വോട്ട് കുറഞ്ഞ മൂന്നിടത്തും വിജയിച്ച് ഇടത് തരംഗം

തുടര്‍ഭരണമെന്ന ഇടതിന്റെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ അടിപതറി യു ഡി എഫും, ബി ജെ പിയും. തിരുവനന്തപുരം ജില്ലയിലെ 14 മണ്ഡലങ്ങളില്‍ കഴിഞ്ഞ തവണത്തെക്കാള്‍ എല്‍ ഡി എഫ് വോട്ടു വര്‍ധിപ്പിച്ചത് 11 മണ്ഡലങ്ങളില്‍. ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, നേമം മണ്ഡലങ്ങളില്‍ എല്‍ ഡി എഫിന് കഴിഞ്ഞ തവണത്തെക്കാള്‍ അല്‍പ്പം കുറഞ്ഞു. യു ഡി എഫിന് ആറ്റിങ്ങല്‍, വാമനപുരം, പാറശാല, കോവളം, നേമം മണ്ഡലങ്ങളില്‍ വോട്ടു വര്‍ധിപ്പിക്കാനായി.

എന്‍ ഡി എ വോട്ടു കൂട്ടിയത് ആറ്റിങ്ങല്‍, ചിറയിന്‍കീഴ്, വട്ടിയൂര്‍ക്കാവ്, നെയ്യാറ്റിന്‍കര, തിരുവനന്തപുരം മണ്ഡലങ്ങളിലാണ്. നേമത്ത് രണ്ടാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ബി ജെ പി കഴക്കൂട്ടത്ത് രണ്ടാം സ്ഥാനം നിലനിര്‍ത്തി. വട്ടിയൂര്‍ക്കാവില്‍ മൂന്നാം സ്ഥാനത്തു നിന്നു രണ്ടാം സ്ഥാനത്തേക്കു കയറി. ഓരോ മണ്ഡലത്തിന്റെയും വോട്ടുകണക്കുകള്‍ പരിശോധിച്ചാലറിയാം ആര്‍ക്കു നഷ്ടപ്പെട്ട വോട്ടാണ് വിജയിക്കു ലഭിച്ചതെന്ന്.

  •  വര്‍ക്കലയില്‍ 15,714 വോട്ടുകളാണ് സി പി എം ഇക്കുറി അധികം പിടിച്ചത്. വോട്ട് 41.63% നിന്ന് 50.89 %ആയി. വര്‍ധന 9.26%. യു ഡി എഫിന്റെ വോട്ടു വിഹിതം 39.76ല്‍ നിന്ന് 37.71 % കുറഞ്ഞ് 2.05% വോട്ടുകള്‍ നഷ്ടപ്പെട്ടെങ്കിലും കഴിഞ്ഞ തവണത്തെക്കാള്‍ 279 വോട്ടുകള്‍ അധികം പിടിക്കാനായെന്ന് ആശ്വസിക്കാം. കഴിഞ്ഞ തവണത്തേതില്‍ നിന്ന് 8,658 (7.29%) വോട്ടുകള്‍ നഷ്ടപ്പെട്ട് എന്‍ ഡി എ (ബി ഡി ജെ എസ്) ദയനീയമായ തിരിച്ചടിയാണ് വര്‍ക്കലയില്‍ ഏറ്റുവാങ്ങിയത്.

  •  ആറ്റിങ്ങല്‍ മണ്ഡലത്തില്‍ എല്‍ ഡി എഫിന് 2,910 വോട്ടുകള്‍ കുറഞ്ഞു. വോട്ടു വിഹിതം 5.85% കുറഞ്ഞു. എന്നാല്‍, യു ഡി എഫിന് 4,513 (1.33%) വോട്ടുകള്‍ വര്‍ധിച്ചു. എന്‍ ഡി എക്കും 10,660 വോട്ടുകള്‍ കൂടി: 5.75 ശതമാനമാണു വര്‍ധന.

  • ചിറയിന്‍കീഴില്‍ വെറും 58 വോട്ടുകളുടെ കുറവാണ് എല്‍ ഡി എഫിനെങ്കിലും വോട്ടു വിഹിതത്തില്‍ 3.95% കുറവുണ്ടായി. യു ഡി എഫിനാകട്ടെ 1,753 വോട്ടുകള്‍ കുറഞ്ഞപ്പോള്‍ ഇടിഞ്ഞത് 3.18% വോട്ടുകള്‍. എന്നാല്‍, എന്‍ ഡി എ 11,508 വോട്ടുകള്‍ വര്‍ധിപ്പിച്ചും വോട്ടു വിഹിതത്തില്‍ 7.17% വര്‍ധന വരുത്തിയും വന്‍ നേട്ടമുണ്ടാക്കി. യു ഡി എഫിനും എല്‍ ഡി എഫിനും കിട്ടിയിരുന്ന വോട്ടുകളില്‍ ഒരു പങ്ക് എന്‍ ഡി എയിലേയ്ക്കു പോയെന്നതിന്റെ സൂചനയാണിത്.

