ജനങ്ങളെ ചേര്‍ത്ത് പിടിച്ചതിന്റെ പ്രതിഫലനം: കെ കെ ശൈലജ

പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ജനങ്ങളെ ചേര്‍ത്തുപിടിച്ചതിന്റെ പ്രതിഫലനമാണ് എല്‍ ഡി എഫിന്റെ തെരഞ്ഞെടുപ്പ് വിജയമെന്ന് മട്ടന്നൂരില്‍ വന്‍ഭൂരിപക്ഷത്തില്‍ വിജയിച്ച ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. 61035 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷത്തോടെയാണ് കെ കെ ശൈലജ വിജയക്കൊടി പാറിച്ചത്. എല്‍ ഡി എഫ് വിജയത്തിന് മാറ്റ് കൂട്ടുന്ന ഒരു ഘടകമാണ് മട്ടന്നൂരില്‍ കണ്ടത്. യു ഡി എഫ് സ്ഥാനാര്‍ത്ഥിയായ ഇല്ലിക്കല്‍ അഗസ്തിയെ പരാജയപ്പെടുത്തിയാണ് ശൈലജ ടീച്ചര്‍ വിജയമുറപ്പിച്ചത്. ആകെ 96129 വോട്ടുകളാണ് ശൈലജ ടീച്ചര്‍ക്ക് ലഭിച്ചത്. അതോടെ 35166 വോട്ടുകള്‍ നേടിയ ഇല്ലിക്കല്‍ അഗസ്തി രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെടുകയായിരുന്നു.

കഴിഞ്ഞ തവണ ഇ പി ജയരാജന്‍ മട്ടന്നൂരില്‍ നേടിയ 43,381 വോട്ടുകളുടെ ഭൂരിപക്ഷം മികച്ച രീതിയില്‍ വര്‍ധിപ്പിച്ചാണ് ശൈലജ ടീച്ചര്‍ മുന്നേറിയത്. നിപ, കൊറോണ എന്നിവ കൈകാര്യം ചെയ്യുന്നതില്‍ മന്ത്രിയുടെ പ്രവര്‍ത്തനങ്ങള്‍ ആഗോളശ്രദ്ധ നേടിയിരുന്നു. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മികച്ച രീതിയില്‍ ഏകോപിപിച്ച ശൈലജ ടീച്ചറെ ഐക്യരാഷ്ട്രസഭ തന്നെ ആദരിച്ചതും വാര്‍ത്തയായിരുന്നു.

പ്രളയത്തിന്റെയും കോവിഡ് മഹാമാരിയുടെയും കാലത്ത് ശക്തമായി പിണറായി സര്‍ക്കാര്‍ കേരളത്തെ നയിച്ചു. ജനങ്ങള്‍ക്ക് താങ്ങായിനിന്ന് നടത്തിയ ക്ഷേമപ്രവര്‍ത്തനങ്ങളും വികസനവുമാണ് എല്‍ ഡി എഫിനെ വീണ്ടും അധികാരത്തിലേറ്റിയത്. ചരിത്രവിജയമാണ് മട്ടന്നൂരിലെ വോട്ടര്‍മാര്‍ തനിക്ക് നല്‍കിയത്. ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കുമെന്നും ശൈലജ പറഞ്ഞു.

സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളില്‍ 99 എണ്ണത്തിലും വ്യക്തമായ ഭൂരിപക്ഷത്തോടെ എല്‍.ഡി.എഫ് മുന്നേറിയിരിക്കുന്നു. കേവലം 41 സീറ്റുകളില്‍ മാത്രമാണ് യു.ഡി.എഫിന് സ്വാധീനമുറപ്പിക്കാനായത്. ഒരു സീറ്റു പോലും നേടാന്‍ കഴിയാതെ എന്‍.ഡി.എ തകര്‍ന്നടിയുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News