“വാക്‌സിനേഷന് മുമ്പ് രക്തം നൽകാം” ക്യാമ്പയിന് തുടക്കം കുറിച്ച് ഡിവൈഎഫ്‌ഐ

കൊവിഡ് രണ്ടാംതരംഗം കൂടുതൽ ഗുരുതരമാകുന്ന സാഹചര്യത്തിൽ 18 വയസിനും 45 വയസിനും ഇടയിലുള്ളവർ കൂടി വാക്‌സിനേഷന് വിധേയമാകുമ്പോൾ രക്തബാങ്കുകളിൽ രക്തദാതാക്കളുടെ എണ്ണം കുറയുമെന്ന ആശങ്ക പരിഹരിക്കാൻ പുതിയ ക്യാമ്പയിന് ഡിവൈഎഫ്‌ഐ തുടക്കം കുറിച്ചു.

‘വാക്‌സിനേഷനുമുമ്പ് രക്തം നൽകാം’ എന്ന പേരിൽ വാക്‌സിനേഷനു വിധേയമാകുന്നതിന് മുമ്പ് മുഴുവൻ ഡിവൈഎഫ്‌ഐ പ്രവർത്തകരെക്കൊണ്ടും സംസ്ഥാനത്തെ ബ്ലഡ് ബാങ്കുകളിൽ രക്തം ദാനം ചെയ്യിക്കാനുള്ള മാതൃകാപരമായ പദ്ധതിക്കാണ് ഡിവൈഎഫ്‌ഐ തുടക്കം കുറിച്ചത്.

വാക്‌സിൻ സ്വീകരിക്കുന്നവർക്ക് നിശ്ചിതകാലത്തേക്ക് രക്തം ദാനം ചെയ്യാൻ കഴിയില്ല. ഈ സാഹചര്യത്തിലാണ് ഡിവൈഎഫ്‌ഐ പുതിയ ക്യാമ്പയിന് തുടക്കം കുറിച്ചത്. കോവിഡ് 19 ആരംഭിച്ചത് മുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഡിവൈഎഫ്‌ഐ സജീവമായി രംഗത്തുണ്ട്.

ഞങ്ങളുണ്ട് എന്ന ക്യാമ്പയിന്റെ ഭാഗമായി കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഏറ്റെടുക്കുകയും നടപ്പാക്കിവരികയും ചെയ്യുന്നു. കോവിഡ് രണ്ടാംതരംഗം രൂക്ഷമായ സാഹചര്യത്തിലാണ് കൂടുതൽ സാമൂഹിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് ഡിവൈഎഫ്‌ഐ മുന്നോട്ടുപോകുന്നത്.

ക്യാമ്പയിന്റെ ഭാഗമായി ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹിം തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രക്തം ദാനം ചെയ്തു. തിരുവനന്തപുരത്തിന്റെ വിവിധ ഭാഗങ്ങളിലായി ഇന്ന് 50 ഡിവൈഎഫ്‌ഐ പ്രവർത്തകർ രക്തം ദാനം ചെയ്തു.

സംസ്ഥാനത്തുടനീളം ഈ ക്യാമ്പയിന്റെ ഭാഗമായി രണ്ടായിരത്തോളം ഡിവൈഎഫ്‌ഐ പ്രവർത്തകർ രക്തം ദാനം ചെയ്തു. വരും ദിവസങ്ങളിൽ കൂടുതൽ പ്രവർത്തകർ രക്തദാനം നടത്തുന്നവിധത്തിൽ വിപുലമായ പദ്ധതിക്കാണ് ഡിവൈഎഫ്‌ഐ രൂപം നൽകിയിട്ടുള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here