‘കോടതി നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും മാധ്യമങ്ങളെ വിലക്കാനാകില്ല’: സുപ്രീം കോടതി

കോടതി വാക്കാല്‍ നടത്തുന്ന നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ വിലക്കാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി. കോടതി വിചാരണകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്ന് മാധ്യമങ്ങളെ തടയാന്‍ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു. മദ്രാസ് ഹൈക്കോടതി ‘തെളിവുകളില്ലാതെ കുറ്റപ്പെടുത്തുന്നു’ എന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിലാണ് സുപ്രീം കോടതി ഇങ്ങനെ പരാമര്‍ശിച്ചത്.

ഹൈക്കോടതിയുടെ ആത്മവീര്യം കെടുത്താന്‍ കഴിയില്ലെന്നും കോടതി വ്യക്തമാക്കി. മദ്രാസ് ഹൈക്കോടതിക്കെതിരായ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹരജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

‘കോടതിയില്‍ സംഭവിക്കുന്ന കാര്യങ്ങള്‍ വിനിമയം ചെയ്യുന്നത് മാധ്യമങ്ങളാണ്. മാധ്യമങ്ങള്‍ ശക്തമാണ്. നിങ്ങളുടെ വിധിന്യായങ്ങള്‍ മാത്രമല്ല, ചോദിക്കുന്ന ചോദ്യങ്ങളും പറയുന്ന ഉത്തരങ്ങളും സംഭാഷണങ്ങളും വരെ ജനങ്ങള്‍ക്ക് അറിയണം,’ സുപ്രീം കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് പറഞ്ഞു. കൊവിഡിന്റെ രണ്ടാം തരംഗം ശക്തമാകുന്നതിനിടെ തമിഴ്നാട്ടില്‍ തെരഞ്ഞെടുപ്പ് നടത്തിയ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിക്കെതിരെ മദ്രാസ് ഹൈക്കോടതി മോശമായ പരാമര്‍ശം നടത്തിയെന്നാരോപിച്ചാണ് കമ്മീഷന്‍ സുപ്രീം കോടതിയെ സമീപിച്ചത്.

കോടതി നടത്തുന്ന വാക്കാലുള്ള നിരീക്ഷണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിന് മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തണമെന്നും തെരഞ്ഞെടുപ്പു കമ്മീഷന്‍ ആവശ്യപ്പെട്ടു. കൊവിഡ് കാലത്ത് തെരഞ്ഞെടുപ്പു റാലികള്‍ നടത്തുന്നതിനെ വിലക്കാന്‍ സാധിക്കാത്ത തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലപാതകക്കുറ്റം വരെ ചുമത്താം എന്നായിരുന്നു മദ്രാസ് ഹൈക്കോടതിയുടെ വിമര്‍ശനം.

കൊവിഡ് രണ്ടാം തരംഗത്തിന് കാരണം തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കോടതി പറഞ്ഞിരുന്നു. വോട്ടെണ്ണല്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് ഗതാഗത മന്ത്രി എം ആര്‍ വിജയഭാസ്‌കര്‍ സമര്‍പ്പിച്ച പരാതിയില്‍ പരിഗണിക്കവെയാണ് കോടതി വിമര്‍ശനമുന്നയിച്ചത്. അസൗകര്യമാണ് സൃഷ്ടിക്കുന്നതെങ്കിലും ‘കയ്പുള്ള ഗുളിക’ കഴിക്കും പോലെ വേണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെ കണക്കാക്കാനെന്നും ജസ്റ്റിസ് എംആര്‍ ഷാ പറഞ്ഞു. ‘സംസ്ഥാന ഹൈക്കോടതികളുടെ ധാര്‍മികതയെ താഴ്ത്തിക്കെട്ടാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല. നീതിന്യായ വ്യവസ്ഥയുടെ കരുത്തുറ്റ തൂണുകളാണ് അവ’, ജസ്റ്റിസ് ഡി. ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News