വാക്സിൻ വിലയിലും, ഓക്സിജൻ വിതരണത്തിലും കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി

വാക്സിൻ വിലയിലും, ഓക്സിജൻ വിതരണത്തിലും കേന്ദ്രസർക്കാരിനോട് ചോദ്യങ്ങളുമായി സുപ്രീംകോടതി. രണ്ട് വില ഈടാക്കുന്നത് ഏത് സഹചര്യത്തിലെന്നും, 100 ശതമാനം വാക്സിനും കേന്ദ്രത്തിന് വാങ്ങി സൗജന്യമായി വിതരണം ചെയ്തുകൂടെ എന്നും കോടതി ചോദിച്ചു.

വാക്സിനുകളുടെ വില നിർണയിക്കേണ്ടത് കമ്പനികൾക്ക് ആയിരിക്കരുതെന്നും ജസ്റ്റിസ് ഡിവൈ ചന്ദ്രചൂട് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.  നാളെ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. 10ന് കേസ് വീണ്ടും പരിഗണിക്കും.

അതേ സമയം ഓക്സിജൻ വിതരണക്കാരെയും, ആശുപത്രികളെയും ബന്ധിപ്പിക്കുന്ന വാട്സ്ആപ് ഗ്രൂപ്പ് ആരംഭിക്കാൻ ദില്ലി ഹൈക്കോടതി നിർദേശം നൽകി.

കോവിഡുമായി ബന്ധപ്പെട്ട് കോടതി സ്വമേധയാ എടുത്ത കേസിലാണ്  ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനങ്ങളുന്നയിച്ചത്.

പൊതുമുതൽ ഉപയോഗിച്ച് സർക്കാരിന്റെ ധനസഹായത്തോടെയാണ് വാക്‌സിൻ നിർമിക്കുന്നത്. അങ്ങനെയാകുമ്പോൾ വാക്‌സിൻ സ്വാഭാവികമായും പൊതുമുതലായി പരിഗണിക്കപ്പെടേണ്ടതാണ്.

സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും രണ്ടു തരത്തിലുള്ള വില ഈടാക്കാൻ കമ്പനികൾക്ക് അനുമതി നൽകുന്നത് എന്തിനാണ്? എന്തിനാണ് ഇത്തരത്തിൽ രണ്ടുവില? ചില സംസ്ഥാനങ്ങൾക്ക് പരിഗണന നൽകാനും ചിലരെ അവഗണിക്കാനും കമ്പനികൾക്ക് അവസരം നൽകുന്ന ഒരു സാഹചര്യം ഇതിലൂടെ ഉണ്ടാകില്ലേ.. രണ്ടു തരത്തിൽ വിതരണം ചെയ്യുന്നതിനു പകരം വാക്‌സിൻ പൂർണമായും കേന്ദ്രം വാങ്ങി സംസ്ഥാനങ്ങൾക്ക് വിതരണം ചെയ്യുന്ന രീതി എന്തുകൊണ്ട് നടപ്പാക്കികൂടാ എന്നും കോടതി കേന്ദ്രത്തോട് ചോദിച്ചു.

വില നിര്‍ണയിക്കേണ്ടത് കമ്പനികൾ ആകരുതെന്നും കോടതി വ്യക്തമാക്കി. പേറ്റന്റ് നിയമത്തിലെ 92-ാംവകുപ്പ് അനുസരിച്ച് ഉടമയുടെ അനുമതിയില്ലാതെ തന്നെ അവശ്യമരുന്നുകളുടെ നിർമാണത്തിലേക്ക് കൂടുതൽ ആളുകളെ കൊണ്ടുവരുന്ന നടപടിയിലേക്ക് കേന്ദ്രത്തിന് എന്തുകൊണ്ട് കടന്നുകൂടാ? അടിയന്തര സാഹചര്യത്തിൽ അത്തരമൊരു നടപടിക്ക് നിയമത്തിൽ വകുപ്പുണ്ട്. അത് എന്തുകൊണ്ട് പ്രയോഗിച്ചുകൂടാ? ഇതേക്കുറിച്ച് കേന്ദ്രം ആലോചിച്ചിട്ടുണ്ടോ എന്നും ജസ്റ്റിസ് ചന്ദ്രചൂഡിന്റെ ബെഞ്ച് ചോദ്യം ഉന്നയിച്ചു.

വിഷയത്തിൽ നാളെ കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും. 10ന് വീണ്ടും കേസ് പരിഗണിക്കും. അതേ സമയം ഓക്സിജൻ ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി വാട്സ്ആപ് ഗ്രൂപ്പ് ആരംഭിക്കാൻ ദില്ലി ഹൈക്കോടതി നിർദേശിച്ചു.

ആശുപത്രികളെയും, ഓക്സിജൻ വിതരണക്കാരെയും ബന്ധിപ്പിക്കുന്ന വാട്സ്ആപ് ഗ്രൂപ്പ് ഓക്സിജൻ വിതരണം സുതാര്യമാക്കാൻ സഹായിക്കുമെന്നാണ് ദില്ലി ഹൈക്കോടതി നിരീക്ഷണം

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here