ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണം; സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ

ട്രെയിനിൽ അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണം എന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ. കൊച്ചിയില്‍ യുവതി ട്രെയിനിൽ വെച്ച് അക്രമത്തിനിരയായ  സംഭവത്തിലാണ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.

യുവതിയെ ആക്രമിച്ച പ്രതിയെ തിരിച്ചറിഞ്ഞെന്നും ഉടന്‍ പിടികൂടുമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം   യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ആറാഴ്ചയ്ക്കകം സമർപ്പിക്കാൻ ഹൈക്കോടതി നിർദ്ദേശം നല്‍കി. കൊച്ചിയില്‍ മുളന്തുരുത്തി സ്വദേശിനി ട്രെയിനില്‍വെച്ച് അക്രമത്തിനിരയായ സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു.

ഇക്കാര്യത്തില്‍ റെയില്‍വെയോടും പോലീസിനോടും വിശദീകരണം അറിയിക്കാനും കോടതി നിര്‍ദേശിച്ചിരുന്നു.ഇതെത്തുടര്‍ന്നാണ് ട്രെയിനില്‍വെച്ചുള്ള അതിക്രമങ്ങള്‍ തടയാന്‍, സംസ്ഥാന സര്‍ക്കാര്‍ ചില നിര്‍ദേശങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.

അതിക്രമങ്ങൾ തടയാൻ റെഡ് ബട്ടൺ സംവിധാനം ഏർപ്പെടുത്തണമെന്നാണ് പ്രധാന നിര്‍ദേശം.  ഇതുവഴി അതിക്രമത്തിന് ഇരയാക്കുന്നവർക്ക് പെട്ടെന്ന് തന്നെ ട്രെയിനിലെ ലോക്കോ പൈലറ്റിനെയും ഗാർഡിനേയും വിവരം അറിയിക്കാനാകും.

അതിക്രമം ഉണ്ടാകുമ്പോൾ മൊബൈൽ ഫോണിൽ കോൾ സെന്ററിൽ വിളിച്ചറിയിക്കുന്നത് പ്രായോഗികമല്ലെന്നും സർക്കാർ ചൂണ്ടിക്കാട്ടി.പഴക്കം ചെന്ന കോച്ചുകൾ മാറ്റണം.അടുത്ത കോച്ചിലേക്ക് പോകാൻ സൗകര്യം ഇല്ലാത്ത കോച്ചുകളിൽ അപകടം ഉണ്ടായാൽ ഗാർഡിന് പെട്ടെന്ന് എത്തിച്ചേരാൻ കഴിയില്ല. 

ഇത്തരം കോച്ചിലാണ് മുളന്തുരുത്തിയിൽ അതിക്രമം ഉണ്ടായത്.അതിനാല്‍ ഒരു കോച്ചിൽ നിന്ന് തൊട്ടടുത്ത കോച്ചിലേക്ക് പോകാനുള്ള സൗകര്യം വേണമെന്നും സര്‍ക്കാര്‍ അറിയിച്ചു. അതേ സമയം സുരക്ഷയുടെ ചുമതലയുള്ള റെയിൽവേ ഉദ്യോഗസ്ഥനും സംസ്ഥാന പോലീസ് ഡിജിപി യും കൂടിയാലോചിച്ച് ശുപാർശകൾ തയ്യാറാക്കണമെന്ന്  ഹൈക്കോടതി നിര്‍ദേശിച്ചു.

യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആശയങ്ങളും നിർദ്ദേശങ്ങളും ആറാഴ്ചയ്ക്കകം സമർപ്പിക്കാനും കോടതി നിർദ്ദേശം നല്‍കി. ട്രെയിനിനകത്തെ അതിക്രമങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് സ്വമേധയാ കേസ് എടുത്തതെന്നും ഹൈക്കോടതി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News