കലുഷിതമായ കാലത്തെ ദേശീയ രാഷ്ട്രീയത്തിന് ദല്‍ഹിയില്‍ നിന്നും സാക്ഷിയായിരുന്നു ജോണ്‍ബ്രിട്ടാസ് ; പി വി തോമസ് എഴുതുന്നു

കലുഷിതമായ കാലത്തെ ദേശീയ രാഷ്ട്രീയത്തിന് ദല്‍ഹിയില്‍ നിന്നും സാക്ഷിയായിരുന്നു ജോണ്‍ബ്രിട്ടാസെന്ന് പ്രമുഖ മാധ്യമപ്രവര്‍ത്തകന്‍ പി വി തോമസ്. ദല്‍ഹികത്ത് എന്ന ഓര്‍മ്മക്കുറിപ്പിലാണ് പ്രമുഖ മാധ്യമപ്രവര്‍ത്തകനും രാജ്യസഭാംഗവുമായ ജോണ്‍ബ്രിട്ടാസിനൊപ്പമുള്ള നല്ല ഒരുപിടി ഓര്‍മ്മകള്‍ പി വി തോമസ് പങ്കുവെച്ചിരിക്കുന്നത്. പി വി തോമസ് എഴുതുന്നു…….

1989ല്‍ ബോഫേഴ്സ് പീരങ്കികോഴ വിവാദം(66 കോടിരൂപ) ദേശീയ രാഷ്ട്രീയത്തില്‍ കത്തിനില്‍ക്കുമ്പോഴാണ് ഒരു മാധ്യമ പ്രവര്‍ത്തകനായി ഞാന്‍ ദല്‍ഹിയില്‍ എത്തുന്നത്. ലോകസഭയും രാജ്യസഭയും സദാകലുഷിതം ആണ്. സഭ നടക്കുന്നത് വിരളം. 11 മണിക്ക് ഇരുസഭകളും കൂടിയാല്‍ 15 മിനിറ്റിനുള്ളില്‍ പിരിയും, ഒന്നുകില്‍ ഒരു മണിക്കൂര്‍ നേരത്തേക്ക്, അല്ലെങ്കില്‍ അന്നത്തെ ദിവസത്തേക്ക്. ബോഫേഴ്സ് പീരങ്കി കോഴക്കെതിരായിട്ടുള്ള പ്രതിപക്ഷ പ്രതിഷേധം അത്ര രൂക്ഷമായിരുന്നു ഇരു സഭകളിലും. ഒരു പക്ഷേ പാര്‍ലിമെന്റ് സഭാ നടപടികളുടെ തുടര്‍ച്ചയായിട്ടുള്ള തകര്‍ച്ചയുടെ ആരംഭം ബോഫേഴ്സ് പീരങ്കി കോഴ വിവാദത്തോടെ ആയിരുന്നിരിക്കാം ഇന്നും ഓരോ കാരണത്താല്‍ തുടര്‍ച്ചയായ അഡ്ജോണ്‍മെന്റുകള്‍ തുടരുന്നു.

പാര്‍ലമെന്റ് കവര്‍ ചെയ്യുവാന്‍ എത്തുന്ന ഒരു പുതുമുഖം എന്ന നിലയില്‍ പ്രസ് ഗ്യാലറിയിലെ അറ്റന്റന്‍സ് രെജിസ്ട്രറില്‍ ഒപ്പിടുവാനുള്ള സമയം പോലും കിട്ടാറില്ല. അപ്പോഴേക്കും സഭ ബോഫേഴ്സിനെ ചൊല്ലി പിരിഞ്ഞിട്ടുണ്ടാകും. സഭ ഉള്ളപ്പോള്‍ പ്രസ് ഗ്യാലറിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് സംഭവ ബഹുലമായ നിമിഷങ്ങള്‍ ആണ്. പ്രതിപക്ഷത്തിന്റെ രൂക്ഷമായ ആരോപണങ്ങള്‍, ബഹളങ്ങള്‍. ഇവരെ നയിക്കുന്നത് മുധുദന്തവദൈയും എസ്. ജയ്പാല്‍ റെഡ്ഢിയും കെ.പി. ഉണ്ണികൃഷ്ണനും ആണ്. വി.പി.സിങ്ങും ചന്ദ്രശേഖരും പിന്‍നിരയില്‍ ഉണ്ട്.

