സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലമറിയാൻ വൈകുമെന്ന് ആശങ്ക

സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഫലമറിയാൻ വൈകുമെന്ന് ആശങ്ക. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വേണ്ടത്ര സൗകര്യങ്ങൾ ഒരുക്കാത്തതിനാൽ ഇത്തവണ ഫലം പുറത്തറിയാൻ താമസം നേരിടും. വോട്ടെണ്ണൽ പുരോഗതി നേരിട്ട് മാധ്യമങ്ങളെ അറിയിക്കാനുള്ള ട്രെൻഡ് സോഫ്റ്റ് വെയർ അടക്കമുള്ള സംവിധാനങ്ങളും ഇത്തവണ ഇല്ല.

തപാൽ വോട്ടുകളുടെ എണ്ണക്കൂടുതലും അന്തിമ ഫല പ്രഖ്യാപനം വൈകിക്കും.  എട്ടരയോടെ ആദ്യ ഫലസുചനകൾ പുറത്ത് വരുന്നു. പതിന്നൊന്നോടെ വ്യക്തമായ തെരഞ്ഞെടുപ്പ് ചിത്രവും, ഉച്ചയ്ക്കു അന്തിമ ഫലപ്രഖ്യാപനവും.

ഇതായിരുന്നു നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ ദിനത്തിൽ കേരളത്തിലെ പതിവ്. പക്ഷെ അത് ഇത്തവണയുണ്ടാകില്ല. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പു വരെ വേഗത്തിലും കൃത്യമായുള്ള ഫല പ്രഖ്യാപനം സാധ്യമാക്കിയത് ട്രെൻഡ് എന്ന സോഫ്റ്റ് വെയർ വഴിയായിരുന്നു.

ഇത്തവണ  തെരഞ്ഞെടുപ്പ് കമ്മിഷൻ ടെൻഡ് ഉപേക്ഷിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റ് വഴിയും പ്രത്യേക മൊബൈൽ ആപ് വഴിയും പൊതുജനങ്ങൾക്ക് ഫലമറിയാമെന്നാണ് വിശദീകരണം. എന്നാൽ ഇതുവഴി ഫല സൂചനകൾ എത്താൻ സമയമെടുക്കും.

വോട്ടെണ്ണൽ കേന്ദ്രങ്ങളിലെ ടിവി. സ്ക്രീനിലൂടെ മാത്രമെ വോട്ടെണ്ണൽ പുരോഗതി അറിയാനാകൂ. തപാൽ വോട്ടുകളുടെ എണ്ണക്കൂടുതലും ഇത്തവണ വെല്ലുവിളിയാണ്. 4,53,237 തപാൽ വോട്ടുകളാണ് ഇതുവരെ കമ്മിഷന് ലഭിച്ചത്.

രണ്ടാം തീയതി രാവിലെ എട്ടു മണി വരെ തപാൽ വോട്ടുകൾ സ്വീകരിക്കും. 5,84,238 തപാൽ ബാലറ്റുകൾ വിതരണം ചെയ്തതിനാൽ ഇനിയും സംഖ്യ ഉയരും. കഴിഞ്ഞ തവണ 1,09,001 തപാൽ വോട്ടുകൾ മാത്രമാണ് ഉണ്ടായിരുന്നത്.

80 കഴിഞ്ഞവരും കോവിഡ് രോഗികളും ഭിന്നശേഷിക്കാരുമെല്ലാം ഉൾപ്പെട്ടതിനാലാണ് ഇത്രയേറെ ഉയർന്നത്. എല്ലാം എണ്ണിത്തീരാൻ മൂന്നു മണിയെങ്കിലും കഴിയുമെന്നാണ് സൂചന. ഒൗദ്യോഗിക ഫലം പുറത്തറിയാൻ പിന്നേയും കാത്തിരിക്കേണ്ടി വരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here