മഹാരാഷ്ട്രയില്‍ ദുരിതത്തിലായത് ലക്ഷക്കണക്കിന് തൊഴിലാളികള്‍; കേന്ദ്ര സര്‍ക്കാരിന്റെ വിവേചന നയത്തിനെതിരെ മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ്

കേന്ദ്ര സര്‍ക്കാരിന്റെ കൊവിഡ് പ്രതിരോധ നയത്തിനെതിരെ മഹാരാഷ്ട്രയില്‍ രൂക്ഷമായ വിമര്‍ശനവും ശക്തമായ പ്രതിഷേധവുമാണ് ഉയര്‍ന്നിരിക്കുന്നതെന്ന് മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവായ പി ആര്‍ കൃഷ്ണന്‍ പറഞ്ഞു. മഹാമാരി മൂലം രാജ്യത്തിന്റെ സാമ്പത്തിക തലസ്ഥാനത്തെ ലക്ഷക്കണക്കിന് തൊഴിലാളികളുടെ ജീവിതമാര്‍ഗ്ഗമാണ് വഴി മുട്ടിയിരിക്കുന്നത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസികളുടെ അഭയകേന്ദ്രമാണ് മുംബൈയും മറ്റു പല നഗരങ്ങളും. എന്നാല്‍ മഹാമാരി മൂലം തൊഴിലും വരുമാനവും ഇല്ലാതായിരിക്കയാണ് ഭൂരിപക്ഷം ജനങ്ങള്‍ക്കും. പണിയെടുത്ത് ജീവിക്കുന്നവരെയാണ് ഈ ദുരന്തം ഏറെയും ബാധിച്ചിട്ടുള്ളത്.

തൊഴില്‍ശാലകളെല്ലാം അടച്ചു പൂട്ടിയിരിക്കുകയാണ്. എന്നാല്‍ ഒരു വിധത്തിലുള്ള സാമ്പത്തിക സഹായവും കേന്ദ്ര സര്‍ക്കാര്‍ ഇത് വരെ പ്രഖ്യാപിച്ചിട്ടില്ലെന്നും പി ആര്‍ കൃഷ്ണന്‍ പരാതിപ്പെട്ടു.

കൊവിഡ് മഹാമാരി രാജ്യത്ത് ഏറ്റവും കൂടുതല്‍ നാശനഷ്ടം വിതച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. തൊഴിലാളികളുടെ നഗരമായ മുംബൈയിലെ ലക്ഷക്കണക്കിനാളുകള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടതെന്നും പി ആര്‍ ആശങ്ക പങ്കു വച്ചു. മഹാരാഷ്ട്രയിലെ കുടിയേറ്റ തൊഴിലാളികളെയും സാധു ജനങ്ങളെയുമാണ് മഹാമാരി ഏറ്റവും അധികം ബാധിച്ചിട്ടുള്ളതെന്നും പി ആര്‍ കൃഷ്ണന്‍ പറഞ്ഞു.

മഹാരാഷ്ട്രയില്‍ നിലവിലെ അവസ്ഥ ഗുരുതരമാണെന്നും നിരവധി വിലപ്പെട്ട ജീവനുകളാണ് ദിവസേന നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതെന്നും മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് ആശങ്കപ്പെട്ടു. കൊവിഡ് ബാധിതരായ രോഗികള്‍ക്ക് ചികിത്സ ലഭിക്കാത്ത അവസ്ഥയാണ് നിലവിലുള്ളത്. രോഗ പ്രതിരോധത്തിന് വേണ്ടി വാക്സിനേഷന്‍ പോലും കൃത്യമായി ലഭിക്കുന്നില്ല. കോവിഡ് പ്രതിരോധ മരുന്നുകളുടെ വില നിയന്ത്രണവും വിതരണവും കുത്തക കമ്പനികള്‍ക്ക് വിട്ടു കൊടുത്തു കൊണ്ടുള്ള മോദി സര്‍ക്കാരിന്റെ നയമാണ് ഇത്തരമൊരു അവസ്ഥക്ക് കാരണമായതെന്നും പി ആര്‍ കുറ്റപ്പെടുത്തി.

ശിവസേന എന്‍ സി പി കോണ്‍ഗ്രസ് പാര്‍ട്ടികള്‍ അടങ്ങുന്ന മഹാ വികാസ് അഘാടി സര്‍ക്കാരിനോട് കേന്ദ്ര സര്‍ക്കാര്‍ അവലംബിച്ചിട്ടുള്ള വിവേചന നയമാണ് നിലവിലെ ഗുരുതരാവസ്ഥക്ക് പ്രധാന കാരണമായി സി ഐ ടി യു സംസ്ഥാന വൈസ് പ്രസിഡന്റ് കൂടിയായ പി ആര്‍ കൃഷ്ണന്‍ ചൂണ്ടിക്കാട്ടിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here