പ്രധാനമന്ത്രി രാജീവ് ഗാന്ധിക്ക് മിക്കപ്പോഴും മറുപടി ഇല്ല. ഇനി അഥവ മറുപടി പറയുവാന്‍ ശ്രമിച്ചാല്‍ അത് പ്രതിപക്ഷത്തിന്റെ ആരവത്തില്‍ മങ്ങിപോകും. ആരോപണങ്ങള്‍ ഗൗരവം ഏറിയതാണ്. അവയുടെ കുന്തമുന നീണ്ടു പോകുന്നത് രാജീവിന്റെയും അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും നേരെയാണ്. ഈ ആരോപണങ്ങളും പ്രത്യാരോപണങ്ങളും വാഗ്വാദങ്ങളും പ്രധാനമന്ത്രിയുടെ നിസഹായാവസ്ഥയും എല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചിരിക്കുന്നവരാണ് പ്രസ് ഗ്യാലറിയിലെ മാധ്യമപ്രവര്‍ത്തകര്‍.

അവരുടെ കയ്യില്‍ നോട്ട് ബുക്കും പേനയും സദാ തയ്യാര്‍. ഇതില്‍ ഞാന്‍ നോട്ട് ചെയ്ത ഒരു മുന്‍ നിര മാധ്യമപ്രവര്‍ത്തകന്‍ ആയിരുന്നു ജോണ്‍ ബ്രിട്ടാസ്(നല്ല ചൂടും ശുഷ്‌കാന്തിയോടും നോട്ടുകുത്തിക്കുറിക്കുന്ന 23-24 വയസുള്ള യുവാവ്. ) എന്ന ദേശാഭിമാനിയുടെ ലേഖകന്‍. ലോകസഭയുടെയും രാജ്യസഭയുടെയും പ്രസ്് ഗ്യാലറിയില്‍ ഒരുമിച്ചിരുന്നു കൊണ്ട് ഞങ്ങള്‍ സഭാ നടപടികള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. അത് വളരെ രസകരമായ ഒരു അനുഭവം ആയിരുന്നു. പ്രസ് ഗ്യാലറിയില്‍ നിന്നും ഇന്ന് ബ്രിട്ടാസ് സഭയിലേക്ക് പ്രവേശിക്കുകയാണ്- രാജ്യസഭ അംഗമായി. വര്‍ഷങ്ങളോളം പാര്‍ലിമെന്റ് സൂക്ഷമവും ഗൗരവുമേറിയതും ആയിരിക്കും. അതാണ് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും സംസ്ഥാനവും രാജ്യവും കാത്തിരിക്കുന്നത്.

രാജ്യസഭ കൗണ്‍സില്‍ ഓഫ് സ്റ്റെയിറ്റ്സ് ആണ്. സംസ്ഥാനങ്ങളുടെ പ്രശ്നങ്ങള്‍ ആവശ്യങ്ങള്‍ അതാതു സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്നവര്‍ ഉയര്‍ത്തുവാനുള്ള വേദിയാണിത്. ഇതിനെ ഹൗസ് ഓഫ് എല്‍ഡെഴ്സ് എന്നും പറയും. പൊതുജീവതത്തില്‍ പക്വത ആര്‍ജ്ജിച്ചവര്‍ ആണ് മുതിര്‍ന്നവരുടെ ഈ സഭയില്‍ എത്തുക. ഉപരിസഭ എന്നറിയപ്പെടുന്ന രാജ്യസഭക്ക് തനതായ വ്യക്തിത്വവും നിലനില്‍പും ഉണ്ട്. ഇതാണ് ഇനി ബ്രിട്ടാസിന്റെ കര്‍മ്മമണ്ഡലം അടുത്ത ആറ് വര്‍ഷക്കാലത്തേക്ക്.

ഒരു പാര്‍ലിമെന്റ് അംഗത്തിന്, അത് ലോകസഭയായാലും രാജ്യസഭയായാലും ഭരണകക്ഷിയായാലും പ്രതിപക്ഷമായാലും വളരെയേറെ കാര്യങ്ങള്‍ ജന-രാജ്യനന്മയ്ക്കായിട്ട് ചെയ്യുവാന്‍ സാധിക്കും. വര്‍ഷങ്ങളോളം പാര്‍ലിമെന്റ് കവര്‍ ചെയ്തിട്ടുള്ള ഒരു മാധ്യമപ്രവര്‍ത്തകന്‍ എന്ന നിലയില്‍ സഭാനടപടികള്‍ ബ്രിട്ടാസിന് നന്നായിട്ടറിയാം. ദീര്‍ഘകാലത്തെ ദല്‍ഹി ജീവിതത്തോടെ ഹിന്ദി ഭാഷാ സ്വാധീനവും ഉണ്ട്.

