വീടിനു പുറത്തെവിടേയും ഡബിള്‍ മാസ്‌കിങ്ങ്  ഉപയോഗിക്കുന്നത് പ്രധാനമാണ് ; ഡബിള്‍ മാസ്‌കിങ്ങിന്റെ പ്രാധാന്യം വ്യക്തമാക്കി മുഖ്യമന്ത്രി

വീടിനു പുറത്തെവിടേയും ഡബിള്‍ മാസ്‌കിങ്ങ്ഉപയോഗിക്കുന്നത് പ്രധാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അത്രയും പ്രധാനപ്പെട്ട കാര്യമായതുകൊണ്ട്, അക്കാര്യം വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്. ഡബിള്‍ മാസ്‌കിങ്ങ്ചെയ്യുക എന്നാല്‍ രണ്ടു തുണി മാസ്‌കുകള്‍ ധരിക്കുക എന്നതല്ല. ഒരു സര്‍ജിക്കല്‍ മാസ്‌ക്ധരിച്ചതിനുശേഷം അതിനു മുകളില്‍ തുണി മാസ്‌ക്വെക്കുകയാണ് വേണ്ടത്. ഈ തരത്തില്‍ മാസ്‌കുകള്‍ ധരിക്കുകയും, കൈകള്‍ ഇടയ്ക്കിടെ ശുചിയാക്കുകയും ചെയ്താല്‍ രോഗബാധ വലിയ തോതില്‍ തടയാന്‍ നമുക്ക് സാധിക്കും.

മാസ്‌കുകള്‍ ധരിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ വ്യക്തികളും സംഘടനകളും മുന്നോട്ടു വരണമെന്നുകൂടി അഭ്യര്‍ഥിക്കുകയാണ്. സിനിമാ സാംസ്‌കാരിക മേഖകളിലെപ്രമുഖരും മതമേലദ്ധ്യക്ഷരും രാഷ്ട്രീയ നേതാക്കളും സാഹിത്യകാരന്മാരും, മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ എല്ലാ തുറകളിലുള്ളവരും മാസ്‌കുകള്‍ ധരിക്കുന്നപ്രാധാന്യത്തെക്കുറിച്ച് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ഇടപെടല്‍ നടത്തണം.

അത്തരത്തിലുള്ള ഇടപെടല്‍ നമ്മുടെ അയല്‍രാജ്യമായ ബംഗ്‌ളാദേശില്‍ മികച്ച മാറ്റമുണ്ടാക്കിയെന്ന് പ്രസിദ്ധമായ യേല്‍ സര്‍വകലാശാലയുടെ പഠനം കണ്ടെത്തിയിട്ടുണ്ട്. ഈ ഘട്ടത്തില്‍ അത്തരമൊരു ഇടപെടല്‍ എല്ലാവരില്‍ നിന്നുമുണ്ടാകണമെന്ന് അഭ്യര്‍ത്ഥിക്കുന്നുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഓഫീസ് ഇടങ്ങളില്‍ പലപ്പോളും ഇത്തരം ശ്രദ്ധ കുറയുന്ന ഒരു പ്രവണത ഉണ്ട്. മാസ്‌കുകള്‍ ധരിക്കുന്നതില്‍ അലംഭാവവും അശ്രദ്ധമായ അടുത്തിടപഴകലുകളും ജോലിസ്ഥലങ്ങളില്‍ ഉണ്ടാകാന്‍ പാടുള്ളതല്ല. ഒരുമിച്ചിരുന്നു ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്.

ഭീതിയ്ക്ക്കീഴ്‌പ്പെടാതെ ആത്മവിശ്വാസത്തോടെയും പ്രത്യാശയോടെയും പ്രവര്‍ത്തിക്കേണ്ട സന്ദര്‍ഭമാണിത്. എന്നാല്‍ അറിഞ്ഞും അറിയാതെയും ജനങ്ങളെ അടിസ്ഥാനരഹിതമായആശങ്കകളിലേയ്ക്ക് തള്ളിവിടാനുള്ളശ്രമങ്ങള്‍ ചിലരെങ്കിലും നടത്തുന്നതായികാണാന്‍ കഴിഞ്ഞിട്ടുണ്ട്.

പിഴവുകള്‍ ചൂണ്ടിക്കാണിക്കുന്ന വിമര്‍ശനങ്ങള്‍ അനിവാര്യമാണെന്നതില്‍ തര്‍ക്കമൊന്നുമില്ല. എന്നാല്‍ വാസ്തവവിരുദ്ധവും അതിശയോക്തി കലര്‍ത്തിയതും ആയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നത് ഇതുപോലൊരു ഘട്ടത്തില്‍ പൊറുപ്പിക്കാനാവാത്ത കുറ്റകൃത്യമാണ്. അത്തരം പ്രവൃത്തികള്‍ ചെയ്യുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി മുന്നറിയിപ്പു നല്‍കി.

കോവിഡ് മാനദണ്ഡം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയ ചാത്തന്നൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനം ജില്ലാ കളക്ടര്‍ അടപ്പിച്ചു. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ മുന്നറിയിപ്പും താക്കീതും നല്‍കിയിട്ടും ഗൗരവം ഉള്‍ക്കൊള്ളാത്ത സ്ഥാപനങ്ങള്‍ക്ക് നേരെ തുടര്‍ന്നും സംസ്ഥാനത്താകെ കര്‍ശന നടപടിയെടുക്കാനാണ് തീരുമാനമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News