രണ്ട് ജീവനക്കാര്‍ക്കും ബസ് ഡ്രൈവര്‍ക്കും കൊവിഡ്; പരിശീലനം റദ്ദാക്കി ചെന്നൈ സൂപ്പര്‍ കിങ്സ്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ രണ്ട് കളിക്കാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ ഐ പി എല്ലില്‍ കൊവിഡ് ഭീഷണി തുടരുന്നു.

രണ്ട് ജീവനക്കാര്‍ക്കും ബസ് ഡ്രൈവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ ബുധനാഴ്ചത്തെ മത്സരത്തിനു മുമ്പുള്ള പരീശീലനം റദ്ദാക്കി ചെന്നൈ സൂപ്പര്‍ കിങ്സ് ടീം. കൊവിഡ് സ്ഥീരീകരിച്ചവരെ സ്‌ക്വാഡിലെ മറ്റുള്ളവരില്‍ നിന്നും മാറ്റിനിര്‍ത്തിയിട്ടുണ്ട്.

ബുധനാഴ്ച രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിനു മുമ്പുള്ള പരിശീലനത്തിന് തയ്യാറെടുക്കുകയായിരുന്നു ചെന്നൈ ടീം. ഇതിനിടെയാണ് ടീമുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്കും ബസ് ഡ്രൈവര്‍ക്കും കൊവിഡ് സ്ഥിരീകരിക്കുന്നത്.

തിങ്കളാഴ്ച കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരങ്ങളായ വരുണ്‍ ചക്രവര്‍ത്തിക്കും മലയാളി താരം സന്ദീപ് വാര്യര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ തിങ്കളാഴ്ച കൊല്‍ക്കത്തയും റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരും തമ്മില്‍ നടക്കേണ്ടിയിരുന്ന മത്സരം മാറ്റിവച്ചു. ഇതാദ്യമായാണ് ഐ പി എല്‍ നടക്കുന്നതിനിടെ കളിക്കാര്‍ കൊവിഡ് ബാധിതരാകുന്നത്.

കഴിഞ്ഞ നാലു ദിവസത്തിനിടെ നടത്തിയ മൂന്നാം റൗണ്ട് പരിശോധനയിലാണ് ഇവരുടെ ഫലം പോസറ്റീവായത്. ബാക്കിയുള്ളവരുടെ പരിശോധനാഫലം നെഗറ്റീവാണെന്നും ടീം അറിയിച്ചു. ഇരുവരും ഐസൊലേഷനിലാണ്. ടീം ഡോക്ടര്‍മാര്‍ ആരോഗ്യസ്ഥതി നിരീക്ഷിച്ചുവരികയാണെന്നും ടീം അറിയിച്ചു.

അതേസമയം രാജ്യത്ത് കൊവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ ഐ പി എല്‍ മത്സരങ്ങള്‍ നടത്തുന്നതിനെതിരേ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. ഇതിനിടെ ഏതാനും രാജ്യങ്ങള്‍ ഇന്ത്യയില്‍ നിന്നുള്ള യാത്രയ്ക്ക് വിലക്ക് ഏര്‍പ്പെടുത്തിയതോടെ വിദേശ താരങ്ങള്‍ പ്രതിസന്ധിയിലായിരിക്കുകയാണ്. ഏതാനും കളിക്കാര്‍ ഇതിനോടകം തന്നെ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍വാങ്ങിക്കഴിഞ്ഞു. ഭാര്യയ്ക്ക് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന് ഇന്ത്യന്‍ താരം ആര്‍ അശ്വിനും അമ്പയര്‍ നിതിന്‍ മേനോനും പിന്‍വാങ്ങിയവരില്‍ പെടും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News