വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ചുമതലപ്പെട്ടവര്‍ മാത്രം പോകുക, ഫലപ്രഖ്യാപനം വരുമ്പോള്‍ ഒത്തുചേരല്‍ പാടില്ല ; മുഖ്യമന്ത്രി

വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് ചുമതലപ്പെട്ടവര്‍ മാത്രം പോകാന്‍ പാടുള്ളുവെന്നും ഫലപ്രഖ്യാപനം വരുമ്പോള്‍ ഒത്തുചേരല്‍ പാടില്ലെന്നും നിര്‍ദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്താകെയും വോട്ടെണ്ണല്‍ കേന്ദ്രത്തിലും സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ് നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വോട്ടെണ്ണല്‍ കേന്ദ്രത്തിന് മുന്നില്‍ ആളുകള്‍ തടിച്ചുകൂടരുതെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നിശ്ചിത ആളുകളല്ലാതെ മറ്റാരെയും അവിടെ അനുവദിക്കില്ല. വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ചുമതലപ്പെട്ടവരല്ലാതെ ആരും പോകരുത്. ഫലപ്രഖ്യാപനം വരുമ്പോള്‍ പ്രവര്‍ത്തകര്‍ക്കെല്ലാം അതേവരെ അടക്കിവെച്ച ആവേശം വലിയ തോതില്‍ പ്രകടിപ്പിക്കാന്‍ തോന്നും. എന്നാല്‍ ഇന്നത്തെ നാടിന്റെ സാഹചര്യം കാണണം. എല്ലാവരും ആഹ്ലാദ പ്രകടനത്തില്‍ നിന്ന് മാറിനില്‍ക്കണം. നന്ദി പ്രകടിപ്പിക്കാന്‍ സ്ഥാനാര്‍ത്ഥികള്‍ പോകുന്ന പതിവ് ഇത്തവണ തുടരരുതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി.

കൊവിഡ് വ്യാപനത്തിന് ശമനം വന്നാല്‍ അത്തരം കാര്യങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാം. ഇപ്പോള്‍ സമൂഹ മാധ്യമങ്ങള്‍ വഴി വോട്ടര്‍മാരെ അഭിസംബോധന ചെയ്യാം. ആഹ്ലാദ പ്രകടനം നടത്താന്‍ ജയിച്ചവര്‍ക്ക് ആഗ്രഹം കാണും. നാടിന്റെ അവസ്ഥ പരിഗണിച്ച് എല്ലാവരും അതില്‍ നിന്ന് മാറിനില്‍ക്കണം. കൊവിഡ് പ്രതിരോധത്തില്‍ പങ്കെടുക്കുന്നതും സഹകരിക്കുന്നതുമാണ് ഇന്നത്തെ ഘട്ടത്തിലെ നന്ദിപ്രകടനം.

കൂട്ടം ചേര്‍ന്നുള്ള പ്രതികരണം തേടല്‍ മാധ്യമങ്ങള്‍ കഴിവതും ഒഴിവാക്കണം. 24 മണിക്കൂറിനിടെ സംസ്ഥാനത്ത് മാസ്‌ക് ധരിക്കാത്ത 21733 പേര്‍ക്കെതിരെ കേസെടുത്തു. അകലം പാലിക്കാത്ത 11210 പേര്‍ക്കെതിരെയും കേസെടുത്തു. പിഴയായി 6548750 രൂപ ഈടാക്കി. കേന്ദ്രത്തില്‍ നിന്ന് ഇപ്പോള്‍ ആവശ്യമായ വാക്‌സീന്‍ കിട്ടേണ്ടതുണ്ട്. അക്കാര്യത്തില്‍ എന്തോ വിഷമസ്ഥിതി ഇപ്പോഴുണ്ട്. വാക്‌സീന്‍ രാജ്യത്തുല്‍പ്പാദിപ്പിക്കുന്നുണ്ട്. അത് മുഴുവനായി സമാഹരിച്ച് നല്‍കാന്‍ കേന്ദ്രം ശ്രമിക്കണം. അതാണ് സുപ്രീം കോടതി നിര്‍ദ്ദേശവും. അതിലേക്ക് കേന്ദ്രം ഉടനെ നീങ്ങണം. ഇപ്പോഴത്തെ വിഷമം ആ നിലയില്‍ പരിഹരിക്കാനാവും.

