ജന്മനാട്ടില്‍ മാതൃകയായി മുംബൈ മലയാളി

നാല് പതിറ്റാണ്ട് കാലത്തെ പ്രവാസി ജീവിതം മതിയാക്കി ജന്മനാട്ടിലേക്ക് മടങ്ങുമ്പോള്‍ കെ യു എബ്രഹാം കൂടെ കൊണ്ട് പോയത് നഗരത്തിന്റെ നന്മയും അനുഭവ സമ്പത്തുമാണ്. കല്യാണ്‍ ഈസ്റ്റില്‍ താമസിച്ചിരുന്ന എബ്രഹാം റെയില്‍വേ ജീവനക്കാരനായിരുന്നു. ജോലിയില്‍ നിന്നും വിരമിച്ച ശേഷമാണ് വിശ്രമ ജീവിതം ജന്മനാട്ടിലാകാമെന്ന് തീരുമാനിക്കുന്നത്.

കൊവിഡ് രണ്ടാംഘട്ട വ്യാപനം കേരളത്തിലും രൂക്ഷമായപ്പോള്‍ കൈ കഴുകുന്നതിനുള്ള സംവിധാനത്തിന് ഒപ്പം എല്ലാവര്‍ക്കും മാസ്‌ക്കുകള്‍ സൗജന്യമായി നല്‍കിയാണ് എബ്രഹാമും കുടുംബവും മാതൃകയായത് . വീട്ടിന് മുന്‍പില്‍ സ്ഥാപിച്ചിരിക്കുന്ന സോപ്പ്, അണുനാശിനി എന്നിവ എടുക്കാനും ഉപയോഗിക്കാനും അനുവാദം വേണ്ട. ഈ വഴി കടന്നു പോകുന്നവര്‍ക്ക് സൗജന്യമായാണ് ഇവയെല്ലാം നല്‍കുന്നത്.

സ്‌നേഹമുള്ളവരെ, നിങ്ങള്‍ ഈ വഴി കടന്നു പോകുമ്പോള്‍ ഇവിടെ സ്ഥാപിച്ചിരിക്കുന്ന സോപ്പ്, അണുനാശിനി എന്നിവ ഉപയോഗിച്ചു കൈകള്‍ കഴുകി പോകാന്‍ ശ്രദ്ധിക്കുക. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുക. കൊറോണ എന്ന മഹാവിപത്തില്‍ നിന്നും സ്വയം രക്ഷപ്പെടുക. നമ്മുടെ നാടിനെ രക്ഷപ്പെടുത്തുക.

ഉഴവൂര്‍ ഇടക്കോലി റോഡില്‍ കൈപ്പാറേട്ട് കെ.യു.ഏബ്രഹാമിന്റെ വീടിനു മുന്നില്‍ കഴിഞ്ഞ മാര്‍ച്ചില്‍ സ്ഥാപിച്ച ബോര്‍ഡിലെ സന്ദേശം ഇതായിരുന്നു. ‘അനുവാദം വേണ്ട. മാസ്‌ക് എടുക്കാം, ഉപയോഗിക്കാം’ എന്നെഴുതിയ പുതിയ ബോര്‍ഡിനൊപ്പം പൊടിയും അഴുക്കും പുരളാതെ പാക്ക് ചെയ്ത 10 മാസ്‌ക്കുകള്‍ ഏബ്രഹാമിന്റെ വീടിനു മുന്നില്‍ എപ്പോഴും ഉണ്ടാകും. 10 എണ്ണം തീര്‍ന്നാല്‍ അടുത്ത 10 എണ്ണം എത്തും. സൗജന്യമാണെങ്കിലും ഒന്നില്‍ കൂടുതല്‍ ആരും എടുക്കാറില്ലെന്നു ഏബ്രഹാം പറയുന്നു.

കല്യാണില്‍ റെയില്‍വേ മെക്കാനിക്കല്‍ എന്‍ജിനീയറായിരുന്ന ഏബ്രഹാമും ഭാര്യ റിട്ട. അധ്യാപിക കത്രീനയുമാണ് വീട്ടിലുള്ളത്. നാടിന്റെ ആരോഗ്യം സംരക്ഷിക്കുന്നതിനാണ് ചെറിയ സേവനമെന്നു ഏബ്രഹാം പറയുന്നു.

മുംബൈയില്‍ ഈസ്റ്റ് കല്യാണ്‍ കേരള സമാജത്തിന്റെ പ്രസിഡന്റ് ആയി പത്തു വര്‍ഷത്തോളം സേവനം ചെയ്തിട്ടുള്ള എബ്രഹാം സമാജത്തിന് പുതു ജീവന്‍ നല്‍കിയ പ്രവര്‍ത്തകനാണ്. മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ നാടായ ഉഴവൂരില്‍ വീടു വച്ചു ഭാര്യ കത്രീനയോടൊപ്പം താമസിക്കുന്ന അബ്രഹാമിന്റെ മകള്‍ ഷാലു ദുബൈയിലും മകന്‍ നിഖില്‍ കല്യാണിലും താമസിക്കുന്നു. ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് പള്ളിയില്‍ ട്രസ്റ്റിയായും സേവനം അനുഷ്ഠിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News