കേന്ദ്ര വാക്‌സിൻ നയത്തിനെതിരെ അഖിലേന്ത്യാ പ്രക്ഷോഭം; നാളെ കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ സംഘടിപ്പിക്കും: ഡിവൈഎഫ്‌ഐ

കേന്ദ്ര വാക്‌സിൻ നയം തിരുത്തുക, വാക്‌സിൻ സൗജന്യവും സാർവ്വത്രികവുമാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തി നാളെ ഡിവൈഎഫ്‌ഐ അഖിലേന്ത്യാകമ്മിറ്റി രാജ്യവ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നു. രാജ്യത്തെ യുവതയെ കമ്പോളചരക്കാക്കി വാക്‌സിൻ സ്വകാര്യകുത്തകകൾക്ക് തീറെഴുതി കൊടുത്ത കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ കേരളത്തിലെ എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും കേന്ദ്രസർക്കാർ ഓഫീസുകൾക്ക് മുന്നിൽ ധർണ്ണ സമരം സംഘടിപ്പിക്കും.

വാക്‌സിനേഷൻ സൗജന്യവും സാർവ്വത്രികമാക്കുന്നതിന് പകരം വാക്‌സിൻ നിർമ്മാതാക്കളായ മരുന്ന് കമ്പനികളുടെ കൊള്ളയ്ക്ക് രാജ്യത്തെ ജനതയെ എറിഞ്ഞുകൊടുക്കുകയാണ് മോദി സർക്കാർ. ആവശ്യത്തിനുള്ള അളവിൽ വാക്‌സിൻ നിർമ്മാണം ഇതുവരെയും രാജ്യത്ത് വർദ്ധിപ്പിച്ചിട്ടില്ല. കൃത്രിമമായ വാക്‌സിൻ ക്ഷാമം സൃഷ്ടിക്കാനും ഈ മരുന്ന് കമ്പനികൾ മടിച്ചെന്നും വരില്ല. വാക്‌സിൻ നയം പ്രഖ്യാപിച്ചതോടെ വാക്‌സിൻ വിതരണത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും കേന്ദ്രസർക്കാർ തടിയൂരുകയാണ്. വാക്‌സിൻ നിർമ്മാണത്തിൽ കേന്ദ്രസർക്കാരിനോ പൊതുമേഖലാ സ്ഥാപനങ്ങൾക്കോ ഒരു നിയന്ത്രണവുമില്ല.

സ്വകാര്യമരുന്ന് കമ്പനികളുടെ സ്വതന്ത്രവിഹാരത്തിനാണ് കേന്ദ്രസർക്കാർ അവസരമൊരുക്കിയിരിക്കുന്നത്. 45 വയസിന് താഴെയുള്ളവരുടെ ജീവൻ സംരക്ഷിക്കേണ്ടതിന്റെ ഉത്തരവാദിത്വം രാജ്യത്തിനില്ലെന്നും ഈ പ്രായപരിധിയിൽപ്പെട്ടവരിൽ വാക്‌സിന് മുടക്കാൻ പണമുള്ളവർ മാത്രം ജീവിച്ചാൽ മതിയെന്നുമുള്ള കേന്ദ്രസർക്കാർ നിലപാട് നീതീകരിക്കാനാകില്ല. ബിജെപി സർക്കാർ ഒരുവശത്തും മനുഷ്യരാകെ മറുവശത്തുമെന്നതാണ് ഇന്ന് രാജ്യത്തെ സ്ഥിതി.

മഹാമാരിക്കാലത്ത് മനുഷ്യജീവനെ വിപണിക്ക് വിട്ടുകൊടുക്കുന്നവർക്കെതിരെ സന്ധിയില്ലാത്ത പ്രക്ഷോഭം സംഘടിപ്പിക്കാനാണ് കേന്ദ്രകമ്മിറ്റി ആലോചിച്ചിട്ടുള്ളത്. പൂർണമായും കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പത്തുപേരെ പങ്കെടുപ്പിച്ചാണ് ഡിവൈഎഫ്‌ഐ ധർണ്ണസമരം സംഘടിപ്പിക്കുന്നത്. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം തിരുവനന്തപുരത്തും സംസ്ഥാന പ്രസിഡന്റ് എസ്.സതീഷ് പെരുമ്പാവൂരിലും ധർണ്ണയിൽ പങ്കെടുക്കും. സംസ്ഥാന ട്രഷറർ എസ്.കെ.സജീഷ് പേരാമ്പ്രയിലും സംസ്ഥാന ജോ. സെക്രട്ടറി വി.കെ.സനോജ്    കണ്ണൂരിലും സംസ്ഥാന വൈസ് പ്രസിഡന്റ് കെ.യു.ജനീഷ്‌കുമാർ എം.എൽ.എ കോന്നിയിലും സമരത്തിൽ പങ്കാളികളാകും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here