കൊവിഡ് വ്യാപനം വർധിക്കുന്ന സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിലെ നാലു പഞ്ചായത്തുകളിൽക്കൂടി സിആർപിസി 144 പ്രകാരമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. അഴൂർ, പഴയകുന്നുമ്മേൽ, കടയ്ക്കാവൂർ, കള്ളിക്കാട്, വിളപ്പിൽ, ഒറ്റശേഖരമംഗലം, ആര്യനാട്, വെങ്ങാനൂർ, പൂവാർ, കുന്നത്തുകാൽ, ഒറ്റൂർ, ഇടവ പഞ്ചായത്തുകളിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്. ഈ പ്രദേശങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിനു മുകളിലെത്തിയ സാഹചര്യത്തിലാണു നടപടിയെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.
നിരോധനാജ്ഞ പ്രഖ്യാപിച്ച പ്രദേശങ്ങളിൽ ആരാധനാലയങ്ങളിൽ ചടങ്ങുകൾക്ക് അഞ്ചു പേരിൽക്കൂടുതൽ പങ്കെടുക്കാൻ പാടില്ല. പൊതുസ്ഥലങ്ങളിൽ അഞ്ചു പേരിൽ കൂടുതൽ കൂട്ടംകൂടരുത്. വിവാഹങ്ങളിലും മറ്റു പൊതു ചടങ്ങുകളിലും 25 പേരിൽ കൂടുതൽ പങ്കെടുക്കാൻ പാടില്ല. ഇവ കോവിഡ് ജാഗ്രതാ പാർട്ടലിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തിരിക്കണം. അനുവദനീമായവ ഒഴികെ എല്ലാത്തരം ഒത്തുചേരലുകളും നിർബന്ധമായും ഒഴിവാക്കണം.
പലചരക്ക്, പഴങ്ങൾ, പച്ചക്കറികൾ എന്നിവ വിൽക്കുന്ന കടകൾ, മെഡിക്കൽ സ്റ്റോറുകൾ, പെട്രോൾ പമ്പുകൾ എന്നിവ ഒഴികെയുള്ള എല്ലാ വാണിജ്യ സ്ഥാപനങ്ങളും രാത്രി 7.30ന് അടയ്ക്കണം. ഹോട്ടലുകളിൽ 7.30 വരെ ഇരുന്നു ഭക്ഷണം കഴിക്കാൻ അനുവദിക്കും. അതിനു ശേഷം ഒമ്പതു വരെ ടേക്ക് എവേ, പാഴ്സൽ സർവീസുകളാകാം.
തൊഴിലിടങ്ങളിലും ഉപജീവനവുമായി ബന്ധപ്പെട്ട മറ്റു കേന്ദ്രങ്ങളിലും കർശന കോവിഡ് മാനദണ്ഡങ്ങൾ പാലിക്കണം. വ്യാപാര സ്ഥാപനങ്ങളിൽ കർശന പരിശോധനയുണ്ടാകും. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചാൽ അത്തരം സ്ഥാപനങ്ങൾ രണ്ടു ദിവസമോ അതിൽ കൂടുതൽ കാലയളവോ അടച്ചിടുമെന്നും കളക്ടർ അറിയിച്ചു. നിയന്ത്രങ്ങൾ പ്രഖ്യാപിച്ചിരിക്കുന്ന സ്ഥലങ്ങളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20നു താഴെ എത്തുന്നതുവരെ അവ തുടരുമെന്നും കളക്ടർ അറിയിച്ചു.
Get real time update about this post categories directly on your device, subscribe now.