കാത്തിരിപ്പുകള്‍ക്ക് വിരാമം; മലയാളി മനസ് എന്തെന്ന് ഇന്നറിയാം; വിധിയറിയാന്‍ മണിക്കൂറുകള്‍ മാത്രം; തെരഞ്ഞെടുപ്പ് ഫലമെന്തെന്നറിയാന്‍ നെഞ്ചിടിപ്പോടെ കേരളം

നെഞ്ചിടിപ്പോടെയാണ് കേരളം ഇന്ന് ഉണര്‍ന്നെഴുനേറ്റത്. ജനങ്ങള്‍ ആര്‍ക്കൊപ്പമെന്ന് ഇന്ന് അറിയാം. നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം ഇന്ന് അറിയാം. 25 ദിവസത്തെ കാത്തിരിപ്പിന് വിരാമം. ചരിത്രത്തില്‍ ഇടംപിടിക്കുന്ന ജനവിധിയായിരിക്കായി കാതോര്‍ക്കുകയാണ് കേരളം.

രാവിലെ എട്ടിന് തപാല്‍വോട്ടും എട്ടരയോടെ വോട്ടിങ് യന്ത്രത്തിലേതും എണ്ണിത്തുടങ്ങും. വീട്ടിലിരുന്ന് ഫലമറിയാനാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ആഹ്വാനം ചെയ്തിട്ടുള്ളത്. ആഹ്ലാദപ്രകടനമടക്കം ഉപേക്ഷിച്ചു. മലപ്പുറമടക്കം ലോക്സഭാമണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പ് ഫലവും ഇന്ന് അറിയാം. കേരളം കൂടാതെ തമിഴ്നാട്, പുതുച്ചേരി, അസം, പശ്ചിമ ബംഗാള്‍ നിയമസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്.

വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ ഹാളുകളുടെയും മേശകളുടെയും എണ്ണം വര്‍ധിപ്പിച്ചു. 144 കേന്ദ്രത്തില്‍ 633 ഹാളിലാണ് വോട്ടെണ്ണല്‍. 80 കഴിഞ്ഞവരുടേതും കോവിഡ് പോസിറ്റീവായവരുടേതുമടക്കം നാലര ലക്ഷത്തിലധികം തപാല്‍ വോട്ട് ഇക്കുറിയുണ്ടാകും. വോട്ടെണ്ണല്‍ കൃത്യതയോടെ നടത്താനുള്ള എല്ലാ ക്രമീകരണങ്ങളുമായെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ പറഞ്ഞു. തപാല്‍വോട്ട് കൈകൊണ്ട് എണ്ണുന്നതിനാല്‍ അന്തിമ ഫലം വൈകിയേക്കും.

പത്തരയോടെ ആദ്യ റൗണ്ട് എണ്ണി വിവരം തെരഞ്ഞെടുപ്പ് കമീഷന്റെ സോഫ്റ്റ്വെയറായ ‘എന്‍കോറി’ ല്‍ അപ്ലോഡ് ചെയ്യും. ഒരു തരത്തിലുമുള്ള പാകപ്പിഴയുമുണ്ടാകാതെ ഫലം ജനങ്ങളെ അറിയിക്കാന്‍ സംവിധാനം ഒരുക്കി. പിആര്‍ഡി വഴി മാധ്യമങ്ങള്‍ക്ക് വിവരമെത്തിക്കാനുള്ള അത്രവിപുല സംവിധാനമുണ്ടന്നും മീണ പറഞ്ഞു.

മുമ്പൊന്നുമുണ്ടായിട്ടില്ലാത്ത പ്രതിസന്ധികള്‍ക്കിടയിലും മികച്ച ഭരണം കാഴ്ചവച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇടതുപക്ഷം ജനങ്ങളെ സമീപിച്ചത്. ആഭ്യന്തരയോഗങ്ങളില്‍ പരാജയത്തിന്റെ കണക്കെടുപ്പ് നടത്തിയെങ്കിലും അധികാരത്തിലെത്തുമെന്ന പ്രതീക്ഷയാണ് യുഡിഎഫ് നേതാക്കള്‍ പുറത്തേക്ക് പങ്കുവച്ചിട്ടുള്ളത്. വി മുരളീധരനും കെ സുരേന്ദ്രനും നയിച്ച് കേരളത്തിലെ എന്‍ഡിഎയെ എവിടെയെത്തിച്ചുവെന്നും ഞായറാഴ്ചത്തെ ജനവിധി തെളിയിക്കും.

2016 ലെ തെരഞ്ഞെടുപ്പില്‍ 43.48 ശതമാനം വോട്ടും 91 സീറ്റുമായാണ് ഇടതുപക്ഷം അധികാരത്തിലെത്തിയത്. തുടര്‍ന്ന് നടന്ന തെരഞ്ഞെടുപ്പില്‍ അരൂര്‍ നഷ്ടപ്പെടുകയും പാല, വട്ടിയൂര്‍കാവ്, കോന്നി എന്നീ മണ്ഡലങ്ങള്‍ തിരിച്ചു പിടിക്കുകയും ചെയ്തതോടെ എല്‍ഡിഎഫിന്റെ അംഗസംഖ്യ 93 ആയി. എംഎല്‍എമാരായ തോമസ് ചാണ്ടി, വിജയന്‍പിള്ള, കെ വി വിജയദാസ് എന്നിവരുടെ നിര്യാണത്തിലൂടെയും പി ജെ ജോസഫ്, മോന്‍സ് ജോസഫ്, പി സി ജോര്‍ജ് എന്നിവരുടെ രാജിയിലൂടെയും ആറു മണ്ഡലങ്ങള്‍ ഒഴിഞ്ഞുകിടക്കുകയായിരുന്നു.

തപാല്‍ ബാലറ്റ് എണ്ണാന്‍ ഓരോ മേശയിലും എ.ആര്‍.ഒ.യെ നിയോഗിച്ചിട്ടുണ്ട്. ഒരു മേശയില്‍ 500 വോട്ടുകളാണ് എണ്ണുന്നത്. അസാധുവായ ബാലറ്റ് തള്ളും. സര്‍വീസ് വോട്ടുകള്‍ ക്യു.ആര്‍ കോഡുപയോഗിച്ച് നമ്പരും മറ്റും പരിശോധിക്കും. തപാല്‍ ബാലറ്റുകള്‍ പൂര്‍ണമായും എണ്ണിത്തീര്‍ന്ന ശേഷമേ ഇവിഎമ്മിലെ അവസാനറൗണ്ട് എണ്ണുകയുള്ളു. 5,84,238 തപാല്‍ ബാലറ്റുകളാണ് ഈ നിയമസഭ തെരഞ്ഞെടുപ്പില്‍ ആകെ വിതരണം ചെയ്തത്. ഏപ്രില്‍ 28 വരെ 4,54,237 തപാല്‍ ബാലറ്റുകള്‍ തിരികെ ലഭിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News