ചെന്നൈ സൂപ്പര്‍കിങ്‌സിന് ഏഴു വിക്കറ്റ് വിജയം; സീസണിലെ തുടര്‍ച്ചയായ അഞ്ചാം ജയം

ഐപിഎല്ലില്‍ കഴിഞ്ഞ സീസണിലേറ്റ തിരിച്ചടിക്ക് കണക്കുതീര്‍ത്ത് കുതിപ്പ് തുടരുകയാണ് ചെന്നൈ സൂപ്പര്‍ കിങ്സ്. ആദ്യ മത്സരത്തില്‍ ഡല്‍ഹിയോട് തോറ്റ ശേഷം പിന്നീട് ചെന്നൈക്ക് തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. ഇന്നലെ സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഏഴു വിക്കറ്റ് ജയത്തിലൂടെ പോയിന്റ് ടേബിളില്‍ മേധാവിത്വമുറപ്പിച്ചാണ് സിഎസ്‌കെയുടെ കുതിപ്പ്. ഈ സീസണിലെ തുടര്‍ച്ചയായ അഞ്ചാം ജയമാണിത്.

കളംനിറഞ്ഞ് ഫാഫ്-ഗെയ്ക്ക് സഖ്യം സണ്‍റൈസേഴ്സ് ഉയര്‍ത്തിയ 172 റണ്‍സ് വിജയലക്ഷ്യം ഒന്‍പതു പന്തുകള്‍ ബാക്കിനില്‍ക്കെയാണ് ചെന്നൈ മറികടന്നത്. ഒരിക്കല്‍ കൂടി സെഞ്ച്വറി കൂട്ടുകെട്ടുമായി കളംനിറഞ്ഞുകളിച്ച ഓപണിങ് ജോഡി ഫാഫ് ഡുപ്ലെസി-ഋതുരാജ് ഗെയ്ക്ക്വാദ് സഖ്യമാണ് ചെന്നൈയുടെ വിജയം എളുപ്പമാക്കിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹൈദരാബാദില്‍ നായകന്‍ ഡെവിഡ് വാര്‍ണര്‍ ടച്ചിലെത്താന്‍ ഏറെ പ്രയാസപ്പെടുന്നത് കാണാമായിരുന്നു. മികച്ച ഫോമിലുള്ള ജോണി ബെയര്‍സ്റ്റോയെ തുടക്കത്തിലേ സാം കറന്‍ പറഞ്ഞയച്ചു. മൂന്നാമനായെത്തിയ മനീഷ് പാണ്ഡെയും വാര്‍ണറും ചേര്‍ന്നുണ്ടാക്കിയ സെഞ്ച്വറി കൂട്ടുകെട്ട് ഒരു ഘട്ടത്തില്‍ ഹൈദരാബാദിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിക്കുമെന്നു കരുതപ്പെട്ടിരുന്നു.

മനീഷ് പാണ്ഡെ നേരിട്ട ആദ്യ പന്തുമുതല്‍ തന്നെ ആക്രമണമൂഡിലായിരുന്നെങ്കിലും മറുവശത്ത് നായകന്റെ ഇന്നിങ്സ് ഇഴഞ്ഞിഴഞ്ഞായിരുന്നു. 106 റണ്‍സിന്റെ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് ഉയര്‍ത്തിയാണ് സഖ്യം പിരിഞ്ഞത്. വാര്‍ണര്‍ 55 പന്തില്‍ മൂന്നു ഫോറും രണ്ടു സിക്സും സഹിതം 57 റണ്‍സും പാണ്ഡെ 46 പന്തില്‍ അഞ്ച് ഫോറും ഒരു സിക്സും സഹിതം 61 റണ്‍സും സ്വന്തമാക്കി. പിന്നീട് ഭേദപ്പെട്ട സ്‌കോറിനുള്ള സാധ്യതയും മങ്ങുന്നതിനിടെ അവസാന ഓവറുകളില്‍ കെയിന്‍ വില്യംസണ്‍(10 പന്തില്‍ നാല് ഫോറും ഒരു സിക്സും സഹിതം 26 റണ്‍സ്) ആഞ്ഞടിച്ചതോടെയാണ് ഹൈദരാബാദ് വിജയ പ്രതീക്ഷയുള്ള ടോട്ടലിലെത്തിയത്. കേഥാര്‍ ജാധവു(നാല് പന്തില്‍ ഒരു സിക്സും ഒരു ഫോറും സഹിതം 12 റണ്‍സ്)മായി ചേര്‍ന്ന് നാലാം വിക്കറ്റില്‍ 13 പന്തില്‍നിന്ന് 37 റണ്‍സാണ് സണ്‍റൈസേഴ്സ് നേടിയത്. ചെന്നൈ ബൗളിങ് നിരയില്‍ ലുംഗി എന്‍ഗിഡി രണ്ടു വിക്കറ്റും സാം കറന്‍ ഒരു വിക്കറ്റും നേടി.

