ജോൺ ബ്രിട്ടാസ് രാജ്യസഭാംഗമാകുമ്പോൾ ആശംസകളുമായി ആത്മമിത്രം കുര്യൻ തോമസിൻ്റെ കുറിപ്പ്

പ്രമുഖ മാധ്യമപ്രവർത്തകൻ, കൈരളി ടി വി യുടെ എം ഡി, മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് തുടങ്ങി വിവിധ മേഖലകളിൽ മികവ് തെളിയിച്ച വ്യക്തിയാണ് ജോൺ ബ്രിട്ടാസ്. അദ്ദേഹം രാജ്യസഭാംഗമാകുന്നതിന്റെ അഭിമാന മുഹൂർത്തത്തിൽ തന്റെ സൗഹൃദാനുവങ്ങൾ പങ്കുവയ്ക്കുകയാണ് സുഹൃത്തും സഹപാഠിയും ഇപ്പോൾ തടിക്കടവ് സർവീസ് സഹകരണബാങ്ക് സെക്രട്ടറിയുമായ കുര്യൻ തോമസ്.

1983 ലാണ് ജോൺ ബ്രിട്ടാസിനെ പരിചയപ്പെടുന്നത്. പയ്യന്നൂർ കോളേജിലെ ആദ്യവർഷ ബിരുദ (പൊളിറ്റിക്കൽ സയൻസ് ) വിദ്യാർഥികളായിരുന്നു ഞങ്ങൾ. ഒരേ ക്ലാസും, സഹവാസവും, വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനവും, കമ്പയിൻഡ് സ്റ്റഡിയും, ചാപല്യങ്ങൾ വിട്ടുമാറാത്ത കളിചിരികളുമായി 1986 ൽ തൃശ്ശൂർ കേരളവർമ കോളേജിലേക്ക് ചേക്കേറിയപ്പോഴും ഞങ്ങൾ ഒപ്പം തന്നെ.

പയ്യന്നൂർ കോളേജിൽ ഭവദാസൻ നമ്പൂതിരി ചെയർമാനായ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ് എഫ് ഐ യുടെ മുഖ്യ ക്യാമ്പയിനർ ബ്രിട്ടാസ് ആയിരുന്നു. ഇംഗ്ലീഷിലായിരുന്നു പ്രസംഗം. കേരളവർമ്മ കോളേജിൽ ഞാൻ ചെയർമാൻ ആയി വന്ന തെരഞ്ഞെടുപ്പിൽ ബ്രിട്ടാസും മുൻ സ്പീക്കർ കെ. രാധാകൃഷ്ണൻ, എം. എം. തോമസ്, ജോജു സിറിയക് തുടങ്ങിയവരുമായിരുന്നു മുഖ്യ പ്രചാരകർ. ബ്രിട്ടാസ് അന്ന് കേരളവർമ്മ കോളേജിൽ നിന്ന് യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറായി ഏറ്റവും വലിയ ഭൂരിപക്ഷത്തിനാണ് തെരഞ്ഞെടുക്കപ്പെട്ടത്.

പി ജി രണ്ടാം വർഷം പഠിക്കുമ്പോഴാണ് അദ്ദേഹം ദേശാഭിമാനി റിപ്പോർട്ടറായി ചുമതല ഏൽക്കുന്നത്. ക്യാമ്പസ് പൊളിറ്റിക്സ് മെയിൻ അജണ്ട ആയിരുന്നതുകൊണ്ടുതന്നെ കൃത്യമായി ക്ലാസ്സ്‌ അറ്റൻഡ് ചെയ്യാറില്ലായിരുന്നുവെങ്കിലും ഡിഗ്രിക്കും പി ജി ക്കും യൂണിവേഴ്സിറ്റി റാങ്കോട്കൂടിയാണ് ബ്രിട്ടാസ് പാസ്സായത്.

ഞാനും എം എം തോമസും ഭവദാസനും ഡിഗ്രിയും പി ജി യും വിജയകരമായി പൂർത്തിയാക്കിയത് ബ്രിട്ടാസിന്റെ നിശ്ചയദാർഢ്യത്തോടെയുള്ള സമ്മർദ്ദവും കമ്പയിൻഡ് സ്റ്റഡിയും കാരണമാണ്. മാധ്യമപ്രവർത്തകൻ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ റോൾ ഏറെ ശ്രദ്ധ ആകർഷിച്ചതാണ്.

ബാബറി മസ്ജിദ് തകർക്കലും ഇറാഖ് യുദ്ധവുമെല്ലാം റിപ്പോർട്ട്‌ ചെയ്ത രീതി ഏറെ ചർച്ച ചെയ്യപ്പെട്ടതാണ്. ചാനൽ ചർച്ചകളിലും ഇന്റർവ്യുകളിലുമെല്ലാം വേറിട്ട ശൈലി സ്വീകരിച്ചിട്ടുണ്ട്. പ്രഭാഷണം, സിനിമ, നോവൽ എന്നീ മേഖലകളിലും അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇടത്പക്ഷ രാഷ്ട്രീയം നെഞ്ചോട് ചേർത്തുവച്ചുകൊണ്ടുള്ള പതിറ്റാണ്ടുകളായുള്ള മാധ്യമ പ്രവർത്തനം തന്നെയാണ് അദ്ദേഹത്തെ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്യുവാൻ സിപിഐഎം നെ പ്രേരിപ്പിച്ചിട്ടുള്ളത്.

രാജ്യസഭയിലെ പ്രസ്സ് ഗ്യാലറിയിൽനിന്നും സഭയിലേക്കുതന്നെ ഇറങ്ങി വരാനുള്ള എല്ലാ യോഗ്യതയും വളരെ മുൻപ് തന്നെ അദ്ദേഹം നോടിയിട്ടുണ്ട്. ഇന്ത്യൻ ഭരണഘടനയിലും ഭരണഘടനാ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ സംബന്ധിച്ചുമുള്ള അക്കാദമികവും പ്രയോഗികവുമായ അറിവ്, ബഹുഭാഷ പണ്ഡിത്യം എന്നിവ എടുത്തു പറയേണ്ടതുതന്നെയാണ്.

കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമമായ പുലിക്കുരുമ്പയിൽ ഒരു കർഷക കുടുംബത്തിൽ ജനിച്ച അദ്ദേഹത്തിന് ഇന്ത്യൻ പാർലമെന്റിൽ ഇന്ത്യയെ തീറ്റിപ്പോറ്റുന്ന കർഷകരുടെ കാവലാൾ ആയി നിലകൊള്ളാൻ കഴിയട്ടെ….ആശംസകൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News