ഹിന്ദിയിലും ഇംഗ്ലീഷിലും ഉള്ള പ്രാവീണ്യം പാര്‍ലിമെന്റ് പ്രവര്‍ത്തനത്തില്‍ ഒരംഗത്തെ വളരെ സഹായിക്കും. ഒപ്പം വിഷയങ്ങള്‍ കണ്ടെത്തുവാന്‍ പഠിക്കുവാനുള്ള ഒരു ഗവേഷകന്റെ സമര്‍പ്പണവും. ഈ മുതല്‍ക്കൂട്ടാണ് ബ്രിട്ടാസിനെ രാജ്യസഭ പ്രവര്‍ത്തനത്തില്‍ ഏറെ സഹായിക്കുവാന്‍ പോകുന്നത്. പാര്‍ലിമെന്റില്‍ എത്തുന്ന എല്ലാ അംഗങ്ങളും അവര്‍ പ്രതിനിധീകരിക്കുന്ന ജനങ്ങള്‍ക്കായി അഹോരാത്രം അദ്ധ്വാനിക്കമമെന്ന് യാതൊരു നിബന്ധനവും ഇല്ല.സമൃദദ്ധമായ ആനുകൂല്യങ്ങള്‍- പണവും പദവിയും ക്വാട്ടായും-പറ്റി സഭയില്‍ ഉറങ്ങിയും പാര്‍ലിമെന്റ് ക്യാന്റീനില്‍ മൃഷ്ടാന്നഭോജനം കുറഞ്ഞ നിരക്കില്‍ അനുഭവിച്ചും സമയം ചിലവഴിക്കുന്നവര്‍ ഉണ്ട്.

രാജ്യസഭയില്‍ രാഷ്ട്രപതിയുടെ നോമിനിതളായി വരുന്ന വിശിഷ്ടവ്യക്തികള്‍ ഉണ്ട്. പൊതുവെ ഇവരുടെ സംഭാവന കരായമായിട്ട1ന്നും ഉണ്ടാകാറില്ല. സഭയില്‍ വരാറേ ഇല്ല ഈ സെലിബ്രിറ്റികള്‍ എന്നതാണ് ഒരു പ്രത്യേകത. നടികളായ വൈജയന്തിമാലയും രേഖയും ഡിബേറ്റുകളില്‍ പങ്കെടുത്തതായോ ഉരിയാടുവാനായി വായ പൊളിച്ചതായോ അറിവില്ല. ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കറര്‍ സഭയില്‍ വരാഞ്ഞതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ശബാനി ആസ്മി വാര്‍ത്തകളില്‍ പങ്കെടുക്കുന്ന ഒരു അംഗം ആയിരുന്നു. പൊതുവെ ഇടതുപക്ഷ പാര്‍ട്ടികളില്‍ നിന്നും വരുന്ന അംഗങ്ങള്‍ ആണ് ഡനരത്തുനിന്ന് വിഷയങ്ങള്‍ പഠിച്ച് വാദപ്രതിവാദങ്ങളില്‍ ശോഭിക്കുന്നത് ഇവിടെയാണ് ബ്രിട്ടാസിന് കേരളത്തിന്‍ ശബ്ദം ആകുവാന് സാധിക്കുന്നത് മോദി വിരുദ്ധര്‍ക്ക് വാക്സീന്‍ ഇല്ലെന്ന് പ്രഖ്യാപിച്ച നാട്ടുകാരനായ അംഗവവും സഭയില്‍ ഉണ്ട്. കൗണ്‍സില്‍ ഓഫ് സ്റ്റെയിറ്റ്സിലെ അംഗം താന്‍ പ്രതിനിധീകരിക്കുന്ന സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നത് മനസിലാക്കാം. പക്ഷേ, താന്‍ ജനിച്ച സംസ്ഥാനത്തിന്റെ അവകാശങ്ങളെ തുരങ്കം വയ്ക്കുന്നത് ജനവിരുദ്ധം അല്ലേ?

