കോഴിക്കോട്‌ ജില്ലയിൽ 13ൽ 9 നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക്‌ വോട്ട്‌ ചോർച്ച

കോഴിക്കോട്‌ ജില്ലയിൽ 13ൽ ഒമ്പത്‌ നിയമസഭാ മണ്ഡലങ്ങളിലും ബിജെപിക്ക്‌ വോട്ട്‌ ചോർച്ച. 2016ൽ നേടിയ വോട്ട്‌ നിലനിർത്താൻ ബിജെപിക്കായില്ല. വടകര, കുറ്റ്യാടി, നാദാപുരം, കൊയിലാണ്ടി, ബാലുശേരി, ബേപ്പൂർ, കുന്നമംഗലം, കൊടുവള്ളി, തിരുവമ്പാടി മണ്ഡലങ്ങളിലാണ്‌ വോട്ട്‌ കുറഞ്ഞത്‌.

ഈ മണ്ഡലങ്ങളിൽ യുഡിഎഫിന്‌ വോട്ട്‌ മറിച്ചെന്ന ആരോപണത്തിന്‌ ഇനി ശക്തി കൂടും.  രണ്ടാം സ്ഥാനം  പ്രതീക്ഷിച്ച മൂന്ന്‌ മണ്ഡലങ്ങളിൽ  പിന്നോക്കം പോയി. കോഴിക്കോട്‌ നോർത്ത്‌, ബേപ്പൂർ, എലത്തൂർ എന്നിവിടങ്ങളിലാണ്‌ രണ്ടാംസ്ഥാനത്തിന്‌ ബിജെപി പ്രതീക്ഷവെച്ചത്‌.

ജില്ലയിൽ 13 മണ്ഡലങ്ങളിലും ബിജെപിയാണ്‌ മത്സരിച്ചത്‌. ബിഡിജെഎസിന്‌ ഒരുസീറ്റുപോലും നൽകിയില്ല. ജില്ലാ പ്രസിഡന്റ്‌ വി കെ സജീവൻ മത്സരിച്ച കുന്നമംഗലത്ത്‌ 5030 വോട്ടാണ്‌ കുറഞ്ഞത്‌.

2016ൽ 32,702 വോട്ട്‌ ലഭിച്ച സ്ഥാനത്ത്‌ ഇത്തവണ കിട്ടിയത്‌ 27,672 വോട്ട്‌ മാത്രം. എ ക്ലാസ്‌ മണ്ഡലമായി ബിജെപി ലിസ്റ്റിലുള്ള കുന്നമംഗലത്തെ പിറകോട്ടടി പാർട്ടിയിൽ ചർച്ചയാകും. യുഡിഎഫ്‌ സ്ഥാനാർഥിക്ക്‌ വോട്ട്‌ കച്ചവടം നടത്തിയെന്ന ആക്ഷേപവും ഉയർന്നുകഴിഞ്ഞു.

വടകരയിൽ 10,225 വോട്ടാണ്‌ നേടിയത്‌. 3712 വോട്ടിന്റെ കുറവ്‌. കുറ്റ്യാടി 3188, നാദാപുരം 4203, കൊയിലാണ്ടി 4532, ബാലുശേരി 2834, ബേപ്പൂർ 1691, കൊടുവള്ളി 2030, തിരുവമ്പാടി 955 വോട്ടും കുറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News