പിണറായി – കാലത്തിന്റെ കാല്‍പ്പെരുമാറ്റം തിരിച്ചറിയുന്ന കമ്മ്യൂണിസ്റ്റ്

കഴിഞ്ഞ അഞ്ചു കൊല്ലത്തെ ഇടതിന്റെ ഭരണകാലയളവ് സമാനതകളില്ലാത്ത വെല്ലുവിളികളുടെ സമ്മേളനമായിരുന്നു. കേരളത്തെ കൈ പിടിച്ച് കൂടെ നടത്തുകയായിരുന്നു പിണറായി വിജയന്‍ എന്ന് വേണം പറയാന്‍. തുടര്‍ഭരണം ഉറപ്പിച്ചതോടെ ചരിത്രത്തിലെ ഒരു അപൂര്‍വത കൂടിയായി മാറുകയാണ് ഈ അനിഷേധ്യനായ നേതാവ്.

സുഗമമായിരുന്നില്ല ഇന്നോളം പിണറായി വിജയന്റെ രാഷ്ട്രീയ ജീവിതം. ക്രൂരമായ അഭിനിവേശത്തോടെ വേട്ടയാടി കീഴടക്കാന്‍ എന്നും പിണറായിക്കു പിന്നില്‍ ആളുകളുണ്ടായിക്കൊണ്ടേയിരുന്നു. പ്രതിസന്ധികളെ നേരിടാനുള്ള ആത്മവിശ്വാസവും സത്യസന്ധതയും ധീരതയും ഈ നേതാവിനെ വ്യത്യസ്തനാക്കുന്നു. ജാതീയമായും വ്യക്തിപരമായും കുടുംബപരമായും ആക്രമിക്കപ്പെട്ടെങ്കിലും തന്റെ പ്രവര്‍ത്തനങ്ങളിലൂടെ നിരന്തരം അവയ്ക്കൊക്കെ മറുപടി കൊടുത്തുകൊണ്ടിരുന്നു അദ്ദേഹം.

കേരളത്തിന്റെ സ്വാഭാവിക രാഷ്ട്രീയ പരിസ്ഥിതിക്കപ്പുറം ദേശീയതലത്തിലുള്ള വരിഞ്ഞു കെട്ടലുകളും സമ്മര്‍ദ്ദവും താണ്ടിയാണ് കേരളത്തെ അദ്ദേഹം സംരക്ഷിച്ചത്. പ്രളയവും വൈറസുകളുമടക്കമുള്ള പ്രതിസന്ധി ഘട്ടങ്ങളെ എല്ലാ വകുപ്പുകളെയും ഏകോപിപ്പിച്ച് ഏറ്റവും മികച്ച രീതിയില്‍ നേരിടാനായത് പിണറായി വിജയന്റെ തിളക്കമേറ്റുന്നു.

മറ്റേതു ഭരണകാലയളവിലുണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ സുരക്ഷിതരായി ജനം മാറുകയായിരുന്നു. കേന്ദ്രത്തിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ കേരളത്തിലെ ഇടത് പക്ഷം ശക്തമായ പ്രതിരോധം തീര്‍ത്തപ്പോള്‍ കേന്ദ്ര അന്വേഷണ ഏജന്‍സികളെ അയച്ച് വികസന പ്രവര്‍ത്തനങ്ങള്‍ക്കടക്കം തുരങ്കം വക്കുകയാണുണ്ടായത്. ആരോപണങ്ങള്‍ക്ക് നേരെ സധൈര്യം മടിയില്‍ കനമില്ലാത്തവനെ ഭയപ്പെടുത്താനാവില്ലെന്നു തിരിച്ചടിച്ച നിശ്ചയദാര്‍ഢ്യത്തെ വെല്ലാന്‍ ആര്‍ക്കുമായില്ല. കുറുക്കു മുറുക്കലുകള്‍ക്കു മേല്‍ വെന്നിക്കൊടി പാറിച്ച് ഇന്നിതാ കൃത്യമായ മറുപടി കൊടുക്കാനും ഇടതിന് കഴിഞ്ഞു.

ആരെയും കൂസാതെ കേരളത്തിന്റെ സാമൂഹികവും സാമ്പത്തികവും സാംസ്‌ക്കാരികവുമായ വളര്‍ച്ചയില്‍ നിര്‍ണ്ണായക സ്വാധീനമായി മാറുകയായിരുന്നു പിണറായി വിജയന്‍. ഉചിതമായ വികസനനയങ്ങള്‍ എപ്രകാരമാണ് ആഗോളതലത്തില്‍ കേരളത്തെ മുന്നോട്ടെത്തിച്ചത് എന്ന് നാം കണ്ടതാണ്. ചൂണ്ടിക്കാണിക്കാന്‍ നിരവധി ഉദാഹരണങ്ങളുമായി ഇടത് പക്ഷത്തെ ജനഹൃദയത്തില്‍ മായാത്ത അടയാളമാക്കി മാറ്റുന്നതില്‍ പിണറായി വിജയന്‍ വഹിച്ച പങ്കു നിസ്സാരമല്ല.

ശബരിമല വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് വര്‍ഗീയ ധ്രൂവീകരണത്തിന് ശ്രമിച്ച ബിജെപിയെ പോലും ഇത്തവണ കെട്ടുകെട്ടിക്കുന്നതിലും ഇടതുപക്ഷം വിജയിച്ചു. നേമത്തു അഞ്ചു കൊല്ലം മുന്‍പ് ബിജെപി തുറന്ന അക്കൗണ്ട് പൂട്ടിക്കുമെന്നും ബിജെപിയുടെ വോട്ട് വിഹിതം കുറക്കുമെന്നും പിണറായി പറഞ്ഞ വാക്കുകള്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോള്‍ അന്വര്‍ത്ഥമാകുന്നു. പറഞ്ഞ വാക്ക് പാലിക്കുന്ന മുഖ്യമന്ത്രിയെ അവിശ്വസിക്കേണ്ട എന്ന് കേരളം തീരുമാനിച്ചതോടെ ഇവിടെയൊരു പുതുചരിത്രം പിറക്കുന്നു.

ഒരു ജനതയെ, അവരുടെ ഉണര്‍വിനെ മന്ത്രങ്ങള്‍ കൊണ്ട് ഭൂതകാലത്തേക്ക് ആട്ടിപ്പായിയ്ക്കാന്‍ ശ്രമിച്ചപ്പോള്‍ പ്രതീക്ഷകളുടെ മിന്നല്‍ പിണറായി പിഴയ്ക്കാത്ത ചുവടുമായി കേരളത്തെ മുന്നോട്ട് നയിയ്ക്കാന്‍ പിണറായിയ്ക്ക് കഴിഞ്ഞു. പിറന്ന മണ്ണില്‍ അടിയുറച്ചു നില്‍ക്കാന്‍ ഭയപ്പെടേണ്ട എന്നത് തന്നെയാണ് കേരളം ചുവപ്പണിയുന്നതിന്റെ രഹസ്യവും. കേരളം ഇപ്പോള്‍ ഒന്നിച്ച് പറയുകയാണ് ‘പിണറായി പൊളിയല്ലേ..’

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here