ഇരട്ടത്തോല്‍വിയുടെ നാണക്കേടുമായി കെ സുരേന്ദ്രന്‍; നിലംതൊടാതെ കഴക്കൂട്ടത്ത് ശോഭാ സുരേന്ദ്രന്‍

മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും അടപടലം പരാജയപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. മഞ്ചേശ്വരത്തും കോന്നിയിലുമാണ് സുരേന്ദ്രന്‍ തോറ്റത്.

മഞ്ചേശ്വരത്ത് ലീഗ് സ്ഥാനാര്‍ത്ഥി എ കെ എം അഷ്റഫ് വിജയിച്ചപ്പോള്‍ കോന്നിയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ഥി കെ യു ജനീഷ്‌കുമാര്‍ 59,641 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. മഞ്ചേശ്വരത്ത് 1000ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എ കെ എം അഷ്റഫ് വിജയിച്ചത്. ഇവിടെ രണ്ടാം സ്ഥാനത്താണ് സുരേന്ദ്രന്റെ സ്ഥാനം.

കോന്നിയില്‍ മൂന്നാം സ്ഥാനമാണ് സുരേന്ദ്രന്. കഴിഞ്ഞ തവണയും എന്‍ ഡി എ രണ്ടാം സ്ഥാനത്ത് വന്ന മണ്ഡലമാണ് മഞ്ചേശ്വരം. മൂന്ന് മുന്നണികളും ഇഞ്ചോടിഞ്ച് മത്സരിക്കുന്ന മഞ്ചേശ്വരത്ത് ഇത്തവണ വിജയം കൈപിടിയിലാക്കാമെന്നായിരുന്നു ബി ജെ പി കണക്കുകൂട്ടിയത്. കഴിഞ്ഞ തവണ 89 വോട്ടിനാണ് കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് പരാജയപ്പെട്ടത്. 2011ലും, 2016ലും, ഏറ്റവും ഒടുവില്‍ 2019ലെ ഉപതെരഞ്ഞെടുപ്പിലും സി പി ഐ എമ്മിന് മൂന്നാം സ്ഥാനമാണ് മഞ്ചേശ്വരത്ത് നേടാനായിരുന്നത്.

കഴക്കൂട്ടത്തെ സ്ഥിതിയും വ്യത്യസ്തമല്ല. ശോഭ സുരേന്ദ്രന് ചിത്രത്തില്‍ പോലും പെടുത്താനാകാത്ത വിധം ദയനീയ തോല്‍വിയാണ് കഴക്കൂട്ടത്ത് നേരിടേണ്ടി വന്നത്. 20100 വോട്ടുകളുടെ ഭൂരിപക്ഷത്തോടെ എല്‍ ഡി എഫിന്റെ കടകംപള്ളി സുരേന്ദ്രന്‍ ആണ് മുന്നില്‍. കേരളം പൂര്‍ണ്ണമായും ബി ജെ പിയെ തള്ളിയെന്നാണ് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വെളിവാക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News