‘തലക്ക്​ മുകളിൽ വെള്ളമെത്തി, ഇനിയെങ്കിലും ഉണർന്ന്​ പ്രവർത്തിക്കൂ’ കേന്ദ്രത്തോട് ദില്ലി ഹൈക്കോടതി

ദില്ലിയിലെ ആശുപത്രികൾക്ക്​ ആവശ്യമായ ഓക്​സിജൻ എത്തിക്കാത്ത കേന്ദ്ര നടപടിയെ വിമർശിച്ച്​ ദില്ലിഹൈക്കോടതി. ‘തലക്ക്​ മുകളിൽ വെള്ളമെത്തി, ഇനിയെങ്കിലും ഉണർന്ന്​ പ്രവർത്തിക്കണം’ എന്ന പരാമർശവും കോടതി നടത്തി. ഏത്​ വിധേനയും ദില്ലിയിലെ ആശുപത്രികള്‍ക്കുള്ള ഓക്‌സിജന്‍ വിഹിതം ഇന്ന് തന്നെ നല്‍കണമെന്ന കർശന നി​ർദേശവും കേന്ദ്ര സര്‍ക്കാറിന്​ നൽകിയിട്ടുണ്ട്​.

ഡല്‍ഹിക്ക് അര്‍ഹതപ്പെട്ട 490 മെട്രിക് ടണ്‍ ഓക്‌സിജന്‍ ഇന്നു തന്നെ നല്‍കണമെന്നാണ് നിര്‍ദേശം. ഇല്ലെങ്കില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കുമെന്നും കോടതി മുന്നറിയിപ്പ് നല്‍കി.

‘വെള്ളം നമ്മുടെ തലയ്ക്ക് മുകളിലെത്തി. ഇനിയെങ്കിലും അനാസ്​ഥ മതിയാക്കാം. നിങ്ങളാണ് ഓക്‌സിജന്‍ വിഹിതം അനുവദിച്ചത്. അത് ഏർപ്പാടാക്കി കൊടുക്കണം. എട്ട് ജീവനുകള്‍ ഇന്ന്​ നഷ്​ടപ്പെട്ടു. ഇതിന് നേരെ കണ്ണടയ്ക്കാന്‍ ഇനിയാകില്ല’-കോടതി പറഞ്ഞു. ബത്ര ആശുപത്രിയില്‍ ഓക്‌സിജന്‍ ലഭിക്കാതെ ഡോക്​ടറടക്കം എട്ട് രോഗികള്‍ മരിച്ചതിനെ പരാമർശിച്ച്​ കോടതി പ്രതികരിച്ചു.

ജസ്റ്റിസുമാരായ വിപിന്‍ സാംഗിയും രേഖ പിള്ളയുമടങ്ങിയ ബഞ്ച്​ ആണ്​ വിഷയം പരിഗണിച്ചത്​. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണെന്ന കാര്യം അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ചേതന്‍ ശര്‍മ ചൂണ്ടിക്കാണി​ച്ചെങ്കിലും അക്കാര്യമൊന്നും പറയേണ്ടന്നും ദില്ലിയില്‍ ആളുകള്‍ മരിക്കുമ്പോള്‍ അതിന് നേരെ കണ്ണടയ്ക്കാന്‍ ആകില്ലെന്നുമായിരുന്നു കോടതിയുടെ മറുപടി. ഹരജി തിങ്കളാഴ്ചത്തേക്ക് മാറ്റിവെക്കണമെന്ന കേന്ദ്രത്തിന്‍റെ ആവശ്യവും കോടതി തള്ളി. ഇന്ന് ഓക്‌സിജന്‍ എത്തിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ അതിന്‍റെ വിശദീകരണം തിങ്കളാഴ്ച കേള്‍ക്കാമെന്നാണ്​ കോടതി പറഞ്ഞത്​.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here