പാര്‍ലിമെന്റും രാഷ്ട്രീയ പാര്‍ട്ടികളുടെ ഫ്രീഫിങ്ങും ക്യാബിനറ്റ് തീരുമാനങ്ങളും മറ്റും ബ്രിട്ടാസും താനും ഒരുമിച്ച് കവര്‍ ചെയ്തിട്ടുണ്ട്. അതുപോലെ തന്നെ രാമക്ഷേത്ര രഥയാത്രയും ബാബരി മസ്ജിദ് ഭേദനവും ഞങ്ങള്‍ ഒരുമിച്ച് കവര്‍ ചെയ്തിട്ടുണ്ട്. 1992 ഡിസംബര്‍ 6ന് ബാബരി മസ്ജിദ് ഹിന്ദുത്വതീവ്രവാദികള്‍ ലാല്‍കിഷന്‍ അദ്വാനിയുടെയും മുരളി മനോഹര്‍ ജോഷിയുടെയും നേതൃത്വത്തില്‍ അയോദ്ധ്യയില്‍ തകര്‍ത്തപ്പോള്‍ ഞങ്ങള്‍ അതിന് ദൃക്സാക്ഷികള്‍ ആയിരുന്നു. അത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പള്ളി തകര്‍ത്തു തുടങ്ങിയപ്പോള്‍ മാധ്യമപ്രവര്‍ത്തകരും ആക്രമണത്തിന് വിധേയരായി. മാധ്യമപ്രവര്‍ത്തകര്‍ ഇരുന്നിരുന്ന മുറി വളയപ്പെട്ടു. എങ്ങനെ രക്ഷപ്പെടും? രക്ഷാമാര്‍ഗ്ഗം കണ്ടെത്തുവാനുള്ള ചര്‍ച്ചയില്‍ ഞാനും ബ്രിട്ടാസും ഫ്രണ്ട് ലൈനിലെ വെങ്കടേഷ് രാമകൃഷ്ണനും മറ്റും ഉണ്ടായിരുന്നു. പട്ടാളം വന്നിട്ട് മാത്രം പുറത്തിറങ്ങിയാല്‍ മതിയെന്ന നിര്‍ദ്ദേശത്തെ തള്ളിമാധ്യമ പ്രവര്‍ത്തകര്‍ രണ്ടും മൂന്നും പേരായിട്ടുള്ള സംഘമായി തിരിഞ്ഞ് ഫയ്സാബാദില്‍ എത്തുവാന്‍ തീരുമാനിച്ചു. ബ്രിട്ടാസ് മറ്റൊരു സംഘത്തില്‍ ചേര്‍ന്നു. ഞാനും മലയാളമനോരമ- ദ ബീക്ക് പ്രസിദ്ധീകരണങ്ങളും ആര്‍.പ്രസന്നനും അയോദ്ധ്യയില്‍ നിന്നും എട്ട് കിലോമീറ്റര്‍ നടന്ന് ഫയ്സാബാദില്‍ സുരക്ഷിതരായിട്ടെത്തി.

ബ്രിട്ടാസ് കലുഷിതമായ കാലത്തെ ദേശീയ രാഷ്്ട്രീയത്തിന് ദല്‍ഹിയില്‍ നിന്നും സാക്ഷി ആയിരുന്നു. മണ്ഡല്‍ സംവരണ വിരുദ്ധ സമരം. രാജീവ് വധവും അധികാരമാറ്റവും, നരസിംഹറാവു-മന്‍മോഹന്‍ഭരണവും സാമ്പത്തീക പരിഷ്‌ക്കരണങ്ങളും എല്ലാം ഇതിലുള്‍പ്പെടും. ദല്‍ഹിക്കാര്‍, പ്രത്യേകിച്ചും മാധ്യമപ്രവര്‍ത്തകര്‍, ഉണ്ണുന്നതും ഉറങ്ങുന്നതും ഉണരുന്നതും ശ്വസിക്കുന്നതും രാഷ്ട്രീയം ആണ്. ഇതാണ് ഇവിടത്തെ ജീവിതചിട്ട. ഇതിന്റെ നടുവില്‍ ഒരാള്‍ രാജ്യസഭയില്‍ എത്തുമ്പോള്‍ ഇതിന്റെയെല്ലാം പ്രതിസ്ഫുരണം ഉണ്ടാവുകയില്ലെ?

