പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം അയ്യായിരം പിന്നിട്ട് എറണാകുളം ജില്ല

പ്രതിദിന കൊവിഡ് രോഗബാധിതരുടെ എണ്ണം അയ്യായിരം പിന്നിട്ട് എറണാകുളം ജില്ല. രോഗ വ്യാപന തോത് വര്‍ധിക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കുകയാണ് ജില്ലാ ഭരണകൂടവും ആരോഗ്യ വകുപ്പും. അതേസമയം, ജില്ലയ്ക്ക് ആശ്വാസമായി ഇരുപതിനായിരം ഡോസ് വാക്‌സിന്‍ എത്തി.

മെട്രോ നഗരത്തിലെ കോവിഡ രോഗവ്യാപനം വലിയ ആശങ്കയാണ് ആരോഗ്യവകുപ്പിനും ജില്ലാ ഭരണകൂടത്തിനും സൃഷ്ടിക്കുന്നത്. 5287 പേര്‍ക്ക് ഒറ്റ ദിവസം രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ ജില്ലയിലെ എണ്ണം 43853 ആയി. ഇരുപതിനായിരം ഡോസ് വാക്്‌സിനാണ് ജില്ലയ്ക്ക് ലഭിച്ചത്. ഇതില്‍ സ്വകാര്യ ആശുപത്രികള്‍ക്ക് നേരത്തെ അനുവദിച്ച അളവില്‍ വാക്‌സിന്‍ നല്‍കും. വാക്‌സിന്‍ വിതരണം സര്‍ക്കാര്‍ ആശുപത്രികളിലൂടെ നടത്താനാണ് ആരോഗ്യവകുപ്പ് ശ്രദ്ധ നല്‍കുന്നത്.

കൊവിഡിന്റെ രണ്ടാം തരംഗം ആഞ്ഞടിക്കുമ്പോള്‍ ജില്ലയില്‍ വാക്‌സിന്‍ വിതരണം നിലച്ചത് വലിയ തിരിച്ചടി ആണ് ആരോഗ്യ വകുപ്പിനും ജില്ലാ ഭരണകൂടത്തിനും സൃഷ്ടിച്ചിട്ടുള്ളത്. നിലവില്‍ ജില്ലയില്‍ ഒരുക്കിയിരിക്കുന്ന സംവിധാനങ്ങള്‍ മതിയാകാതെ വന്നാല്‍ കൂടുതല്‍ കേന്ദ്രങ്ങള്‍ സജ്ജമാക്കാന്‍ ആവശ്യമായ നടപടികളുമായി ജില്ലാ ഭരണകൂടം മുന്നോട്ട് പോകുകയാണ്.

കളമശ്ശേരി മെഡിക്കല്‍ കോളേജിലെ ഓക്‌സിജന്‍ പ്ലാന്റ് രണ്ട് ദിവസത്തിന് അകം പ്രവര്‍ത്തന സജ്ജമാകുമെന്ന് ജില്ലാ കളക്ടര്‍ എസ് സുഹാസ് അറിയിച്ചു. ജില്ലയിലെ ഇരുപതില്‍ അധികം പഞ്ചായത്തുകളില്‍ കൂടി നിയന്ത്രണം കടുപ്പിക്കാന്‍ ആണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം.

അതിഥി തൊഴിലാളികള്‍ക്ക് സഹായത്തിനായി കണ്‍ട്രോള്‍ റൂമും എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സ്വകാര്യ മേഖലയിലെ ആശുപത്രികളുടെ കൂടി സഹകരണത്തോടെ ഇതിനോടകം 424 ഐസിയു ബെഡുകളും 4527 ഓക്‌സിജന്‍ ബെഡുകളും സജ്ജമാക്കിയിട്ടുണ്ട്. കൊച്ചി നഗരത്തിലും വിവിധ നഗരസഭകളിലും ആണ് രോഗവ്യാപനം തീവ്രമായിരിക്കുന്നത്.

ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുതിച്ചുയരുന്ന സാഹചര്യം നിലനില്‍ക്കുന്നതിനാല്‍ വരും ദിവസങ്ങളിലും കൂടുതല്‍ രോഗ ബാധ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ ഇടയുണ്ട്. പരിശോധനകളുടെ എണ്ണം വര്‍ധിച്ചത് കൊണ്ടാണ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചത് എന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നുമാണ് ആരോഗ്യവകുപ്പും ജില്ലാ ഭരണകൂടവും അറിയിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel