‘വാക്സിന്‍ ക്ഷാമം ജൂലൈ വരെ നീണ്ടേക്കും’: അടാര്‍ പൂനാവാലാ

രാജ്യത്ത് കൊവിഡ് വാക്‌സിനുകള്‍ സുലഭമാകാന്‍ ജൂലൈ വരെ കാക്കേണ്ടി വരുമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ചീഫ് എക്‌സിക്യൂട്ടീവ് അടാര്‍ പൂനാവാല. പ്രതിദിനം ഉയരുന്ന രോഗനിരക്കും വാക്സിന്‍ ക്ഷാമവും മൂലം രാജ്യം കടുത്ത പ്രതിസന്ധി നേരിടവേ ആണ് പ്രതിരോധ മരുന്നിനായി മാസങ്ങള്‍ കാക്കേണ്ടി വരുമെന്ന അറിയിപ്പ് വന്നിട്ടുള്ളത്.

60 മുതല്‍ 70 ദശലക്ഷം വരെ ഡോസുകളുടെ പ്രതിമാസ ഉല്പാദനത്തില്‍ നിന്നും 100 ദശലക്ഷം വാക്‌സിനുകളുടെ ഉത്പാദനം എന്ന ലക്ഷ്യത്തിലേക്ക് ജൂലൈയോടെ എത്താനാകുമെന്നാണ് അടാര്‍ പൂനാവാല അറിയിച്ചത്. ഫിനാന്‍ഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സി ഇ ഒ ഇങ്ങനെ പറഞ്ഞത്.

മെയ് ഒന്ന് മുതല്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് വാക്സിന്‍ ലഭ്യമാക്കും എന്നുള്ള സര്‍ക്കാര്‍ പ്രഖ്യാപനത്തിന് പിന്നാലെയാണ് അടാര്‍ പൂനാവാലയുടെ ഈ അറിയിപ്പ്. ജനസംഖ്യാനുപാതികമായി നോക്കിയാല്‍ ഇന്ത്യയില്‍ വെറും 2 ശതമാനത്തിന് മാത്രമേ ഇതുവരെയും വാക്‌സിന്‍ നല്‍കാനായിട്ടുള്ളൂ.

വാക്‌സിന്‍ ക്ഷാമത്തെ തുടര്‍ന്ന് രാഷ്ട്രീയക്കാരും മറ്റും രാജ്യവ്യാപകമായി സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പറഞ്ഞ പൂനാവാല, കേന്ദ്രനയത്തിന് ഉത്തരവാദി കമ്പനിയല്ല, സര്‍ക്കാരാണ് എന്ന് അറിയിച്ചു. ആവശ്യപ്പെട്ട കണക്കനുസരിച്ചാണ് മരുന്ന് ഉത്പാദനം നടത്തിയതെന്നും 100 കോടിയിലധികം മരുന്നിന്റെ ആവശ്യം രാജ്യത്തുണ്ടാകുമെന്ന് പ്രതീക്ഷിച്ചതല്ലെന്നും അദ്ദേഹം പറഞ്ഞു.

ഈ വര്‍ഷമാദ്യം നിയന്ത്രണത്തിലായ രോഗം അപ്രതീക്ഷിതമായ ഒരു രോഗ വര്‍ദ്ധനവിലേക്കാണ് ഫെബ്രുവരിയോടെ എത്തിയത്. എന്നാല്‍ ഏപ്രില്‍ മൂന്നാം വാരത്തോടെ കേന്ദ്രം സെറം ഇന്‍സ്റ്റിറ്റ്യൂട്ട് അടക്കമുള്ള ഉല്പാദകര്‍ക്ക് വാക്‌സിന്‍ നിര്‍മ്മാണത്തിനായി ധനസഹായം നല്‍കിയിട്ടുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ വാക്‌സിന്‍ നിര്‍മ്മാണ കമ്പനികളില്‍ ഒന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News