പ്രസ് ഗ്യാലറിയില്‍ നിന്നും പാര്‍ലിമെന്റിനുള്ളിലെത്തിയ മറ്റൊരു കഥ ദല്‍ഹിയിലെ മാധ്യമപ്രവര്‍ത്തകര്‍ ഓര്‍ക്കുന്നുണ്ട്. മാതൃഭൂമിക്കുവേണ്ടി റിപ്പോര്‍ട്ടു ചെയ്ത കൊണ്ടിരുന്ന കെ.പി. ഉണ്ണികൃഷ്ണന്‍ വടകരയില്‍ നിന്ന് ജയിച്ച് ലോകസഭയിലെത്തിയ കഥയാണത്. അക്കാലം ദല്‍ഹി പ്രഗത്ഭരായ മാധ്യമപ്രവര്‍ത്തകരെകൊണ്ട് സമ്പന്നം ആയിരുന്നു. കേരളകൗമുദിയിലെ നരേന്ദ്രന്‍ എന്ന നായര്‍സാബ്, മലയാള മനോരമയിലെ റ്റി.വി.ആര്‍. ഷേണായി, കെ.ഗോപാലകൃഷ്ണന്‍, മാതൃഭൂമിയിലെ വി.കെ.മാധവന്‍കുട്ടി, കാര്‍ട്ടൂണിസ്റ്റും എഴുത്തുകാരനും ആയിരുന്ന ഓ.വി.വിജയന്‍ എന്നിങ്ങനെ ഒട്ടേറെ അതികായന്മാര്‍.

മാധ്യമപ്രവര്‍ത്തനത്തിനും അപ്പുറമുള്ള വ്യക്തിബന്ധം ബ്രിട്ടാസുമായിട്ട് എനിക്കുണ്ട്. 1990 ല്‍ ഞാന്‍ ഒരു ടേപ്പ്് റേക്കോഡര്‍ വാങ്ങിക്കുവാന്‍ ആഗ്രഹിച്ചു. എന്താണ് വഴി? രണ്ടായിരത്തിലേറെ രൂപയാകും. വഴിയുണ്ട്, ബ്രിട്ടാസ് പറഞ്ഞു. ഐ.എന്‍.എ.മാര്‍ക്കറ്റില്‍ ഗഡുക്കളായി ടേപ്പ് റെക്കാര്‍ഡര്‍ കിട്ടുന്ന കടയുണ്ട്. ബ്രിട്ടാസിന്റെ ബൈക്കില്‍ കയറി. ആദ്യ ഗഡു അടച്ചു. പക്ഷേ, ബാക്കിയുള്ളത് അടയ്ക്കുമെന്നതിന് ഒരു ആള്‍ ഗ്യാരന്റി വേണം. ഗ്യാരന്റി ബ്രിട്ടാസ്. ഇനി ഏതെങ്കിലും ഒരു തിരിച്ചറിയല്‍ കാര്‍ഡ് വേണം. അത് ബ്രിട്ടാസിന്റെ രാജ്യസഭ പ്രസ് ഗ്യാറി കാര്‍ഡിന്റെ കോപ്പി. കാര്യം കഴിഞ്ഞു. ടേപ്പ് റെക്കോര്‍ഡറുമായി ഞങ്ങള്‍ മടങ്ങി- ബ്രാന്റ് വീഡിയോകോണ്‍

1996-ല്‍ വിവാഹം കഴിഞ്ഞ് ഞാന്‍ ദല്‍ഹിയിലെത്തിയപ്പോള്‍ ഏറ്റവും ആദ്യം ഞങ്ങള്‍ക്ക് വിരുന്ന തന്നത് ബ്രിട്ടാസ് ആണ്. ബ്രിട്ടാസ് അന്ന് വി.പി.ഹൗസ് എന്ന വിത്തല്‍ ഭായ് പട്ടേല്‍ ഹൗസില്‍ താമസം. ഓഫീസ് വി.പി.ഹൗസിലെ മറ്റൊരു സ്യൂട്ട്. എന്റെ ഓഫീസ് നേരെ എതിര്‍വശത്ത് റഫിമാഗ്ഗ് മുറിച്ചുകടന്നാല്‍ ഇന്‍ഡ്യന്‍ ന്യൂസ് പേപ്പര്‍ സൊസൈറ്റി(ഐ.എന്‍.എസ്.) ബില്‍ഡിംങ്ങിലും. ഭക്ഷണത്തിന് ഞങ്ങള്‍ നേരത്തെ തന്നെ എത്തി. ബ്രിട്ടാസ് ഫ്ളാറ്റില്‍ ഇല്ല. ബ്രിട്ടാസിന്റെ ഭാര്യ ഷേബ പറഞ്ഞു. ഇപ്പോള്‍ തന്നെ വരും. ഏതാനും സ്യൂട്ടുകള്‍ക്ക് അപ്പുറം ആണ് ദേശാഭിമാനിയുടെ ഓഫീസ്. ഷേബ പറഞ്ഞു.

