വര്‍ഗീയ രാഷ്ട്രീയത്തിന് കേരളത്തിലിടമില്ല എന്ന് ഈ തെരഞ്ഞെടുപ്പ് ഒന്നുകൂടി വ്യക്തമാക്കി:പിണറായി വിജയൻ

നേമത്ത് ബിജെപി അക്കൗണ്ട് തുറന്നത് അവരുടെ ശക്തി കൊണ്ടല്ല എന്നത് തെളിഞ്ഞ കാര്യമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സർക്കാർ രൂപീകരിക്കാൻ പോകുന്നുവെന്നും, അതിന് കുറേ സീറ്റുകളൊന്നും വേണ്ട എന്നും പോലും ബിജെപി നേതാക്കൾ ഇവിടെ ധാരണ പരത്താൻ ശ്രമിച്ചു. എന്നാൽ കേരളം വർഗീയതയുടെ വിളനിലമല്ലെന്ന് ജനം തെളിയിച്ചെന്ന്  മുഖ്യമന്ത്രി പിണറായി വിജയൻ.

”ഇവിടെ ബിജെപി എന്തോ മഹാവിജയം നേടിക്കളയുമെന്ന മട്ടിലാണ് പുറപ്പെട്ടത്. എന്തൊക്കെ അവകാശവാദം ഉന്നയിച്ചെന്നൊന്നും ഇപ്പോൾ പറയുന്നില്ല. സര്‍ക്കാര്‍ രൂപീകരിക്കുന്നതിലേക്കടക്കം തങ്ങള്‍ നീങ്ങുന്നുവെന്ന പ്രഖ്യാപനം ബിജെപി നേതാക്കളിൽ നിന്നുണ്ടായി. അതിന് സാധാരണ ഭൂരിപക്ഷം ആവശ്യമില്ലെന്ന നില വരെയെത്തി. എന്തോ കുറേ സീറ്റുകള്‍ അവര്‍ നേടാൻ പോകുന്നുവെന്ന ധാരണയാണ് അവരിവിടെ സൃഷ്ടിച്ചത്. അതിന് അവര്‍ നടത്തിയ പ്രചാരണവും മാധ്യമങ്ങള്‍ മുഖേന നടത്തിയ പ്രചാരണവും ഉണ്ട്. പൊതുപ്രതീതി സൃഷ്ടിക്കാനാണ് ശ്രമിച്ചത്.

ഇപ്പൊ അവര്‍ക്കിവിടെയുള്ള അക്കൌണ്ട്, നേമത്തെ വിജയം അവരുടെ ശക്തി കൊണ്ടായിരുന്നില്ല. ആ അക്കൗണ്ട് ഈ തെരഞ്ഞെടുപ്പിൽ ക്ലോസ് ചെയ്യും എന്ന് പറഞ്ഞിരുന്നു. വാശിയോടെ ബിജെപിയെ ഇവിടെ നല്ല നിലയിലേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനം അവര്‍ നടത്തി. ഒരു പാര്‍ട്ടി അവരുടെ പാര്‍ട്ടിയെ വിജയിപ്പിക്കാൻ പ്രചാരണം നടത്തുന്നതിൽ ആശ്ചര്യമില്ല. ബിജെപിയുടെ പ്രമുഖരായ എല്ലാ നേതാക്കളും ഈ തെരഞ്ഞെടുപ്പിന് കേരളത്തിൽ വലിയ തോതിൽ സമയം ചെലവാക്കി. പണം ചെലവഴിച്ച കാര്യത്തിൽ നല്ല രീതിയിൽ തന്നെ അവര്‍ക്ക് മുന്നോട്ട് പോകാനായി. ആര്‍ക്കും ആ കാര്യത്തിൽ അവരോട് മത്സരിക്കാനാവില്ല.

പണം ധാരാളമായാൽ ഉണ്ടാകുന്ന പ്രയാസവും വിഷമങ്ങളും അവരുടെ ഇടയിൽ ഉണ്ടായെന്ന് പിന്നീട് തെളിഞ്ഞു. അവരുടെ അനുഭവത്തിൽ ഇപ്പോൾ യഥാര്‍ത്ഥ സ്ഥിതി തിരിച്ചറിയേണ്ട സമയമാണ്. അത് ഈ കേരളത്തിന്റെ പ്രത്യേകതയാണ്. കേരളം വര്‍ഗീയതയുടെ വിളനിലമല്ല. രാജ്യത്തെ മറ്റ് ചില സംസ്ഥാനങ്ങളെ പോലെ അതേ രീതി ഇവിടെ എടുത്താൽ, ഇവിടെ അത് ചിലവാകില്ല. ഒരു സംസ്ഥാനത്തിന്റെയും പേര് പ്രത്യേകമായി എടുത്തുപറയുന്നില്ല.

ഇവിടെ മതനിരപേക്ഷതയിൽ ഊന്നിനിൽക്കുന്ന സമൂഹമാണ്. മതനിരപേക്ഷത സംരക്ഷിക്കാനുള്ള നിലപാട് എടുക്കുന്നത് കൊണ്ട് വര്‍ഗീയ രാഷ്ട്രീയത്തിന് കേരളത്തിലിടമില്ല എന്ന് ഈ തെരഞ്ഞെടുപ്പ് ഒന്നുകൂടി വ്യക്തമാക്കി.

സാധാരണ ഗതിയിൽ അവരുടെ രീതി വെച്ച് പ്രവര്‍ത്തിക്കാനേ അവര്‍ക്ക് കഴിയൂ. അത് വര്‍ഗീയതയെ അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. കേരളീയ സമൂഹത്തിന് അത് അംഗീകരിക്കാനാവില്ലെന്ന നിലപാട് കേരളീയ സമൂഹം ചോദ്യത്തിനിടയില്ലാതെ വ്യക്തമാക്കി. അത് തിരിച്ചറിഞ്ഞാൽ നല്ലത്.

യുഡിഎഫ് കേരളത്തിലെ പ്രതിപക്ഷമായിരുന്നു. പല ഘട്ടത്തിലും കേരളത്തിൽ അധികാരത്തിലിരുന്നിരുന്നു. ആ മുന്നണി നാടിന്റെയും ജനത്തിന്റെയും പ്രശ്നത്തിന്റെ ഭാഗമായി നിൽക്കാനോ അതിനനുസരിച്ച് നിലപാടെടുക്കാനോ തയ്യാറായില്ല. അവരുയര്‍ത്തിയ എല്ലാ മുദ്രാവാക്യവും ജനം തള്ളിക്കളഞ്ഞു. യഥാര്‍ത്ഥത്തിൽ ആ മുന്നണിയുടെ നിലനിൽപ്പ് തന്നെ ചോദ്യം ചെയ്യപ്പെടുന്ന സ്ഥിതിയാണ്. ഈ ഭാഗം വിശദമായി തന്നെ കേരളീയ സമൂഹം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. അത് പിന്നീടാകാം”.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News