാവി ഡോ. അരവിന്ദ് സുകുമാര്‍ ആണ് ഇക്കാര്യമറിയിച്ചത്.

ഇതോടെ കര്‍ണാടകയിലേക്കും കര്‍ണാടക വഴി മറ്റു സംസ്ഥാനങ്ങളിലേക്കുമുള്ള ബസ് സര്‍വ്വീസുകള്‍ അടക്കം നിര്‍ത്തിവെക്കേണ്ടിവരും. പൊതു-സ്വകാര്യ വാഹനങ്ങള്‍ക്ക് സംസ്ഥാന അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ മുത്തങ്ങ, ബാവലി, തോല്‍പ്പെട്ടി വഴി കര്‍ണാടകയിലേക്ക് പോകാന്‍ അനുമതി ഉണ്ടായിരിക്കില്ല. അതേ സമയം അടിയന്തര ആവശ്യങ്ങള്‍ക്കായി മതിയായ രേഖകളോടെ കര്‍ണാടകയിലേക്ക് വാഹനങ്ങള്‍ക്ക് പോകാന്‍ സാധിക്കുമെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

കൊവിഡ് വ്യാപനം ശക്തമാകുന്നതിനിടെ മാനദണ്ഡങ്ങള്‍ ലംഘിച്ചതിന് ജില്ലയിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഇതുവരെ 7868 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1802 പേരെ അറസ്റ്റ് ചെയ്തു. 3988 വാഹനങ്ങള്‍ പിടിച്ചെടുത്തു. 148 കേസുകള്‍ ക്വാറന്റൈന്‍ ലംഘിച്ചതിനാണ്. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 27,803 പേര്‍ക്കെതിരെയും, സാമൂഹിക അകലം പാലിക്കാത്തതിന് 6,044 പേര്‍ക്കെതിരെയും പെറ്റി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും ബോധവല്‍ക്കരണത്തിന്റെ ഭാഗമായി 1,33,700 ഓളം ആളുകള്‍ക്ക് താക്കീത് നല്‍കിയിട്ടുണ്ടെന്നും ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News