രാജ്യത്ത് നാല് ലക്ഷം കടന്ന് പ്രതിദിന രോ​ഗികള്‍

കൊവിഡ് വ്യാപനം അതിതീവ്രമായി തുടരുന്നതിനിടെ രാജ്യത്ത് പ്രതിദിന രോ​ഗികളുടെ എണ്ണം നാല് ലക്ഷം കടന്നു. 24 മണിക്കൂറിനിടെ 4,02,351 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഒമ്പത് ദിവസം കൊണ്ടാണ് പ്രതിദിന കൊവിഡ് നിരക്ക് മൂന്ന് ലക്ഷത്തില്‍ നിന്ന് നാല് ലക്ഷമായത്. ഏപ്രില്‍ മാസത്തില്‍ മാത്രം 65 ലക്ഷം കൊവിഡ് കേസുകളാണ് ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തത്.

അതേസമയം, രാജ്യത്ത് 18 മുതല്‍ 44 വയസ്സ് വരെയുള്ളവര്‍ക്കായുള്ള വാക്സിന്‍ വിതരണം ഇന്ന് തുടങ്ങും. എന്നാല്‍ ആവശ്യത്തിന് വാക്സിന്‍ ഇല്ലാത്തതിനാല്‍ നിരവധി സംസ്ഥാനങ്ങള്‍ വാക്സിന്‍ വിതരണം ഇന്ന് തുടങ്ങാന്‍ കഴിയില്ലെന്ന നിലപാട് അറിയിച്ചിട്ടുണ്ട്.

ദില്ലി , ബീഹാര്‍, ബംഗാള്‍, പഞ്ചാബ്, മധ്യപ്രദേശ്, അടക്കമുള്ള സംസ്ഥാനങ്ങളാണ് വാക്സിന്‍ വിതരണം തുടങ്ങാന്‍ കഴിയില്ലെന്ന നിലപാട് സ്വീകരിച്ചത്. മഹാരാഷ്ട്രയില്‍ പരിമിതമായ വാക്സിന്‍ ആണ് ഉള്ളതെങ്കിലും വാക്സിനേഷന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ഗുജറാത്ത്, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളിലെ ചില ജില്ലകളിലും ഇന്ന് വാക്സിന്‍ വിതരണം തുടങ്ങും. ഫോര്‍ട്ടിസ്, അപ്പോളോ, മാക്സ് എന്നീ സ്വകാര്യ ആശുപത്രികളും ഇന്ന് വാക്സിന്‍ വിതരണം തുടങ്ങും.

റഷ്യയില്‍ നിന്ന് സ്പുട്നിക് വാക്സിന്റെ ആദ്യ ബാച്ച്‌ ഇന്ത്യയില്‍ എത്തുന്നതും ഇന്നാണ്. കേരളത്തില്‍ 18 വയസിന് മുകളില്‍ ഉള്ളവരുടെ വാക്സിനേഷന്‍ ഇന്ന് തുടങ്ങില്ല. സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ വാക്സിന്‍ എത്താത്തതും മാര്‍ഗ നിര്‍ദേശങ്ങള്‍ വരാത്തതും ആണ് കാരണം. അതേ സമയം 45, 60 വയസിന് മേല്‍ പ്രായം ഉള്ളവരുടെയും രണ്ടാം ഡോസ് എടുക്കേണ്ടവരുടെയും വാക്സിനേഷന്‍ തിരുവനന്തപുരം ജില്ലയില്‍ ഒഴികെ മറ്റിടങ്ങളില്‍ തുടരും.

18നും 45 നും ഇടയില്‍ പ്രായമുള്ളവരുടെ വാക്സിനേഷന്‍ സംബന്ധിച്ച്‌ എല്ലാ സംസ്ഥാനങ്ങളിലും പ്രതിസന്ധിയില്ലെന്നാണ് കേന്ദ്രസര്‍ക്കാര്‍ പറയുന്നത്. ഇന്ന്‌ മുതല്‍ വാക്സിനേഷന് സജ്ജമെന്ന് മൂന്ന് സ്വകാര്യ ആശുപത്രികള്‍ കേന്ദ്രത്തെ അറിയിച്ചിട്ടുണ്ട്. അപ്പോളോ, ഫോര്‍ട്ടിസ്, മാക്സ് ആശുപത്രി ശൃംഖലകളാണ്‌ വാക്സിനേഷന് സജ്ജമെന്ന് വ്യക്തമാക്കിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here