കേന്ദ്ര വിഹിതം കിട്ടിയില്ല, വീണ്ടും വാക്സിൻ ക്ഷാമത്തിൽ വലഞ്ഞ് മഹാരാഷ്ട്ര

രാജ്യത്ത് ഏറ്റവും കൂടുതൽ രോഗവ്യാപനം നടക്കുന്ന മഹാരാഷ്ട്രയിൽ വാക്സിൻ തീർന്നിട്ട് രണ്ടുദിവസം പിന്നിടുമ്പോൾ ആശങ്കയുടെ ദിനങ്ങളാണ് കടന്ന് പോകുന്നത്. സംസ്ഥാനത്തിന് ഉടൻ 23 ലക്ഷം കോവിഡ് വാക്സിൻ നൽകുമെന്ന് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചെങ്കിലും കേന്ദ്ര വിഹിതത്തിനായുള്ള കാത്തിരിപ്പിലാണ് സംസ്ഥാനം. കേന്ദ്രം പ്രഖ്യാപിച്ച 23 ലക്ഷം ഡോസുകൾ എന്നെത്തുമെന്ന് സംസ്ഥാന സർക്കാരിന് പോലും അറിയില്ല.

ദിവസേന അര ലക്ഷത്തിലധികം രോഗികളും എണ്ണൂറോളം മരണങ്ങളും സംഭവിക്കുന്ന സംസ്ഥാനത്തിന്റെ നിസ്സഹായാവസ്ഥയിൽ നിരാശരാണ് ജനങ്ങളും.

ഇതോടെ അടുത്ത മൂന്നു ദിവസത്തേക്ക് മുംബൈയിൽ കുത്തിവെപ്പ് നിർത്തുകയാണെന്ന് ബി.എം.സി. പ്രഖ്യാപിച്ചിരിക്കയാണ്. മേയ് ഒന്നിന് 18 വയസ്സിന് മുകളിലുള്ളവർക്ക് മാത്രമാണ് കുറച്ച് വാക്സിൻ നൽകാനായത്. 45 വയസ്സിന് മുകളിലുള്ളവർക്കുള്ള കുത്തിവെപ്പ് വെള്ളിയാഴ്ച നിർത്തിയതാണ്.

സംസ്ഥാന സർക്കാരിന് നേരിട്ട് വാക്സിൻ ലഭിക്കണമെങ്കിൽ മേയ് 20 കഴിയണം. അതുവരെ വാക്സിൻ നൽകാൻ കഴിയില്ലെന്നും കേന്ദ്രസർക്കാരിന് നൽകണമെന്നുമാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് വ്യക്തമാക്കിയത്. സംസ്ഥാനത്ത് ഒരുദിവസം അഞ്ചുലക്ഷം പേർക്ക് വാക്സിൻ നൽകാനുള്ള സംവിധാനമുണ്ട്. ഇത് വേണമെങ്കിൽ വർധിപ്പിക്കാൻ കഴിയുമെന്നും ആരോഗ്യ മന്ത്രി രാജേഷ് ടോപ്പെ പറഞ്ഞിരുന്നു. അതായത് ഒരാഴ്ചത്തെ കുത്തിവെപ്പിന് 40 ലക്ഷത്തോളം ഡോസുകൾ വേണം. എന്നാൽ അത്രയും ഡോസുകൾ ലഭിക്കാൻ സാധ്യതയില്ലാത്തതിനാൽ കുത്തിവെപ്പുകൾ എടുക്കുന്നവരുടെ എണ്ണം കുറയാനാണ് സാധ്യത.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here