
വൈഗ കൊലക്കേസില്‍ വൈഗയുടെ അമ്മയെ ചോദ്യം ചെയ്ത് വിട്ടയച്ചു. പ്രതിയായ സനു മോഹന്റെ ഒപ്പമിരുത്തി എട്ട് മണിക്കൂറോളം ആണ് കുട്ടിയുടെ അമ്മയെ ചോദ്യം ചെയ്തത്. സനു മോഹന്റ പണമിടപാടുകളെ സംബന്ധിച്ച് കൂടുതലായി തനിക്കൊന്നും അറിയില്ലെന്നാണ് സനുമോഹന്റെ ഭാര്യ രമ്യ പൊലീസിനോട് പറഞ്ഞത്.
സനു മോഹന്‍ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യത്തെ തുടര്‍ന്നാണ് പൊലീസ് ഭാര്യ രമ്യയെ ചോദ്യം ചെയ്തത്. തൃപ്പൂണിത്തുറ ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് എട്ട് മണിക്കൂര്‍ നേരമാണ് സനു മോഹനെ ഒപ്പമിരുത്തി രമ്യയെ ചോദ്യം ചെയ്തത്.
രാവിലെ പതിനൊന്നു മണിക്ക് തുടങ്ങിയ ചോദ്യം ചെയ്യല്‍ വൈകിട്ട് എഴരക്കാണ് അവസാനിച്ചത്. ആദ്യം സനുമോഹന്റെ ഭാര്യ രമ്യയെ ചോദ്യം ചെയ്തു. തുടര്‍ന്നാണ് ഇരുവരെയും ഒരുമിച്ചിരുത്തി ഒന്നര മണിക്കൂറോളം ചോദ്യം ചെയ്തത്. പൂണെയില്‍ ബിസിനസ് നടത്തിയാണ് സനു മോഹന് സാമ്പത്തിക ബാധ്യത ഉണ്ടായത് എന്നും കൂടുതല്‍ കാര്യങ്ങള്‍ തനിക്കറിയില്ല എന്നുമാണ് രമ്യ അന്വേഷണ സംഘത്തോട് പറഞ്ഞത്.
വൈഗയെ കൊല്ലാന്‍ സാമ്പത്തിക പ്രശ്‌നമല്ലാതെ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ നിന്നും കാക്കനാട്ടെ ഫ്‌ലാറ്റിലേക്ക് വൈഗയുമായി വന്നപ്പോള്‍ ഭാര്യയെ ഒഴിവാക്കിയതിനെ കുറിച്ചും പൊലീസ് ചോദിച്ചു. ചോദ്യം ചെയ്തതില്‍ നിന്നും സനു മോഹന്‍ നല്‍കിയ മൊഴിയിലെ അവ്യക്തത നീങ്ങിയതായി പോലീസ് വ്യക്തമാക്കി.
ഇവര്‍ക്കിടിയിലുള്ള ഏതെങ്കിലും കുടുംബ പ്രശ്‌നം വൈഗയെ കൊലപ്പെടുത്തുന്നതിന് കാരണമായോ എന്നും പൊലീസ് പരിശോധിച്ചിട്ടുണ്ട്. സനു മോഹന്റെ ബന്ധുക്കളില്‍ ചിലരെയും ചോദ്യം ചെയ്യാനായി വിളിപ്പിച്ചിരുന്നു. ഇന്ന് വൈകീട്ട് നാല് മണിയോടെ സനു മോഹന്റെ കസ്റ്റഡി കാലാവധി അവസാനിക്കാനിരിക്കെ സനു മോഹനെ നാലു ദിവസം കൂടെ കസ്റ്റഡിയില്‍ വിട്ടു കിട്ടണം എന്നാവശ്യപ്പെട്ട് പൊലീസ് കോടതിയില്‍ അപേക്ഷ നല്‍കും.
കേരളത്തിലെ തെളിവെടുപ്പ് പൂര്‍ത്തിയാകാത്തതിനാലാണ് കൂടുതല്‍ ദിവസം ആവശ്യപ്പെടുന്നത്. വൈഗ കൊല്ലപ്പെട്ട ദിവസം ആലപ്പുഴ തൃക്കുന്നപ്പുഴയില്‍ നിന്ന് സാനു വൈഗയുമായി കാക്കനാട്ടെ ഫ്ളാറ്റിലേക്ക് വരുന്നതിനിടെ ഭക്ഷണം വാങ്ങിയ അരൂരിലെ ബേക്കറിയിയിലും രമ്യയുടെ സഹോദരിയുടേതടക്കം മൂന്ന് വീടുകളിലും ഇനി തെളിവെടുപ്പ് നടത്താനുണ്ട്. തമിഴ്‌നാട്, കര്‍ണാടക, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ തെളിവെടുപ്പ് ഇതിനോടകം പൂര്‍ത്തിയായിട്ടുണ്ട്.
ഇനി മുതൽ കൈരളി ന്യൂസ് ഓൺലൈൻ വാർത്തകൾ വാട്സ്ആപ് ഗ്രൂപ്പിലും ലഭ്യമാണ്.വാർത്തകൾക്കായി ഈ ലിങ്ക് അമർത്തൂ

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here