വാക്‌സിനേഷന്‍ സെന്ററുകള്‍ രോഗം പടര്‍ത്തുന്ന കേന്ദ്രമാക്കരുത്, സമയത്തിന് മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്താവൂ ; മുഖ്യമന്ത്രി

വാക്‌സിനേഷന്‍ സെന്ററുകള്‍ രോഗം പടര്‍ത്തുന്ന കേന്ദ്രമാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമയത്തിന് മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്താവൂ എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ടാമത്തെ ഡോസിന് സമയമായവരുടെ ലിസ്റ്റ് രേഖപ്പെടുത്തി നേരിട്ട് സമയം വിളിച്ചറിയിക്കും.

സമയത്തിന് മാത്രമേ വാക്‌സീനേഷന്‍ കേന്ദ്രത്തിലെത്താവൂ. രണ്ടാമത്തെ ഡോസ് കിട്ടില്ലെന്ന പേടി ആര്‍ക്കും വേണ്ട. 18-45 പ്രായക്കാര്‍ക്കുള്ള വാക്‌സീന്‍ കുറച്ച് കൂടി വൈകും. വാക്‌സീന്‍ നാളെ മുതല്‍ കിട്ടില്ല. വാക്‌സീന് വേണ്ടി ചര്‍ച്ച പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍ 18 വയസിന് മുകളിലുള്ള 93 കോടി ആളുകള്‍ക്ക് വാക്‌സീന്‍ നല്‍കേണ്ടി വരും. 45 വയസിന് മുകളില്‍ 30 കോടി പേരാണ് ഉള്ളത്. ഇതുവരെ കേന്ദ്രം വാക്‌സീന്‍ ലഭ്യമാക്കിയത് 12.8 കോടി പേര്‍ക്കാണ്. കേരളത്തിന് ആവശ്യമായ വാക്‌സീന്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇതുവരെ നല്‍കിയ രണ്ടാം ഡോസ് കൂടി കണക്കാക്കിയാല്‍ 74 ലക്ഷം നല്‍കി. ഇത് ഏപ്രില്‍ 30 നുള്ളില്‍ തീര്‍ക്കാന്‍ ലക്ഷ്യമിട്ടതിന്റെ പാതി പോലുമായിട്ടില്ല. കേന്ദ്രം ഗൗരവത്തോടെ അപേക്ഷ പരിഗണിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാസ്‌ക് ധരിക്കണമെന്ന സുരക്ഷ എല്ലാവരും സ്വീകരിക്കണം. അശ്രദ്ധ കാണിക്കുന്നവരെ ബോധവത്കരിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകണം. വാള്‍വ് ഘടിപ്പിച്ച മാസ്‌കുകള്‍ ഒഴിവാക്കണം. എന്‍95 അല്ലെങ്കില്‍ സര്‍ജിക്കല്‍ മാസ്‌കിന് മുകളില്‍ തുണി മാസ്‌ക് ധരിക്കണം.

ഓക്‌സിജന്‍ വീട്ടില്‍ ഉല്‍പ്പാദിപ്പിക്കാമെന്ന പ്രചാരണം അടിസ്ഥാന രഹിതവും അപകടം വിളിച്ചുവരുത്തുന്നതുമാണ്. ഇത്തരം അശാസ്ത്രീയ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് കുടുങ്ങരുത്. 50 ശതമാനം കിടക്കകള്‍ കൊവിഡിന് മാറ്റിവെക്കാന്‍ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടു. പരമാവധി ആശുപത്രികളെ കാരുണ്യ പദ്ധതിയുടെ ഭാഗമാക്കി. 150 ആശുപത്രികള്‍ ഇപ്പോള്‍ പദ്ധതിയുടെ ഭാഗമാണ്. 100 ആയിരുന്നു ഒരാഴ്ച മുന്‍പ്. കൂടുതല്‍ ആശുപത്രികള്‍ പദ്ധതിയുടെ ഭാഗമാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റിക്ക് കീഴിലാണ് ഇപ്പോള്‍ കാസ്പ് പ്രവര്‍ത്തിക്കുന്നത്. ഇതുവരെ 80 കോടിയുടെ ചികിത്സ ഇതിനകം നടത്തി. ആശുപത്രികള്‍ ആശങ്കയില്ലാതെ മുന്നോട്ട് വന്ന് കാസ്പ് പദ്ധതിയുടെ ഗുണഫലം കൂടുതല്‍ പേരിലെത്തിക്കാന്‍ മുന്‍കൈയെടുക്കണം.

ഗ്രാമപ്രദേശങ്ങളില്‍ കൊവിഡ് വ്യാപനം തടയാന്‍ വീട്ടമ്മമാരുടെ സേവനം ഉപയോഗിക്കും. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഗ്രാമ പ്രദേശം സന്ദര്‍ശിച്ച് വീട്ടമ്മമാര്‍ക്കും സ്ത്രീകള്‍ക്കും ബോധവത്കരണം നല്‍കും. നിയമലംഘകരെ കണ്ടെത്തി പൊലീസിനെ അറിയിക്കാന്‍ ആവശ്യപ്പെടും. എത്ര വലിയ ആരാധനാലയത്തിലും പരമാവധി 50 പേര്‍ക്കാണ് പ്രവേശന അനുമതി. ചെറിയവയില്‍ 50 ല്‍ താഴെയായി പരിമിതപ്പെടുത്തണം. സാമൂഹിക അകലം പാലിക്കാതെ വിശ്വാസികള്‍ കടക്കുന്നില്ലെന്ന് എസ്എച്ച്ഒമാര്‍ ഉറപ്പാക്കണം.

ഗുജറാത്തിലെ ബറൂച്ചിലെ പട്ടേല്‍ വെല്‍ഫെയര്‍ ആശുപത്രിയില്‍ തീപിടിച്ച് 18 പേരാണ് മരിച്ചത്. അത്തരം സംഭവങ്ങള്‍ നമ്മുടെ നാട്ടില്‍ ഉണ്ടാകരുത്. ഓക്‌സിജന്‍ കൂടിയ അളവില്‍ ശേഖരിച്ച് സൂക്ഷിക്കുന്ന ഈ സാഹചര്യത്തില്‍ ആശുപത്രികളിലെ ഫയര്‍ ആന്റ് സേഫ്റ്റി കൃത്യമാണെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പാക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News