ADVERTISEMENT
വിദേശ രാജ്യങ്ങളിലേയ്ക്ക് നേപ്പാൾ വഴിയുള്ള ഗതാഗതം വഴിമുട്ടിയതോടെ നിരവധി മലയാളികളാണ് നേപ്പാളിൽ കുടുങ്ങിക്കിടക്കുന്നത്. നേപ്പാളിൽ ഷൂട്ടിങ്ങിനായി പോയ ബാലുശ്ശേരി മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർഥി ധർമജൻ ബോൾഗാട്ടിക്കും തിരികെവരാൻ കഴിഞ്ഞിട്ടില്ല. വോട്ടെണ്ണൽ നടക്കുന്നതിനിടെ ധർമജന് ഇന്ത്യയിലെത്താനാകുമോ എന്നതിൽ ഉറപ്പായിട്ടില്ല.
വോട്ടെണ്ണലിനുവേണ്ടി കോഴിക്കോട്ടെത്താൻ ധർമജൻ അനേക ദിവസങ്ങളായി ശ്രമിച്ചുവരികയാണ്. കാഠ്മണ്ഡുവിൽനിന്ന് ഇന്ത്യൻ അതിർത്തിവരെ ഹെലികോപ്ടറിൽവന്ന ശേഷം റോഡ്മാർഗം ഡൽഹിയിലെത്താനാണു ശ്രമം. ഇതു സാധ്യമായാലും ഒരാഴ്ചയോളം ക്വാറന്റീനിൽ ഇരിക്കേണ്ടിവരും.
ദില്ലിയിലെത്താൻ കഴിഞ്ഞാൽ അവിടെ ക്വാറന്റീനിലിരിക്കാനാണ് സാധ്യതയെന്നും ധർമജന്റെ സുഹൃത്തുക്കൾ പറഞ്ഞു. ബിബിൻ ജോർജിനെ നായകനാക്കി രാജീവ് ഷെട്ടി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ അഭിനയിക്കാനാണ് ധർമജനും സംവിധായകൻ ജോണി ആന്റണിയുമടക്കമുള്ളവർ കാഠ്മണ്ഡുവിലേക്ക് പോയത്.
കൊവിഡ് രണ്ടാംതരംഗം ആഞ്ഞടിച്ചതോടെയാണ് ഇന്ത്യയിൽനിന്നുള്ള വിമാനങ്ങൾക്ക് പല രാജ്യങ്ങളും വിലക്കേർപ്പെടുത്തിയത്. എന്നാൽ യുഎഇ അടക്കമുള്ള രാജ്യങ്ങളിലേക്ക് കാഠ്മണ്ഡു വഴി പോവാനുള്ള സൗകര്യം ഏപ്രിൽ ആദ്യവാരങ്ങളിൽ ഉണ്ടായിരുന്നു. എന്നാൽ ഏപ്രിൽ 14നു ശേഷം കൊവിഡ് വ്യാപനം രൂക്ഷമായതോടെ നേപ്പാളിൽ ലോക്ഡൗൺ തുടങ്ങി. ഇതോടെയാണ് വിദേശ രാജ്യങ്ങളിലേക്കുള്ള വിമാനങ്ങൾ മുടങ്ങിയത്.
ഇന്ത്യയിൽനിന്നുള്ള പതിനയ്യായിരത്തോളം പ്രവാസികളാണ് നേപ്പാളിൽ കുടുങ്ങിയത്. ഇവരോട് ഉടനെ രാജ്യം വിടണമെന്ന് ഭരണകൂടം ആവശ്യപ്പെട്ടിരുന്നു. കോഴിക്കോടുനിന്ന് സൗദിയും യുഎഇയുമടക്കമുള്ള രാജ്യങ്ങളിലേക്ക് പോവാനായി നേപ്പാളിലെത്തിയ അനേകം പേരും ഇക്കൂട്ടത്തിലുണ്ട്. സൗദിയിലേക്ക് പുറപ്പെട്ട കോഴിക്കോട് സ്വദേശി കാഠ്മണ്ഡുവിലെത്തിയ ശേഷം രോഗബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുണ്ട്.
Get real time update about this post categories directly on your device, subscribe now.