രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പില്‍ കേന്ദ്രസര്‍ക്കാര്‍

രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുമ്പോഴും പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി നിര്‍മ്മിക്കാന്‍ അന്തിമസമയം നിശ്ചയിച്ച് കേന്ദ്രസര്‍ക്കാര്‍. അവശ്യ സര്‍വീസായി പരിഗണിച്ച് നിര്‍മ്മാണം പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്റെ നിര്‍ദേശം.

13,500ഓളം കോടി മുടക്കുന്ന സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായാണ് നിര്‍മാണം നടക്കുന്നത്. അതേസമയം, ഓക്‌സിജനും വാക്‌സിനും ഇല്ലാതെ ജനങ്ങള്‍ മരിച്ചു വീഴുകയാണെന്നും ഈ കൊള്ള നിര്‍ത്തണമെന്നും സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി ആവശ്യപ്പെട്ടു

പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ നിര്‍മാണം 2022 ഡിസംബറില്‍ പൂര്‍ത്തിയാക്കാനാണ് കേന്ദ്രനിര്‍ദേശം. നേരത്തെ കൊവിഡ് ഒന്നാം തരംഗത്തിലെ ലോക്ക്ഡൗണിലും പ്രധാനമന്ത്രിയുടെ വസതിയുടെ നിര്‍മ്മാണം നിര്‍ത്തിവെച്ചിരുന്നില്ല. ആദ്യം പണി പൂര്‍ത്തിയാക്കേണ്ട പ്രധാന കെട്ടിടങ്ങളില്‍ ഒന്നാമതായാണ് പ്രധാനമന്ത്രിയുടെ വസതി ലിസ്റ്റ് ചെയ്തിരിക്കുന്നത്.

പ്രധാനമന്ത്രിയുടെ സുരക്ഷാ ജീവനക്കാര്‍ക്കായുള്ള കെട്ടിടത്തിന്റെ നിര്‍മ്മാണവും ഇതിനൊപ്പം പൂര്‍ത്തിയാക്കും. സെന്‍ട്രല്‍ വിസ്ത പദ്ധതിയുടെ ഭാഗമായാണ് നിര്‍മ്മാണം നടക്കുന്നത്.

13450 കോടി രൂപയുടെ പദ്ധതിയാണ് സെന്‍ട്രല്‍ വിസ്ത. 2022 മേയ് മാസത്തില്‍ ഉപരാഷ്ട്രപതിയുടെ വസതിയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കും. അതേസമയം, കേന്ദ്രനടപടിക്കെതിരെ സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രംഗത്തുവന്നു.

ഓക്‌സിജനും വാക്‌സിനും പണം മുടക്കുന്നില്ല. ജനങ്ങള്‍ ആശുപത്രിയില്‍ ബെഡ് പോലും കിട്ടാതെ മരിച്ചു വീഴുന്നു.അതിനിടയിലും ജനങ്ങളെ കൊള്ളയടിക്കുകയാണ് ചെയ്യുന്നതെന്നും, ഇത്തരം തെറ്റുകള്‍ നിര്‍ത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സെന്‍ട്രല്‍ വിസ്ത പദ്ധതി നിര്‍ത്തിവെക്കണമെന്നും ആ തുക കൂടി കൊവിഡ് പ്രതിരോധത്തിന് ഉപയോഗിക്കണമെന്നും പ്രതിപക്ഷ പാര്‍ട്ടികളും ആവശ്യപ്പെട്ടിരുന്നു. പക്ഷെ ഇതൊന്നും ചെവികൊള്ളാതെയാണ് കേന്ദ്ര നിലപാടുകള്‍.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here