സുഗമമായ ചരക്കു നീക്കം ഉറപ്പാക്കും, എയര്‍പോര്‍ട്, റെയില്‍വെ യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാവില്ല ; മുഖ്യമന്ത്രി

സുഗമമായ ചരക്കു നീക്കം ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എയര്‍പോര്‍ട്, റെയില്‍വെ യാത്രക്കാര്‍ക്ക് തടസ്സം ഉണ്ടാവില്ലെന്നും ഓക്‌സിജന്‍, ആരോഗ്യ മേഖലയ്ക്ക് വേണ്ട വസ്തുക്കള്‍, സാനിറ്റേഷന്‍ വസ്തുക്കള്‍ എന്നിവയുടെ നീക്കം തടസ്സമില്ലാതെ അനുവദിക്കുമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

ടെലികോം, ഇന്റര്‍നെറ്റ് എന്നീ സേവനങ്ങള്‍ക്ക് മുടക്കമുണ്ടാവില്ല. ബാങ്കുകള്‍ കഴിയുന്നതും ഓണ്‍ലൈന്‍ ഇടപാട് നടത്തണം. ആള്‍ക്കൂട്ടം ഒരു കാരണവശാലും അനുവദിക്കില്ല. അതിഥി തൊഴിലാളികള്‍ക്ക് അതാതിടത്ത് ജോലി ചെയ്യുന്നതിന് തടസ്സമില്ല. റേഷന്‍ , സിവില്‍ സപ്ലൈസ് ഷോപ്പുകള്‍ തുറക്കും. നിയന്ത്രണങ്ങളുടെ വിശദശാംശം ചീഫ് സെക്രട്ടറി ഉത്തരവായി ഇറക്കുന്നുണ്ട്.

എല്ലാ ആരാധനാലയങ്ങളിലും 50 എന്ന അര്‍ത്ഥത്തില്‍ ആകരുത്. ചില സ്ഥലങ്ങളില്‍ തീരെ സൗകര്യം ഉണ്ടാകണമെന്നില്ല. വലിയ സൗകര്യമുള്ള സ്ഥലത്താണ് 50. സൗകര്യം കുറഞ്ഞ സ്ഥലത്ത് അതിനനുസരിച്ച് ആളുകളുടെ എണ്ണവും കുറക്കണം. രാജ്യത്തെ കൊവിഡ് വ്യാപനം അത്യധികം രൂക്ഷമായിക്കൊണ്ടിരിക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്യത്തെ പ്രതിദിന മരണ സംഖ്യ 3500-നു മുകളില്‍ എത്തിയിരിക്കുന്നു. ഏകദേശം നാലു ലക്ഷത്തോളം കേസുകള്‍ എന്നും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യമാണുള്ളത്. കേരളത്തിലും കേസുകള്‍ കൂടി വരുന്ന സാഹചര്യം തന്നെയാണുള്ളത്.അമേരിക്കന്‍ ജേര്‍ണല്‍ ഓഫ് ട്രോപ്പിക്കല്‍ മെഡിസിന്‍ ആന്റ് ഹൈജീനും, പ്രൊസീഡിങ്ങ്‌സ് ഓഫ് ദ നാഷണല്‍ അക്കാദമി ഓഫ് സയന്‍സസും നടത്തിയ പഠനഫലങ്ങള്‍ ഈ ഘട്ടത്തില്‍ നമ്മള്‍ ഗൗരവത്തോടെ കാണേണ്ടതാണ്.

കൊവിഡ് വ്യാപനം നിയന്ത്രണ വിധേയമാക്കിയ ലോകത്തെ വിവിധ പ്രദേശങ്ങളിലെല്ലാം മാസ്‌കുകളുടെ ഉപയോഗം കര്‍ക്കശമായി നടപ്പിലാക്കപ്പെട്ടിരുന്നു എന്നവര്‍ കണ്ടെത്തി. മാസ്‌കുകളുടെ ശാസ്ത്രീയമായ ഉപയോഗം എത്രമാത്രം പ്രധാനപ്പെട്ടതാണെന്നാണ് ഈ പഠനം വ്യക്തമാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News