
നിയമസഭാ വോട്ടെടുപ്പു ദിവസം ഷിജു എം വർഗീസ് സഞ്ചരിച്ച കാറിന് ‘പെട്രോൾ ബോംബ്’ എറിഞ്ഞെന്ന കേസിൽ അന്വേഷകസംഘം പരിശോധിച്ചത് നൂറിലധികം സിസിടിവി ദ്യശ്യം.
എപ്രിൽ ആറിനും തൊട്ടുമുമ്പും ശേഷവും സംഭവസ്ഥലത്തെയും സമീപ പ്രദേശങ്ങളിലെയും കൂടാതെ വെഞ്ഞാറമൂട് വരെയുള്ള ദ്യശ്യങ്ങളും അന്വേഷകസംഘം പരിശോധിച്ചു.
പുലർച്ചെ കണ്ണനല്ലൂർ പാലമുക്കിൽ കാറിന് പെട്രോൾ ബോംബെറിഞ്ഞ് തന്നെ അപായപ്പെടുത്താൻ ശ്രമിച്ചെന്നായിരുന്നു ഷിജു വർഗീസ് കണ്ണനല്ലൂർ പൊലീസിനു നൽകിയ മൊഴി.
ചാത്തന്നൂർ എസിപി വൈ നിസാമുദീന്റെ നേതൃത്വത്തിലുള്ള പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിലാണ് ബോംബേറ് നാടകമാണെന്നു വ്യക്തമായത്. സംഭവസ്ഥലത്തെ സിസിടിവി ദ്യശ്യങ്ങളും ഫോൺ വിളികളും സംഘം പരിശോധിച്ചു.
കറുത്ത സ്വിഫ്‌റ്റ് കാറിലെത്തിയ വിനുകുമാറും ശ്രീകാന്തും ചേർന്ന് ഷിജു വർഗീസിന്റെ കാറിലേക്ക് ‘പെട്രോൾ ബോംബ്’ എറിയുകയായിരുന്നു. ‘ബോംബ്’ വീണയുടൻ ഷിജു വർഗീസും പ്രേംകുമാറും കാറിൽനിന്ന് ഇറങ്ങി ഓടിമാറിയെന്നും നാട്ടുകാർ ഓടിക്കൂടുന്നതുകണ്ട് മടങ്ങിവരികയായിരുന്നെന്നും സിസിടിവി ദൃശ്യങ്ങളിൽനിന്നു വ്യക്തമായി.
കൃത്യത്തിനായി സിസിടിവി ഇല്ലാത്ത സ്ഥലം കണ്ടെത്താൻ ഷിജു വർഗീസ് കുണ്ടറ –-കണ്ണനല്ലൂർ റൂട്ടിൽ തലേദിവസവും കാറിൽ സഞ്ചരിച്ചതായി പൊലീസ് കണ്ടെത്തി. ‘പെട്രോൾ ബോംബ്’ എറിഞ്ഞ സ്ഥലത്തിനു തൊട്ടടുത്തെങ്ങും സിസിടിവി ഇല്ലെന്ന് ഉറപ്പാക്കി.
എന്നാൽ, ഒരു സിസിടിവി സമീപത്തെ വീട്ടിൽ ഉണ്ടായിരുന്നത് നിർണായക തെളിവായി. ഓപ്പറേഷനുശേഷം സംഘം തിരികെപ്പോയ വാഹനങ്ങളുടെ റൂട്ട് കണ്ടെത്താൻ പിന്നീട് നിരവധി സിസിടിവി ദ്യശ്യങ്ങൾ അന്വേഷകസംഘം പരിശോധിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here