കൊവിഡ്:നടപടികൾ കടുപ്പിച്ച് ഓസ്‌ട്രേലിയ, ഇന്ത്യയിൽ നിന്ന് വരുന്നവർക്ക് അഞ്ചുവർഷം തടവ്

ഇന്ത്യയിൽ നിന്ന് യാത്രാവിലക്ക് ഏർപ്പെടുത്താനുള്ള തീരുമാനത്തിനുപിന്നാലെ കടുത്ത നടപടികളുമായി ഓസ്‌ട്രേലിയൻ ഭരണകൂടം.കൊവിഡ് രൂക്ഷമായ ഇന്ത്യയിൽനിന്ന് വരുന്നവർക്ക് അഞ്ചുവർഷം വരെ ജയിൽശിക്ഷയും അനുഭവിക്കേണ്ടി വരുമെന്നാണ് പുതിയ ഉത്തരവ്. ഇതിനു പുറമെ പിഴയും ചുമത്തും.

കഴിഞ്ഞ 14 ദിവസത്തിനിടയിൽ ഇന്ത്യയിൽ കഴിയുന്നവര്‍ ആസ്‌ട്രേലിയയിലെത്തുന്നത് തടയും. വിലക്ക് ലംഘിക്കുന്നവർക്കാണ് ശക്തമായ ശിക്ഷ ഏർപ്പെടുത്തുന്നത്. ഇന്ത്യയിലുള്ള ഓസ്‌ട്രേലിയൻ പൗരന്മാർക്കും ഓസ്‌ട്രേലിയയിൽ കഴിയുന്ന വിദേശികൾക്കും പുതിയ ഉത്തരവ് ബാധകമാകും. ഇതാദ്യമായാണ് സ്വന്തം പൗരന്മാർ നാട്ടില്‍ വരുന്നത് ഓസ്‌ട്രേലിയ ക്രിമിനൽ കുറ്റമായി കണക്കാക്കുന്നത്. ഇന്ത്യയിൽനിന്നുള്ള യാത്ര തടയാനുള്ള ശക്തമായ നടപടികളുടെ ഭാഗമായാണ് പുതിയ നീക്കം.

നിയന്ത്രണങ്ങൾ തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും. വിലക്ക് ലംഘിക്കുന്നവർക്ക് അഞ്ചുവർഷം വരെ തടവുശിക്ഷയും കനത്ത പിഴയും ചുമത്തുമെന്ന് ഓസ്‌ട്രേലിയൻ ആരോഗ്യ മന്ത്രി ഗ്രെഗ് ഹണ്ട് പ്രസ്താവനയിൽ പറഞ്ഞു. തീരുമാനം മെയ് 15ന് പുനപരിശോധിച്ചേക്കും. പുതിയ നടപടിയെത്തുടർന്ന് 9,000ത്തോളം ഓസ്‌ട്രേലിയക്കാരാണ് ഇന്ത്യയിൽ കുടുങ്ങിയിരിക്കുന്നത്. ഇതിൽ 650 പേരുടെ നില ഗുരുതരമാണ്. ഇന്ത്യയിൽ പുരോഗമിക്കുന്ന ഐപിഎൽ ടൂർണമെന്റിൽ പങ്കെടുക്കുന്ന ഓസ്‌ട്രേലിയൻ താരങ്ങളെയും ഉത്തരവ് ബാധിച്ചേക്കും.

അതേസമയം നടപടി മുൻകൂട്ടിക്കണ്ട് ഐപിഎല്ലിൽ അംപയറായിരുന്ന പോൾ റൈഫൽ കഴിഞ്ഞ ദിവസം ടൂർണമെന്റ് ഉപേക്ഷിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. ആദം സാംപ, ജെയ് റിച്ചാർഡ്‌സൻ, ആൻഡ്ര്യു ടൈ അടക്കമുള്ള ഓസ്‌ട്രേലിയൻ ക്രിക്കറ്റ് താരങ്ങളും പാതിവഴിയിൽ നാട്ടിലേക്ക് തിരിച്ചു. ഓസ്‌ട്രേലിയയിൽ കഴിയുന്ന ഇന്ത്യൻ വംശജരെയും തീരുമാനം ബാധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News