പ്രതിപക്ഷത്തിന്റെ പ്രയാണം അത്ര സുഗമമല്ല. ആരൊക്കെ എങ്ങോട്ട് ചായും എന്ന് കാത്തിരുന്നു കാണാം എന്ന് ഇടതുപക്ഷത്തിന്റെ ചരിത്ര വിജയത്തിന്റെ പിന്നാലെ ജോൺ ബ്രിട്ടാസ് എം പി.
എൽ ഡി എഫ് നേടിയ ഈ ചരിത്ര വിജയത്തിന്റെ പ്രത്യാഘാതങ്ങൾ എന്താണ്? ആർക്കൊക്കെയാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്? ജോൺ ബ്രിട്ടാസിന്റെ രാഷ്ട്രീയ കാഴ്ചപ്പാടിലേക്ക്
കേരളത്തിലെ ഇടതുപക്ഷത്തിന്റെ ചരിത്ര വിജയത്തെക്കുറിച്ച് അന്തരീക്ഷത്തിൽ ശബ്ദമുഖരിതമായ ചർച്ചകളാണ് നടന്നത്. ഓരോരുത്തരും അവരവരുടെ കാഴ്ചപ്പാടിലാണ് ഈ സംഭവത്തെ കാണുന്നത്. Historical, incredible, path breaking, unprecedented എന്നിങ്ങനെ വിശേഷണങ്ങളുടെ പെരുമഴയാണ്. ഞാൻ എന്നുള്ള വ്യക്തി എങ്ങിനെയാണ് ഈ വിജയത്തെ നോക്കിക്കാണുന്നത് എന്ന് എന്റെ സൗഹൃദവലയത്തിനോട് പറയാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്ക് യോജിക്കാം വിയോജിക്കാം. ജനാധിപത്യത്തിന്റെ അന്തഃസത്ത തന്നെ അതാണല്ലോ. വിയോജിപ്പ് പറയുമ്പോഴും സഭ്യതയുടെ അതിർവരമ്പുകൾ സൂക്ഷിച്ചാൽ നല്ലത്. ഇതൊരു അഭ്യർഥന കൂടിയാണ്. ഈ ചരിത്ര വിജയത്തിന്റെ പ്രത്യാഘാതങ്ങൾ എന്താണ്? ആർക്കൊക്കെയാണ് തിരിച്ചടി കിട്ടിയിരിക്കുന്നത്? ഇത് എന്റെ അനുമാനം. യോജിക്കാം, വിയോജിക്കാം.
1. മുഖ്യപ്രതിപക്ഷമായ യുഡിഎഫിന്.
2. കേന്ദ്രം ഭരിക്കുന്ന എന്നാൽ കേരളത്തിൽ പ്രധാന കക്ഷിയായി ഉരുത്തിരിയാൻ ആഗ്രഹിക്കുന്ന ബിജെപിക്ക്.
3. അപസർപ്പക കഥകൾ നെയ്ത് വാർത്തകൾ ചോർത്തി ലക്ഷ്യബോധമില്ലാതെ എന്നാൽ ഒരേയൊരു ലക്ഷ്യം മാത്രം മനസ്സിൽ വച്ച് നമ്മുടെ സംസ്ഥാനത്ത് റോന്തു ചുറ്റുന്ന എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് മുതൽ കസ്റ്റംസ് വരെയുള്ള ഏജൻസികൾക്ക്.
4. എന്നാൽ മേൽ പറഞ്ഞ ഈ മൂന്ന് കൂട്ടരേക്കാൾ പ്രഹരമേറ്റ ഒരു വിഭാഗമുണ്ട്. അത് പത്രങ്ങളിലും ടെലിവിഷനുകളിലും വായിക്കാനോ കാണാനോ കഴിയുന്നുണ്ടാവില്ല. ഞാൻ ഉദ്ദേശിച്ചത് ചില മാധ്യമങ്ങളെ തന്നെയാണ്. മാധ്യമധർമ്മം മറന്ന് ഭാവനകൾ നെയ്തെടുത്ത് അപകീർത്തിയും വിഷവും വമിപ്പിച്ചവർ ഇക്കൂട്ടത്തിലുണ്ട്. മുഖ്യമന്ത്രിയുടെ ഇന്നലത്തെ പത്രസമ്മേളനത്തിൽ ഇതേക്കുറിച്ച് സൂചിപ്പിക്കുകയുണ്ടായി.
5.ചില സമുദായ – മത നേതാക്കൾക്ക് കൂടി ഏറ്റ പ്രഹരം. മതവും സമുദായവും രാഷ്ട്രീയത്തിൽ ഇടപെടുന്നത് ഒരുതരത്തിലും ആശാസ്യമല്ല. ഇന്ത്യ മതനിരപേക്ഷ രാഷ്ട്രമാണെന്ന് നമ്മൾ അഹങ്കരിക്കുമ്പോഴും സമുദായ – മത ഇടപെടലുകൾ നമ്മുടെ പൊതു ഇടത്തെ അനുസ്യൂതം മലീമസമാക്കി കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പിന്റെ തൊട്ടു തലേന്നും എന്തിനേറെ ആ ദിവസം തന്നെയും കല്പനകളും ഇടയലേഖനങ്ങളും പുറത്തുവരുകയുണ്ടായി.
