ഐപിഎല്ലിൽ വീണ്ടും കൊഴിഞ്ഞുപോക്ക്; അമ്പയർമാരായ നിതിൻ മേനോനും പോൾ റൈഫലും നാട്ടിലേക്ക് മടങ്ങി

ഇന്ത്യയിൽ കൊവിഡ് ഭീഷണി രൂക്ഷമാകുന്നതിനിടെ ഐപിഎല്ലിൽനിന്ന് കൊഴിഞ്ഞുപോക്ക് തുടരുന്നു. അമ്പയർമാരായ നിതിൻ മേനൻ, പോൾ റൈഫൽ എന്നിവരാണ് അവസാനമായി ടൂർണമെന്റ് ഉപേക്ഷിച്ച് കുടുംബത്തോടൊപ്പം ചേർന്നിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാണ് ഇരുവരും ടൂർണമെന്റ് പാതിവഴിയിൽ വിടാനുള്ള കാരണമായി പറഞ്ഞിട്ടുള്ളത്.

ഇന്ത്യയുടെ ഏറ്റവും മികച്ച അമ്പയർമാരിൽ ഒരാളാണ് ഇൻഡോർ സ്വദേശിയായ നിതിൻ മേനൻ. നിതിന്റെ ഭാര്യയ്ക്കും അമ്മയ്ക്കും കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതേതുടർന്നാണ് അദ്ദേഹം ടൂർണമെന്റ് ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങിയതെന്നാണു കരുതപ്പെടുന്നത്. ഐസിസി അമ്പയർമാരുടെ എലീറ്റ് പാനലിലുള്ള ഏക ഇന്ത്യക്കാരൻ കൂടിയാണ് നിതിൻ മേനൻ. ആഴ്ചകൾക്ക് മുൻപ് അവസാനിച്ച ഇന്ത്യ-ഇംഗ്ലണ്ട് ക്രിക്കറ്റ് പരമ്പരയിലെ മികച്ച അമ്പയറിങ്ങിന് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു അദ്ദേഹം.

ആസ്‌ത്രേലിയക്കാരനാണ് മുൻനിര അമ്പയറായ പോൾ റൈഫൽ. കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താനുള്ള ആസ്‌ത്രേലിയൻ സർക്കാരിന്റെ നീക്കമാണ് റൈഫലിന്റെ പെട്ടെന്നുള്ള തീരുമാനത്തിന് കാരണമെന്നാണ് റിപ്പോർട്ട് . കോവിഡ് പ്രതിസന്ധി ചൂണ്ടിക്കാട്ടി നേരത്തെ ഇന്ത്യൻ സ്പിന്നർ രവിചന്ദ്ര അശ്വിൻ, ആസ്‌ത്രേലിയൻ താരങ്ങളായ കെയിൻ റിച്ചാർഡ്‌സൻ, ആദം സാംപ, ആൻഡ്ര്യു ടൈ എന്നിവരും കളി പാതിയിൽ ഉപേക്ഷിച്ച് നാട്ടിലേക്കു മടങ്ങിയിരുന്നു.

അതേസമയം, ടൂർണമെന്റുമായി മുന്നോട്ടുപോകാൻ തന്നെയാണ് ബിസിസിഐയുടെ തീരുമാനം. ബയോബബിളിൽ എല്ലാ താരങ്ങളും സപ്പോർട്ട് സ്റ്റാഫും സുരക്ഷിതരായിരിക്കുമെന്ന് ഇടക്കാല സിഇഒ ഹേമാങ് അമീൻ വ്യക്തമാക്കിയിട്ടുണ്ട്. അമ്പയർ പൂളിൽനിന്ന് നിതിനും റൈഫലിനും പകരക്കാരെ കണ്ടെത്താനാണ് ബിസിസിഐ നീക്കം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here