അടുക്കളയില്‍ ഞആന്‍ ഒന്നും ചെയ്തിട്ടില്ല. അപ്പോള്‍ ഞാന്‍ ചോദിച്ചു, പുറത്തുനിന്നും വരുത്തുവാനാണോ പരിപാടി? അല്ലല്ല ബ്രിട്ടാസ് വന്നിട്ട് എല്ലാം തന്നെ ചെയ്തോളാമെന്നാണഅ പറഞ്ഞിരിക്കുന്നത്, ഷേബ പറഞ്ഞു. ബ്രിട്ടാസ് വന്നു. അടുക്കളയില്‍ കയറി. ബ്രിട്ടാസിന്റെ പാചക പ്രാവീണ്യം തെളിയിക്കുന്ന സുന്ദരമായ ഒരു സദ്യ ഒരുങ്ങി. ബ്രിട്ടാസിന്റെ പാചകത്തിന്റെ വിരുത് പിന്നീടും അനുഭവിച്ചിട്ടുണ്ട്.

ബ്രിട്ടാസ് രാജ്യസഭയിലേക്ക് വരുന്നത് ദേശീയ രാഷ്ട്രീയം ഏറ്റവും കലുഷിതമായ ഒരു സമയത്താണ്. ഇവിടെ ജനങ്ങളുടെ ആവശ്യങ്ങളും അത്യാവശങ്ങളും ഭരണാധികാരികള്‍ അറിയുന്നില്ല. ആയിരക്കണക്കിന് കോടിരൂപയുടെ പ്രതിമ എന്ന വന്‍ധൂര്‍ത്ത്, ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ എടുത്തുകളയപ്പെടുന്നു(370) സംസ്ഥാനം ഇല്ലാതാകുന്നു(ജമ്മു-കാശ്മീര്‍) കോ-ഓപ്പറേറ്റീവ് ഫെഡറലിസം ഒരു മിഥ്യ ആകുന്നു, വമ്പന്‍ രാമക്ഷേത്രം ഉയരുന്നു. കോവിഡില്‍ പ്രാണവായു കിട്ടാതെ ജനം മരിക്കുമ്പോള്‍, ദല്‍ഹി അടച്ചുപൂട്ടലില്‍ ഇരിക്കവെ മറ്റൊരു പതിനായിരം കോടികളുടെ ആഢംബരമായ സെന്‍്ട്രല്‍ വിസ്തയുടെ നിര്‍മ്മാണം തകൃതിയായി പുരോഗമിക്കുന്നു. ദല്‍ഹിയിലെ ശ്മാശനങ്ങള്‍ നിറഞ്ഞു കവിയുന്നു.

ദല്‍ഹി ഒരു ചുടലകാടായി മാറുന്നു. ദഹിപ്പിക്കുവാനായി ക്യൂ. പ്രാണവായുവിനായി ക്യൂ. ഭരണാധികാരികള്‍ എന്തുകൊണ്ട് നിസഹായരും നിസംഗരും ക്രൂരരും ആകുന്നു? ഒരു നിയമനിര്‍മ്മാതാവിന് ഇതിലൊക്കെ എന്ത് ചെയ്യുവാനാകും? ജോണ്‍ ബ്രിട്ടാസ് പറയണം. പ്രവര്‍ത്തിച്ച് കാണിക്കണം. ലോകസഭയിലും രാജ്യസഭയിലും ആയി നൂറ്റി മുപ്പത്തിഅഞ്ച് കോടി ജനങ്ങള്‍ക്കുള്ളത് 795 എം.പി.മാര്‍ ആണ്. അതില്‍ ഒരാള്‍ ആവുക അത്ര നിസാരമല്ല. കര്‍മ്മപഥത്തിലൂടെ അത് തെളിയിക്കണം.വിശ്വാസം ഉണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here