മറുപടി ബാറ്റിങ്ങില്‍ ഒരു ഘട്ടത്തിലും പിടിനല്‍കാതെ വിജയലക്ഷ്യത്തിലേക്ക് കുതിക്കുകയായിരുന്നു ഫാഫ്-ഗെയ്ക്ക്വാദ് സഖ്യം. പവര്‍പ്ലേ മുതല്‍ ആക്രമണമൂഡിലായിരുന്ന ഡൂപ്ലെസി മികച്ച ഫോം മാറ്റമില്ലാതെ തുടര്‍ന്നപ്പോള്‍ ഗെയ്ക്ക്വാദിന്റേത് പതിഞ്ഞ തുടക്കമായിരുന്നു. ബൗളര്‍മാരെ മാറ്റിമാറ്റി പരീക്ഷിച്ചിട്ടും സഖ്യം പിരിക്കാന്‍ ഹൈദരാബാദിനായില്ല. ഇതിനിടെ ഡൂപ്ലെസിയും ഗെയ്ക്ക്വാദും അര്‍ധ സെഞ്ച്വറിയും പിന്നിട്ടു. റാഷിദ് ഖാനെയടക്കം തുടര്‍ച്ചയായി അതിര്‍ത്തികടത്തി ഗെയ്ക്ക്വാദ് കൂടുതല്‍ അപകടകാരിയാകുന്നതാണ് പിന്നീട് കണ്ടത്.

13-ാമത്തെ ഓവറില്‍ റാഷിദ് ഖാന്‍ ഗെയ്ക്ക്വാദിനെ ബൗള്‍ഡ് ആക്കിയപ്പോഴാണ് ഹൈദരാബാദ് സംഘത്തിന് നേരിയ ശ്വാസമെങ്കിലും താഴെവീണത്. 44 പന്തില്‍ 12 ഫോറുകളുമായി 75 റണ്‍സാണ് ഗെയ്ക്ക്വാദിന്റെ സമ്പാദ്യം. സഖ്യം പിരിയുമ്പോള്‍ ഫാഫും ഗെയ്ക്ക്വാദും ചേര്‍ന്ന് 78 പന്തില്‍നിന്ന് 129 റണ്‍സാണ് അടിച്ചെടുത്തത്. തൊട്ടടുത്ത ഓവറില്‍ ഡൂപ്ലെസിയെയും(38 പന്തില്‍ ആറു ഫോറും ഒരു സിക്സും സഹിതം 56 റണ്‍സ്), മോയിന്‍ അലിയെയും(എട്ടു പന്തില്‍ മൂന്നു ഫോറുകള്‍ സഹിതം 15 റണ്‍സ്) പുറത്താക്കി റാഷിദ് ഖാന്‍ വീണ്ടും സണ്‍റൈസേഴ്സിന് പ്രതീക്ഷ നല്‍കിയെങ്കിലും തുടര്‍ന്ന് വന്ന രവീന്ദ്ര ജഡേജയും(7), സുരേഷ് റെയ്നയും(17) ചേര്‍ന്ന് ചെന്നൈയുടെ വിജയം പൂര്‍ണമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News