6. കേരളത്തിന് പരിചിതമല്ലാത്ത, എന്നാൽ എനിക്ക് നല്ല പരിചയമുള്ള ഉത്തരേന്ത്യൻ രാഷ്ട്രീയത്തിന്റെ രീതികൾ നമുക്ക് മേൽ അടിച്ചേൽപ്പിക്കാനുള്ള ബോധപൂർവ്വമായ ശ്രമമുണ്ടായി. ഓക്സിജൻ കിട്ടാതെ ജനം പിടഞ്ഞ് മരിക്കുന്ന ഉത്തർപ്രദേശിലെ മുഖ്യമന്ത്രി ഇവിടെ വന്ന് നമ്മുടെ ആരോഗ്യമേഖലയ്ക്ക് ക്ലാസ്സ് എടുത്തു കൊടുക്കുന്നതിന്റെ അപഹാസ്യത ഒന്ന് ചിന്തിക്കുക.
7. ലോകം ചൊവ്വയ്ക്ക് ടിക്കറ്റ് എടുക്കുന്ന കാലഘട്ടമാണിത്. അപ്പോഴാണ് അയ്യൻ, ആചാരം എന്നൊക്കെ പറഞ്ഞ് ഇവിടെ പലരും ഉറഞ്ഞ് തുള്ളുന്നത്. വിശ്വാസം ഓരോരുത്തരുടെയും വ്യക്തിഗത ചോയ്സ് ആണ്. ഒരാളുടെയും വിശ്വാസത്തെ വ്രണപ്പെടുത്താൻ പാടില്ല. എന്നാൽ പരിഷ്കൃത ജനസമൂഹത്തെ ആചാരത്തിന്റെ പേരിൽ തടവിലിടാനും പാടില്ല. ശാസ്ത്ര ബോധം വേണം എന്ന് പറയുന്നത് മറ്റാരുമല്ല, ഇന്ത്യൻ ഭരണഘടന തന്നെയാണ്. തിരഞ്ഞെടുപ്പ് പ്രചരണം അവസാനിപ്പിച്ച് കൊണ്ട് ഇന്ത്യയുടെ പ്രധാനമന്ത്രി ശരണം വിളിച്ചത് ശരിയോ തെറ്റോ എന്ന് പരിശോധിക്കപ്പെടേണ്ടതാണ്. ഇതിനെക്കുറിച്ച് കൂടുതൽ ഒന്നും ഞാൻ പറയുന്നില്ല.
8. തിരഞ്ഞെടുപ്പ് വിധി ഗുണകരമായ ചില സന്ദേശങ്ങൾ നൽകുന്നതാണ്
– ആശങ്കകൾ ഇല്ലാതെ വികസന ദൗത്യങ്ങൾ സർക്കാരിന് ഏറ്റെടുക്കാം.
– ജനങ്ങൾക്ക് വേണ്ടത് ഡെലിവറിയും പെർഫോമൻസും ആണ്.
– ഒരു ഭരണാധികാരിയുടെ ഇച്ഛാശക്തി കൊണ്ട് പലതും മുന്നോട്ടുപോകുന്നത് മലയാളി കഴിഞ്ഞ അഞ്ച് വർഷം കണ്ടു – ദേശീയപാത വികസനവും ഗെയിൽ പൈപ്പ് ലൈനും ഇടമൺ-കൊച്ചി ഊർജ്ജ പാതയുമൊക്കെ ഇതിന്റെ ഉദാഹരണങ്ങൾ.9.മാധ്യമങ്ങൾ സൃഷ്ടിക്കുന്ന പ്രതിച്ഛായയുടെ തടവറയിൽ അല്ല ഭരണാധികാരികൾ കഴിയേണ്ടത്. ആ കാലം അസ്തമിച്ചിരിക്കുന്നു എന്ന് ജനം അസന്ദിഗ്ധമായി വിധിയെഴുതിക്കഴിഞ്ഞു.
10. ജനവിധിയുടെ പ്രത്യാഘാതം എങ്ങനെയാണ് യുഡിഎഫിനെയും ബിജെപിയെയും ഒക്കെ ബാധിക്കാൻ പോകുന്നത് എന്ന് സംബന്ധിച്ച് ഒരുപാട് ആഖ്യാനങ്ങളും വ്യാഖ്യാനങ്ങളും വരുന്നു. ഒരു കാര്യം വ്യക്തമാണ്. പ്രതിപക്ഷത്തിന്റെ പ്രയാണം അത്ര സുഗമമല്ല. ആരൊക്കെ എങ്ങോട്ട് ചായും എന്ന് കാത്തിരുന്നു കാണാം.
കേരളത്തിലെ ഒരു വോട്ടർ എന്ന നിലയിൽ ഈ ചരിത്ര നിർമ്മിതിക്കും ജനവിധിക്കും വലിയൊരു സല്യൂട്ട്.
Get real time update about this post categories directly on your device, subscribe now.