നിയമസഭയില്‍ ഇടതുപക്ഷത്തിന്റെ കരുത്തുറ്റ പത്ത് വനിതകള്‍

ചരിത്രവിജയം നേടിയ എല്‍ ഡി എഫിനൊപ്പം നിയമസഭയില്‍ കരുത്തുറ്റ പത്ത് വനിതാനേതാക്കളും. മല്‍സരിച്ച 15 എല്‍ ഡി എഫ് സ്ഥാനാര്‍ഥികളില്‍ പത്തുപേരും പത്തരമാറ്റോടെ വിജയം വരിച്ചു. കെ കെ ശൈലജ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ ചരിത്രം സൃഷ്ടിച്ചു. 2016ല്‍ ഇ പി ജയരാജന്‍ നാല്‍പ്പതിനായിരത്തില്‍ അധികം ഭൂരിപക്ഷം നേടിയ മണ്ഡലത്തില്‍ 61,000ല്‍ അധികം വോട്ടാണ് കെ കെ ശൈലജയുടെ നേടിയത്.

കെ കെ ശൈലജയ്ക്കൊപ്പം വീണ ജോര്‍ജ്, യു പ്രതിഭ, ആര്‍ ബിന്ദു, ഒ എസ് അംബിക, കെ ശാന്തകുമാരി, കാനത്തില്‍ ജമീല, ജെ ചിഞ്ചുറാണി, ദലീമ ജോജോ, സി കെ ആശ എന്നിവരാണ് സഭയില്‍ ഇനി എല്‍ ഡി എഫിനെ പ്രതിനിധീകരിക്കുന്ന വനിതാ എം എല്‍ എമാര്‍. വടകരയില്‍നിന്ന് വിജയിച്ച കെ കെ രമ മാത്രമാണ് ഏക യുഡിഎഫ് പ്രതിനിധിയായി സഭയിലെത്തുക.

കഴിഞ്ഞ സഭയില്‍ എല്‍ ഡി എഫിന്റെ മാത്രം എട്ട് വനിതാ എം എല്‍ എമാരാണ് ഉണ്ടായിരുന്നത്. ഇതില്‍ രണ്ടുപേര്‍ മന്ത്രിസ്ഥാനവും വഹിച്ചു. ആരോഗ്യ വകുപ്പിനെ കെ കെ ശൈലജയും ഫിഷറീസ് വകുപ്പിനെ ജെ മേഴ്സിക്കുട്ടിയമ്മയും മുന്നില്‍നിന്ന് നയിച്ചു. മേഴ്സികുട്ടിയമ്മ ഈ തവണയും മല്‍സരിച്ചുവെങ്കിലും ജയിക്കാനായില്ല.

യു ഡി എഫിനായി പി കെ ജയലക്ഷ്മി, പദ്മജ വേണുഗോപാല്‍, ബിന്ദു കൃഷ്ണ ഉള്‍പ്പെടയുള്ള 12 പേര്‍ മത്സരരംഗത്തുണ്ടായിട്ടും ജയിച്ചത് കോണ്‍ഗ്രസ് പിന്തുണയില്‍ വടകരയില്‍ മത്സരിച്ച ആര്‍ എം പിയിലെ കെ കെ രമ മാത്രം. 25 വര്‍ഷത്തിന് ശേഷം മുസ്ലിംലീഗ് കോഴിക്കോട് സൗത്തില്‍ മത്സരിപ്പിച്ച നൂര്‍ബിന റഷീദും പരാജയം ഏറ്റുവാങ്ങി. നൂര്‍ബിനയുടെ സ്ഥാനാര്‍ത്ഥിത്വം ലീഗിന്റെ ആഭ്യന്തരകോട്ടകളില്‍ വന്‍ പടലപിണക്കം സൃഷ്ടിച്ചിരുന്നു. എന്നാല്‍ മറ്റ് വഴിയില്ലാതെ ലീഗ് സ്ഥാനാര്‍ത്ഥിത്വം നല്‍കുകയായിരുന്നു. എന്നാല്‍ നൂര്‍ബിന ഉള്‍പ്പെടെ ഒരു യുഡിഎഫ് വനിതാ സ്ഥാനാര്‍ത്ഥിക്ക് പോലും വിജയം കാണാനായില്ല.

കരഞ്ഞ് സീറ്റ് നേടിയ ബിന്ദു കൃഷ്ണയും ഏറ്റുമാനൂരില്‍ സ്വതന്ത്രയായി മത്സരിച്ച മുന്‍ മഹിളാ കോണ്‍ഗ്രസ് അധ്യക്ഷ ലതിക സുഭാഷും പരാജയം നുണഞ്ഞു. ബി ജെ പി ദേശീയ നിര്‍വാഹക സമിതി അംഗം ശോഭ സുരേന്ദ്രന്‍ വന്‍ തോല്‍വി നേരിടേണ്ടി വന്നു. 20 മണ്ഡലങ്ങളിലാണ് ബി ജെ പി വനിതകളെ മത്സരിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News