
എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ഉറപ്പാക്കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിറം ഇന്‍സ്റ്റിട്ട്യൂട്ടില്‍ നിന്ന് 70 ലക്ഷം ഡോസ് വാക്‌സിന്‍ അടുത്ത മൂന്നു മാസത്തേയ്ക്ക് വാങ്ങാനാണ് തീരുമാനമെന്നും ഇതിന് 294 കോടി രൂപ ചെലവു വരുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
400 രൂപയാണ് ഒരു ഡോസിന് അവര്‍ ഈടാക്കുന്ന വില. പുറമേ അഞ്ച് ശതമാനം ജി.എസ്.ടി.യും വരും. ഭാരത് ബയോടെക്കില്‍ നിന്ന് അടുത്ത മൂന്നു മാസത്തേയ്ക്ക് 30 ലക്ഷം ഡോസാണ് വാങ്ങുന്നത്. ഒരു ഡോസിന് 600 രൂപാ നിരക്കില്‍ ജി.എസ്.ടി. ഉള്‍പ്പടെ 189 കോടി രൂപ ചെലവു വരും.
വാക്‌സിന്റെ വില സംബന്ധിച്ച് ഹൈക്കോടതിയിലും സുപ്രീം കോടതിയിലും കേസുകള്‍ നിലവിലുണ്ട്. ഈ കേസുകളിലെ തീര്‍പ്പിന് വിധേയമായിട്ടായിരിക്കും സംസ്ഥാനം വാക്‌സിന്‍ വാങ്ങുന്നത്. വാക്‌സിന് ഓര്‍ഡര്‍ കൊടുക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാക്കും. മുഖ്യമന്ത്രി വ്യക്തമാക്കി.
18 നും 45 നും ഇടയ്ക്ക് പ്രായമുള്ളവര്‍ക്കു കൂടി വാക്‌സിന്‍ സൗജന്യമായി നല്‍കാന്‍ കഴിയുന്ന രീതിയില്‍ കേന്ദ്രസര്‍ക്കാരിന്റെ വാക്‌സിന്‍ നയം ഭേദഗതി ചെയ്യണമെന്ന് കേന്ദ്രത്തോട് ഒരിക്കല്‍ കൂടി ആവശ്യപ്പെടാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
കേന്ദ്ര സര്‍ക്കാരിനും സംസ്ഥാനങ്ങള്‍ക്കും നല്‍കുമ്പോള്‍ വ്യത്യസ്ത വില ഈടാക്കുന്നതിന് രാജ്യത്തെ രണ്ട് വാക്‌സിന്‍ നിര്‍മ്മാണ കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുകയാണ്. ഈ നയവും തിരുത്തണം. കേന്ദ്രത്തിനു നല്‍കുന്ന അതേ വിലയ്ക്ക് സംസ്ഥാനങ്ങള്‍ക്കും വാക്‌സിന്‍ ലഭിക്കും എന്ന് ഉറപ്പാക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടും.
ദ്രവീകൃത മെഡിക്കല്‍ ഓക്‌സിജന്റെ ശേഖരം സംസ്ഥാനത്തെ ആവശ്യങ്ങള്‍ക്ക് ഇപ്പോള്‍ പര്യാപ്തമാണ്. എന്നാല്‍ കോവിഡിന്റെ അതിതീവ്ര വ്യാപനം മൂലം നമ്മുടെ ആവശ്യം വളരെയേറെ വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ട്. അതുകൊണ്ട് സംസ്ഥാനത്തിന്റെ ആവശ്യത്തില്‍ കൂടുതല്‍ വരുന്ന മെഡിക്കല്‍ ഓക്‌സിന്‍ മാത്രമേ പുറത്തേയ്ക്ക് അയക്കാന്‍ പാടുള്ളുവെന്നും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.
സുപ്രീം കോടതിയിലും ഹൈക്കോടതിയിലും നിലവിലുള്ള കേസുകളില്‍ സര്‍ക്കാരിന്റെ ഇതുസംബന്ധിച്ച നിലപാടുകള്‍ അറിയിക്കാനും തീരുമാനിച്ചുവെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇനി മുതൽ കൈരളി ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാർത്തകൾക്കായി ഈ ലിങ്ക് അമർത്തൂ

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here