വോട്ടെണ്ണല്‍: ആഹ്ലാദം വീട്ടിലായാല്‍ പിന്നെ ദു:ഖിക്കേണ്ട, മറ്റ് സംസ്ഥാനങ്ങളിലെ സ്ഥിതിയിലേക്ക് കേരളത്തെ നയിക്കരുതെന്ന് ആരോഗ്യ വകുപ്പ്

കൊവിഡ് അതിതീവ്ര വ്യാപനം നടക്കുന്ന സാഹചര്യത്തിലും ജനിതകമാറ്റം വന്ന വൈറസ് വളരെ പെട്ടെന്ന് രോഗ സംക്രമണം നടത്തുമെന്നതിനാലും വോട്ടെണ്ണല്‍ ദിനത്തില്‍ എല്ലാവരും അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയ പ്രവര്‍ത്തകരും പൊതുജനങ്ങളും എല്ലാവരും ഒരുപോലെ ശ്രദ്ധിക്കേണ്ടതാണ്.

തീവ്രവ്യാപന ശേഷിയുള വൈറസ് വകഭേദങ്ങളുടെ വര്‍ദ്ധിച്ച സാന്നിദ്ധ്യം കണ്ടെത്തിയതിനെ തുടര്‍ന്നാണ് സംസ്ഥാനത്ത് കോവിഡ് പ്രതിരോധ നിയന്ത്രണ നടപടികള്‍ ശക്തമാക്കിയത്. പ്രവര്‍ത്തകരും പൊതുജനങ്ങളും വീടിനുള്ളില്‍ തന്നെയിരുന്ന് തെരഞ്ഞെടുപ്പ് ഫലം അറിയാന്‍ ശ്രമിക്കേണ്ടതാണ്. അല്ലെങ്കില്‍ വരുന്ന ആഴ്ചകളില്‍ മറ്റ് സംസ്ഥാനങ്ങളില്‍ കാണുന്നതുപോലെയുള്ള ഗുരുതര സ്ഥിതിവിശേഷത്തിലേക്ക് കേരളത്തെ നയിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ആരില്‍ നിന്നും രോഗം പകരുന്ന അവസ്ഥയാണുള്ളത്. അതിനാല്‍ തിരക്കുള്ള സ്ഥലങ്ങളും ആള്‍ക്കൂട്ടങ്ങളും ഒഴിവാക്കുക, മുഖത്തോട് ശരിയായി ചേര്‍ന്നിരിക്കുന്ന വിധത്തില്‍ മാസ്‌ക് ധരിക്കുക, കൈകള്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കുക എന്നിവ പ്രതിരോധത്തിന് അത്യാവശ്യമാണ്. അടച്ചിട്ട സ്ഥലങ്ങള്‍ ഏറെ ആപത്താണ്.

വായുവിലുള്ള ചെറിയ കണങ്ങളില്‍ കൂടി വൈറസ് പകരുന്നതിനാല്‍ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ഇടപെടുന്ന എല്ലാവരും ഡബിള്‍ മാസ്‌ക് ധരിക്കേണ്ടതാണ്. സംസ്ഥാനത്ത് വ്യാപനത്തിലുള്ള സാര്‍സ് കൊവ് 2 ബി.1.1.7നെയും ബി.1.617നെയും പ്രതിരോധിക്കുവാന്‍ ഇപ്പോള്‍ നല്‍കിവരുന്ന വാക്സിനുകള്‍ക്ക് ശേഷിയുണ്ട്. എന്നാല്‍ ബഹുഭൂരിപക്ഷം ആള്‍ക്കാരും വാക്സിന്‍ എടുക്കാത്ത സ്ഥിതിക്ക് ഏറെ ശ്രദ്ധിക്കേണ്ടതാണ്.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍

  • മൂക്കും വായും മൂടുന്ന വിധത്തില്‍ മാസ്‌ക് ധരിക്കണം

  • മാസ്‌കില്‍ ഇടയ്ക്കിടെ സ്പര്‍ശിക്കരുത്

  • സംസാരിക്കുമ്പോള്‍ മാസ്‌ക് താഴ്ത്തി ഇടരുത്

  • അണുവിമുക്തമാക്കാത്ത കൈകള്‍ കൊണ്ട് കണ്ണ്, വായ്, മൂക്ക് എന്നിവിടങ്ങളില്‍ സ്പര്‍ശിക്കരുത്

  • അടുത്തുള്ള ആളുമായി രണ്ടു മീറ്റര്‍ അകലം പാലിക്കുക

  • ഗ്ലൗസ്, ഫെയ്സ് ഷീല്‍ഡ് എന്നിവ ധരിക്കുന്നത് അഭികാമ്യം

  • കൂട്ടം കൂടി നില്‍ക്കരുത്

  • കൈകള്‍ ഇടയ്ക്കിടെ സാനിറ്റൈസര്‍ ഉപയോഗിച്ച് അണുവിമുക്തമാക്കുക

  • പൊതു ഇടങ്ങളില്‍ സ്പര്‍ശിക്കേണ്ടി വന്നാല്‍ ഉടനടി കൈകള്‍ അണുവിമുക്തമാക്കണം

  • ശുചിമുറികള്‍ ഉപയോഗിച്ച ശേഷം കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയാക്കുക

  • ശുചിമുറികളില്‍ കയറുമ്പോള്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം

  • ഭക്ഷണ സാധനങ്ങള്‍, കുടിവെള്ളം, പേന തുടങ്ങിയവ കൈമാറരുത്

  • സര്‍ക്കാര്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പാലിക്കുക

വോട്ടെണ്ണല്‍ ഉദ്യോഗസ്ഥരുടെ ശ്രദ്ധയ്ക്ക്

  • കൊവിഡ് 19 മാനദണ്ഡങ്ങള്‍ എല്ലാവരും കൃത്യമായി പാലിക്കണം

  • വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ തലേദിവസം അണുവിമുക്തമാക്കണം

  • കൗണ്ടിംഗ് ടേബിളുകള്‍ സാമൂഹ്യ അകലം പാലിക്കത്തക്കവിധം സജ്ജമാക്കണം

  • കൗണ്ടിംഗ് ഓഫീസര്‍മാര്‍ നിര്‍ബന്ധമായും കയ്യുറ, ഡബിള്‍ മാസ്‌ക്, ഫെയ്സ് ഷീല്‍ഡ് എന്നിവ ഉപയോഗിക്കണം

  • ഹാളില്‍ പ്രവേശിക്കുമ്പോഴും പുറത്തിറങ്ങുമ്പോഴും സാനിറ്റൈസര്‍ നിര്‍ബന്ധമായും ഉപയോഗിക്കണം

  • ഹാളിനകത്തുള്ള സ്ഥാനാര്‍ത്ഥികള്‍, കൗണ്ടിങ് ഏജന്റുമാര്‍ എന്നിവര്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുവെന്ന് ഉറപ്പാക്കണം

  • പോളിംഗ് ചുമതലയ്ക്കു ശേഷം തിരികെ വീട്ടിലെത്തി വസ്ത്രം സോപ്പ് വെള്ളത്തില്‍ മുക്കി

  • വെച്ച് കുളിച്ചതിനു ശേഷം മാത്രമേ കുടുംബാംഗങ്ങളുമായി ഇടപഴകാവൂ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here