വാക്‌സീന്‍ വാങ്ങുന്നതില്‍ ആലോചന സര്‍ക്കാര്‍ തുടങ്ങി. പ്രായോഗിക സാഹചര്യത്തിലേക്ക് എത്തിയിട്ടില്ല. സാങ്കേതിക കാര്യങ്ങളുണ്ട്. രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ട്. ഇനിയും വര്‍ധിച്ചേക്കും. വര്‍ധിച്ചാല്‍ സ്വീകരിക്കേണ്ട കരുതല്‍ നടപടി സര്‍ക്കാര്‍ സ്വീകരിക്കുന്നുണ്ട്. ഓക്‌സിജന്‍, വെന്റിലേറ്റര്‍, ഐസിയു എല്ലാം ഒരുക്കും. അതാകെ വിളിച്ചുപറയേണ്ടതില്ല. എല്ലാ ഒരുക്കവും സര്‍ക്കാര്‍ ചെയ്യുന്നുണ്ട്. അക്കാര്യത്തില്‍ പരിഭ്രാന്തി വേണ്ട.

കൊവിഡ് പോസിറ്റീവായെന്ന് മനസിലാക്കിയാല്‍ ഇന്നത്തെ പരിഷ്‌കൃത സമൂഹത്തില്‍ മറ്റുള്ളവരോട് ഇടപെടാതിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലാതെ ചെയ്യുന്നത് കുറ്റകരമാണ്. സര്‍ക്കാരിനോട് ആര്‍ക്കും എന്തും ആവശ്യപ്പെടാവുന്നതാണ്. മഹാമാരിയെയാണ് ഇന്ന് നേരിടുന്നത്. എല്ലാ സജ്ജീകരണവും പൂര്‍ണതോതില്‍ വേണം. ലാബുകള്‍ വ്യക്തികളുടെയോ സംഘത്തിന്റെയോ ആയാല്‍ ഓരോരുത്തര്‍ക്കും ഇഷ്ടം പോലെ തീരുമാനിക്കാന്‍ കഴിയില്ല. ഇപ്പോള്‍ സഹകരിക്കാത്തവര്‍ ആദ്യം സഹകരിക്കണം. പിന്നെന്തെങ്കിലും ഉണ്ടെങ്കില്‍ ചര്‍ച്ച ചെയ്യും. സഹകരിക്കുന്നില്ലെങ്കില്‍ സര്‍ക്കാര്‍ സ്വീകരിക്കേണ്ട നടപടി സ്വീകരിക്കും.

നിര്‍മാണ മേഖലയ്ക്ക് ഇപ്പോള്‍ നിയന്ത്രണമില്ല. എന്നാല്‍ എവിടെയാണോ ജോലിക്ക് എത്തുന്നത് അവിടെ തന്നെ താമസിക്കാന്‍ സൗകര്യം ഒരുക്കണം. അല്ലാതെ നിയന്ത്രണം ഇല്ല. മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ ധാരാളം ഭാവനാ സമ്പന്നരായ ആളുകളുണ്ട്. അവരാണ് സത്യപ്രതിജ്ഞാ സമയം ചോദിച്ചതിന് പിന്നില്‍. അത്തരത്തില്‍ ഒരു നടപടിയിലേക്ക് ഇപ്പോള്‍ കടന്നിട്ടില്ല.

വാക്‌സിനേഷന്‍ സെന്ററുകള്‍ രോഗം പടര്‍ത്തുന്ന കേന്ദ്രമാക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമയത്തിന് മാത്രമേ വാക്‌സിനേഷന്‍ കേന്ദ്രത്തിലെത്താവൂ എന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. രണ്ടാമത്തെ ഡോസിന് സമയമായവരുടെ ലിസ്റ്റ് രേഖപ്പെടുത്തി നേരിട്ട് സമയം വിളിച്ചറിയിക്കും.

സമയത്തിന് മാത്രമേ വാക്‌സീനേഷന്‍ കേന്ദ്രത്തിലെത്താവൂ. രണ്ടാമത്തെ ഡോസ് കിട്ടില്ലെന്ന പേടി ആര്‍ക്കും വേണ്ട. 18-45 പ്രായക്കാര്‍ക്കുള്ള വാക്‌സീന്‍ കുറച്ച് കൂടി വൈകും. വാക്‌സീന്‍ നാളെ മുതല്‍ കിട്ടില്ല. വാക്‌സീന് വേണ്ടി ചര്‍ച്ച പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

