
കണ്ണൂരിൽ പോസ്‌റ്റൽ വോട്ടിൻ്റെ കെട്ടുമായി കോൺഗ്രസ്സ് നേതാവ് റിട്ടേണിംഗ് ഓഫീസറുടെ അടുത്തെത്തിയത് വിവാദത്തിൽ. കെ പി സി സി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയാണ് 220 പോസ്റ്റൽ വോട്ടുകൾ പേരാവൂർ മണ്ഡലം റിട്ടേണിംഗ് ഓഫീസറെ ഏൽപ്പിക്കാൻ എത്തിയത്.
റിട്ടേണിംഗ് ഓഫീസറായ കണ്ണൂർ ഡി എഫ് ഒ ,പി കാർത്തിക് പോസ്റ്റൽ വോട്ടുകൾ സ്വീകരിച്ചില്ല. കെപിസിസി സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരിയാണ് ശേഖരിച്ച പോസ്‌റ്റൽ വോട്ടുകൾ പേരാവൂർ മണ്ഡലം റിട്ടേണിംഗ് ഓഫീസറായ കണ്ണൂർ ഡിഎഫ്‌ഒ പി കാർത്തിക്കിനെ ഏൽപ്പിക്കാനെത്തിയത്. കൈവശം 220 പോസ്‌റ്റൽ വോട്ടുകളുണ്ടായിരുന്നു.
പോസ്‌റ്റൽ വോട്ട് പോസ്‌റ്റലായി തന്നെ ലഭിക്കണമെന്നും നേരിട്ടുവാങ്ങാനാവില്ലെന്നും പറഞ്ഞ് റിട്ടേണിംഗ് ഓഫീസർ മടക്കി അയച്ചു. തുടർന്ന് ചന്ദ്രൻ തില്ലങ്കേരിയും സംഘവും താണ പോസ്‌റ്റ് ഓഫീസിലെത്തി.
എന്നാൽ 220 പേരുടെ പോസ്‌റ്റൽ വോട്ട് ഒരുമിച്ചുകൊണ്ടു വന്നതിൽ സംശയം തോന്നിയ പോസ്‌റ്റൽ ജീവനക്കാർ ഏറ്റുവാങ്ങാൻ തയ്യാറായില്ല. ഇതോടെ പോസ്‌റ്റ് ബോക്‌സിൽ നിക്ഷേപിച്ച് മടങ്ങുകയായിരുന്നു.
പോസ്റ്റൽ വോട്ടുകളുടെ കെട്ട് കൈവശം വച്ച സംഭവം വിവാദമായിരിക്കുകയാണ് പോസ്റ്റൽ വോട്ട് രേഖപ്പെടുത്തി നേരിട്ട് റിട്ടേണിംഗ് ഓഫീസർക്ക് അയച്ചു കൊടുക്കുകയാണ് വേണ്ടത്.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ പൊലീസ് സംഘടനകൾ പോസ്‌റ്റൽ വോട്ട് ശേഖരിച്ച് റിട്ടേണിംഗ് ഓഫീസർമാർക്ക് അയച്ചുകൊടുത്തെന്ന് ചൂണ്ടിക്കാട്ടി യുഡിഎഫും ചില മാധ്യമങ്ങളും വിവാദമുണ്ടാക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here