വലതുപക്ഷ മാധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍

വലതുപക്ഷ മാധ്യമങ്ങള്‍ക്കെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. നമ്മുടെ സംസ്ഥാനത്തിന്റെ പൊതുവായ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി നടത്തിയിട്ടുള്ള പ്രവര്‍ത്തനങ്ങളെ ആകെ കരിവാരിത്തേക്കുകയും തെറ്റായ ചിത്രം വരച്ചുകാട്ടുകയുമാണ് ഇത്തരക്കാര്‍ ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇല്ലാക്കഥകള്‍ മെനയുക, ബോധപൂര്‍വം തെറ്റായ കാര്യങ്ങള്‍ പ്രചരിപ്പിക്കാന്‍ തയ്യാറാക്കുക ഇത്തരത്തില്‍ വലിയ തോതില്‍ ഒരുകൂട്ടം വലതുപക്ഷ മാധ്യമങ്ങള്‍ ഇവിടെ പ്രവര്‍ത്തിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

അത്തരം മാധ്യമങ്ങള്‍ എങ്ങനെ എല്‍ ഡി എഫിനെ അപകീര്‍ത്തിപ്പെടുത്താന്‍ പറ്റും എന്ന ഗവേഷണത്തില്‍ ഏര്‍പ്പെട്ടു. ഈ വര്‍ത്തമാനകാലത്ത് മാധ്യമങ്ങള്‍ക്ക് മാധ്യമങ്ങളുടേതായ സ്വാധീനമുണ്ടെന്ന് അറിയാം. നമ്മുടെ നാട് വലിയ തോതില്‍ സാക്ഷരതയുള്ള സംസ്ഥാനമാണ്. നല്ലതുപോലെ എല്ലാ മാധ്യമങ്ങളേയും ശ്രദ്ധിക്കുന്നവരുമാണ്.

എന്നാല്‍ തെറ്റായ രീതിയില്‍ കാര്യങ്ങള്‍ അവതരിപ്പിച്ച് ഈ സംസ്ഥാനത്തെ കാര്യങ്ങള്‍ ഞങ്ങള്‍ തീരുമാനിക്കുമെന്ന ഹുങ്കോടെയാണ് ചിലര്‍ പ്രവര്‍ത്തിച്ചത്. അവര്‍ കാണേണ്ടത് അവര്‍ രാഷ്ട്രീയകാര്യങ്ങള്‍ തീരുമാനിക്കാനുള്ള മേലാളന്മാര്‍ അല്ല എന്നതാണ്. തങ്ങളുടെ കയ്യിലാണ് മുഴുവന്‍ അധികാരവും എന്ന് ധരിച്ചുനില്‍ക്കരുത്. അത് ശരിയായ കാര്യമല്ല. ഞാന്‍ ഒരു മാധ്യമത്തിന്റേയും പേര് എടുത്ത് പറയാത്തത് എന്റെ മര്യാദ കൊണ്ട് മാത്രമാണ്. പക്ഷേ എത്ര മര്യാദകെട്ട രീതിയിലാണ് എല്‍ ഡി എഫ് സര്‍ക്കാരിനെതിരെയും എല്‍ ഡി എഫിനെതിരെയും ചില മാധ്യമങ്ങള്‍ നീങ്ങിയത് എന്ന് സ്വയവിമര്‍ശനപരമായി പരിശോധിക്കാന്‍ തയ്യാറാകണം.

നാട് തങ്ങളുടെ കയ്യില്‍ ഒുതുക്കിക്കളയാം എന്ന ധാരണയിലാണ് ഇവര്‍ നീങ്ങിയത്. നിങ്ങളുടെ കയ്യിലല്ല നാട് എന്ന് ജനങ്ങള്‍ നിങ്ങളോട് പറഞ്ഞിരിക്കുന്നു. നിങ്ങള്‍ പറയുന്നതെന്തും അതേപോലെ വിഴുങ്ങാനുള്ള സമൂഹമാണ് ഈ കേരളത്തിലെ ജനത എന്ന് തെറ്റിദ്ധരിക്കരുത്.

അവര്‍ക്ക് അവരുടേതായ വിവേചന ബുദ്ധിയുണ്ട്. വലതുപക്ഷ മാധ്യമങ്ങളില്‍ ചില മാധ്യമങ്ങള്‍ ശ്രമിക്കുന്നത് നാടിന്റെ പുരോഗതിയെ തടയാനാണ്. നിങ്ങളിലും അര്‍പ്പിതമായിട്ടുള്ളത് നാടിന്റെ താത്പര്യം സംരക്ഷിക്കലാണ്. അതിന് വേണ്ടിയാണ് നിങ്ങള്‍ നിലകൊള്ളേണ്ടത്.

നിങ്ങളുടെ സമീപനം ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും ജനങ്ങള്‍ തയ്യാറായിട്ടില്ല. ഇനിയെങ്കിലും ആലോചിക്കാന്‍ പറ്റുമെങ്കിലും നല്ലത്. ഇത് ഞാന്‍ നേരത്തെയും പറഞ്ഞിട്ടുണ്ട്. ഈയൊരു പറച്ചില്‍കൊണ്ട് മാത്രം മാധ്യമമേലാളന്മാര്‍ കാര്യങ്ങള്‍ മാറ്റിച്ചിന്തിച്ചുകളയുമെന്ന വ്യാമോഹം എനിക്കില്ല. നാടിന്റെ പുരോഗതിക്ക് ഉതകുന്ന കാര്യങ്ങള്‍ക്ക് ഹാനികരമായ നിലപാട് സ്വീകരിക്കാന്‍ തയ്യാറാകരുത്, മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News