ഇന്ത്യയില്‍ 18 വയസിന് മുകളിലുള്ള 93 കോടി ആളുകള്‍ക്ക് വാക്‌സീന്‍ നല്‍കേണ്ടി വരും. 45 വയസിന് മുകളില്‍ 30 കോടി പേരാണ് ഉള്ളത്. ഇതുവരെ കേന്ദ്രം വാക്‌സീന്‍ ലഭ്യമാക്കിയത് 12.8 കോടി പേര്‍ക്കാണ്. കേരളത്തിന് ആവശ്യമായ വാക്‌സീന്‍ ഇതുവരെ ലഭിച്ചിട്ടില്ല. ഇതുവരെ നല്‍കിയ രണ്ടാം ഡോസ് കൂടി കണക്കാക്കിയാല്‍ 74 ലക്ഷം നല്‍കി. ഇത് ഏപ്രില്‍ 30 നുള്ളില്‍ തീര്‍ക്കാന്‍ ലക്ഷ്യമിട്ടതിന്റെ പാതി പോലുമായിട്ടില്ല. കേന്ദ്രം ഗൗരവത്തോടെ അപേക്ഷ പരിഗണിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

മാസ്‌ക് ധരിക്കണമെന്ന സുരക്ഷ എല്ലാവരും സ്വീകരിക്കണം. അശ്രദ്ധ കാണിക്കുന്നവരെ ബോധവത്കരിക്കാന്‍ മറ്റുള്ളവര്‍ തയ്യാറാകണം. വാള്‍വ് ഘടിപ്പിച്ച മാസ്‌കുകള്‍ ഒഴിവാക്കണം. എന്‍95 അല്ലെങ്കില്‍ സര്‍ജിക്കല്‍ മാസ്‌കിന് മുകളില്‍ തുണി മാസ്‌ക് ധരിക്കണം.

ഓക്‌സിജന്‍ വീട്ടില്‍ ഉല്‍പ്പാദിപ്പിക്കാമെന്ന പ്രചാരണം അടിസ്ഥാന രഹിതവും അപകടം വിളിച്ചുവരുത്തുന്നതുമാണ്. ഇത്തരം അശാസ്ത്രീയ വാര്‍ത്തകള്‍ പ്രചരിപ്പിക്കരുത് കുടുങ്ങരുത്. 50 ശതമാനം കിടക്കകള്‍ കൊവിഡിന് മാറ്റിവെക്കാന്‍ സ്വകാര്യ ആശുപത്രികളോട് ആവശ്യപ്പെട്ടു. പരമാവധി ആശുപത്രികളെ കാരുണ്യ പദ്ധതിയുടെ ഭാഗമാക്കി. 150 ആശുപത്രികള്‍ ഇപ്പോള്‍ പദ്ധതിയുടെ ഭാഗമാണ്. 100 ആയിരുന്നു ഒരാഴ്ച മുന്‍പ്. കൂടുതല്‍ ആശുപത്രികള്‍ പദ്ധതിയുടെ ഭാഗമാകണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

സ്റ്റേറ്റ് ഹെല്‍ത്ത് അതോറിറ്റിക്ക് കീഴിലാണ് ഇപ്പോള്‍ കാസ്പ് പ്രവര്‍ത്തിക്കുന്നത്. ഇതുവരെ 80 കോടിയുടെ ചികിത്സ ഇതിനകം നടത്തി. ആശുപത്രികള്‍ ആശങ്കയില്ലാതെ മുന്നോട്ട് വന്ന് കാസ്പ് പദ്ധതിയുടെ ഗുണഫലം കൂടുതല്‍ പേരിലെത്തിക്കാന്‍ മുന്‍കൈയെടുക്കണം.

ഗ്രാമപ്രദേശങ്ങളില്‍ കൊവിഡ് വ്യാപനം തടയാന്‍ വീട്ടമ്മമാരുടെ സേവനം ഉപയോഗിക്കും. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഗ്രാമ പ്രദേശം സന്ദര്‍ശിച്ച് വീട്ടമ്മമാര്‍ക്കും സ്ത്രീകള്‍ക്കും ബോധവത്കരണം നല്‍കും. നിയമലംഘകരെ കണ്ടെത്തി പൊലീസിനെ അറിയിക്കാന്‍ ആവശ്യപ്പെടും. എത്ര വലിയ ആരാധനാലയത്തിലും പരമാവധി 50 പേര്‍ക്കാണ് പ്രവേശന അനുമതി. ചെറിയവയില്‍ 50 ല്‍ താഴെയായി പരിമിതപ്പെടുത്തണം. സാമൂഹിക അകലം പാലിക്കാതെ വിശ്വാസികള്‍ കടക്കുന്നില്ലെന്ന് എസ്എച്ച്ഒമാര്‍ ഉറപ്പാക്കണം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News