സംസ്ഥാനത്ത് 111 ക്ലസ്റ്ററുകൾ, 15 ലാർജ് ക്ലസ്റ്ററുകൾ, വ്യാപനം അതിവേഗത്തിലെന്ന് ആരോഗ്യവിദഗ്ധര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകൾ ദിനംപ്രതി ഉയരുന്നതിനൊപ്പം കൊവിഡ് ക്ലസ്റ്ററുകളുടെ എണ്ണവും കൂടുന്നു. ഒരു മാസത്തിനിടെ 111 ക്ലസ്റ്ററുകളാണ് സംസ്ഥാനത്ത് രൂപം കൊണ്ടത്. വൻതോതിൽ രോഗികളുള്ള ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകളുടെ എണ്ണം 15 ആയി. അതേസമയം ക്ലസ്റ്ററുകളെപ്പോലും അപ്രസക്തമാക്കുന്ന തരത്തിലാണ് വ്യാപനമെന്നാണ് ആരോഗ്യവിദഗ്ദരുടെ വിലയിരുത്തൽ.

ആദ്യതരംഗത്തിന് ശേഷം രോഗികൾ കുറഞ്ഞതോടെ ഇല്ലാതായ ക്ലസ്റ്ററുകൾ ഒറ്റയടിക്ക് വീണ്ടും മുളച്ചുപൊന്തുകയാണ്. പ്രതിദിന രോഗികളുടെ എണ്ണവും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഏറ്റവും കൂടുതലുള്ള കോഴിക്കോട് തന്നെയാണ് ക്ലസ്റ്ററുകളുടെ എണ്ണവും കൂടുതൽ. ഇതിൽ ഏറ്റവും ആശങ്കയുണ്ടാക്കുന്നത് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററുകൾ. പ്രാദേശികമായി പടർന്ന 50ലധികം കേസുകളുള്ളപ്പോഴാണ് ലാർജ് കമ്മ്യൂണിറ്റി ക്ലസ്റ്ററാവുക. കോഴിക്കോട് നഗരസഭയിലെ 42ആം വാർഡ്, 65 വാർഡ്, കട്ടിപ്പാറ വടക്കുംമുറി 12 വാർഡടക്കം അടക്കം ജില്ലയിൽ 6 ലാർജ് കമ്മ്യൂണിറ്റ് ക്ലസ്റ്ററുകൾ. എല്ലാം ഈ മാസം രൂപം കൊണ്ടവ. മിക്കതും ആക്റ്റീവ് ക്ലസ്റ്ററുകൾ.

കൊല്ലം കുലശേഖരപുരത്തെ വിവിധ വാർഡുകൾ ചേർന്ന ലാർജ് ക്ലസ്റ്ററിൽ മാത്രം രോഗികളുടെ എണ്ണം 197 ആണ്. ഇതോടൊപ്പം സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചുള്ള ക്ലസ്റ്ററുകളും പ്രാദേശികമായി പടർന്ന ലിമിറ്റഡ് ക്ലസ്റ്ററുകളും ചേർന്നാണ് 111 ക്ലസ്റ്ററുകൾ. സമ്പർക്ക വ്യാപനം പിടിവിട്ടതും, ഉറവിടമില്ലാത്ത കേസുകൾ കൂടുന്നതുമാണ് ഭീമൻ ക്ലസ്റ്ററുകളുയർത്തുന്ന പ്രധാന ആശങ്ക.

മലപ്പുറം ജില്ലയിലെ പൊന്നാനി, തിരുവനന്തപുരത്തെ പൂന്തുറ, പുല്ലുവിള എന്നിവ ആദ്യതരംഗത്തിൽ വൻ ഭീഷണി ഉയർത്തിയ ലാർജ് കമ്മ്യൂണിറ്റ് ക്ലസ്റ്ററുകളാണ്. പൂന്തുറ പിന്നീട് സൂപ്പർ സ്പ്രെഡിലേക്കും സമൂഹവ്യാപനത്തിലേക്കും വഴിമാറി. ആഴ്ച്ചകളോളം ലോക്ക്ഡൗണിട്ടും തമ്പടിച്ച് പരിശോധന നടത്തിയുമാണ് അന്ന് ക്ലസ്റ്ററുകളെ നിയന്ത്രിച്ചത്.

അതേസമയം, നിലവിലെ സാഹചര്യത്തിൽ ക്ലസ്റ്ററുകൾക്ക് പ്രസക്തിയില്ലാത്ത വിധമാണ് വ്യാപനമെന്നാണ് ആരോഗ്യവിദഗ്ദർ വിലയിരുത്തുന്നത്. സംസ്ഥാനത്താകെ ടെസ്റ്റ് പോസിറ്റിവിറ്റി 25 ശതമാനം കടന്നിരിക്കെ സമൂഹവ്യാപനം നേരിടുന്നതിന് തുല്യമായ നടപടികളാണ് വേണ്ടതെന്നും നിർദേശമുയരുന്നു. പരിശോധിക്കുന്നവരിൽ നാലിലൊന്നും പോസിറ്റീവ് എന്ന നിലയിലാണ് സംസ്ഥാനത്തെ മൊത്തം ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. തൃശൂരിലും മലപ്പുറത്തും മുപ്പതും കടന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News