  • നെടുമങ്ങാട് കഴിഞ്ഞ വട്ടം മല്‍സരിച്ച മുതിര്‍ന്ന നേതാവ് സി.ദിവാകരനു കിട്ടിയതിനെക്കാള്‍ 14,997 വോട്ടുകളാണ് എല്‍ ഡി എഫ് കൂടുതല്‍ പിടിച്ചത്. വോട്ടുവിഹിതത്തില്‍ 9.18 ശതമാനത്തിന്റെ വര്‍ധന. യു ഡി എഫിന് 4,691 വോട്ടുകള്‍ (3.65%) നഷ്ടപ്പെട്ടു. എന്‍ ഡി എക്ക് 8,278 വോട്ടുകള്‍ കുറഞ്ഞു (5.78%). യു ഡി എഫിന്റെയും ബി ജെ പിയുടെയും വോട്ടുകള്‍ എല്‍ ഡി എഫ് പിടിച്ചെടുത്തെന്നു വ്യക്തം.

  • വാമനപുരത്ത് എല്‍ ഡി എഫ് 7,289 വോട്ടുകളും (3.09%) യു ഡി എഫ് 6,643 വോട്ടുകളും (2.92%) വര്‍ധിപ്പിച്ചപ്പോള്‍ എന്‍ ഡി എക്ക് 8,353 വോട്ടുകള്‍ (6.10%) കഴിഞ്ഞ തവണത്തെക്കാള്‍ കുറഞ്ഞു.

  • കഴക്കൂട്ടത്ത് നേട്ടമുണ്ടാക്കിയത് എല്‍ ഡി എഫ് മാത്രം. കടകംപള്ളി സുരേന്ദ്രന് കഴിഞ്ഞ തവണത്തെക്കാള്‍ 13,611 വോട്ടുകള്‍ (8.43%) വര്‍ധിച്ച പ്പോള്‍ വിജയപ്രതീക്ഷയോടെ വന്ന ബി ജെ പിയുടെ ശോഭാ സുരേന്ദ്രന് കഴിഞ്ഞ തവണ വി മുരളീധരനു കിട്ടിയതിനെക്കാള്‍ 2,539 വോട്ട് കുറവ്. ഇടിഞ്ഞത് 3.04%. യു ഡി എഫിന് 5,607 വോട്ടുകളും (5.14%) നഷ്ടപ്പെട്ടു.

  • വട്ടിയൂര്‍ക്കാവില്‍ വോട്ടു വര്‍ധിപ്പിച്ചതില്‍ മുന്നില്‍ ബി ജെ പിയാണ്. 12,143 വോട്ടുകള്‍ കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിലേതിനെക്കാള്‍ കൂടിയപ്പോള്‍ (6.61%) എല്‍ ഡി എഫിനു കൂടിയത് 6,281 വോട്ടുകള്‍ (0.15%). കഴിഞ്ഞ തവണത്തെക്കാള്‍ 4,910 വോട്ടുകള്‍ (6.82%) നഷ്ടപ്പെട്ട് യു ഡി എഫ് മൂന്നാം സ്ഥാനത്തായി. യു ഡി എഫിനു കിട്ടിയിരുന്ന വോട്ടുകള്‍ ബി ജെ പിയിലേക്കു പോയതിന്റെ സൂചനയാണിത്.

  • തിരുവനന്തപുരം മണ്ഡലത്തില്‍ എല്‍ ഡി എഫിന് കഴിഞ്ഞ തവണത്തെക്കാള്‍ 13,179 വോട്ടുകള്‍ (9.50%) വോട്ടുകള്‍ വര്‍ധിച്ചു. എന്‍ ഡി എക്ക് 232 വോട്ടുകളും (0.57%) കൂടി. എന്നാല്‍ യു ഡി എഫിന് 4,815 വോട്ടുകള്‍ (4.76%) നഷ്ടപ്പെട്ടു. ബി ജെ പി തങ്ങളുടെ വോട്ട് നിലനിര്‍ത്തിയപ്പോള്‍ യു ഡി എഫില്‍ നിന്ന് നേരിട്ട് എല്‍ ഡി എഫ് വോട്ടു പിടിച്ചെന്നു വേണം കരുതാന്‍.

  • നെടുമങ്ങാടിനു സമാനമായി യു ഡി എഫില്‍ നിന്നും എന്‍ ഡി എയില്‍ നിന്നും വോട്ടു പിടിച്ചെടുത്താണ് അരുവിക്കരയില്‍ എല്‍ ഡി എഫ് വിജയത്തിലെത്തിയത്. 17,180 വോട്ടുകളാണ് (11.33%) എല്‍ ഡി എഫിന് ഇവിടെ കൂടിയത്. യു ഡി എഫിന് 9,180 വോട്ടുകളും (6.95%) എന്‍ ഡി എക്ക് 4,915 വോട്ടുകളും (3.57%) നഷ്ടപ്പെട്ടു.

  • പാറശാലയില്‍ എല്‍ ഡി എഫിന് കഴിഞ്ഞ തവണത്തെക്കാള്‍ 8,392 വോട്ടുകള്‍ (3.54%) കൂടിയപ്പോള്‍ യു ഡി എഫിന് 1,130 വോട്ടുകള്‍ ((0.48%) വര്‍ധിച്ചു. എന്‍ ഡി എക്കാകട്ടെ 3,178 വോട്ടുകള്‍ (2.71%) കുറഞ്ഞു. ബി ജെ പിക്കു ലഭിച്ചിരുന്ന വോട്ടുകളില്‍ ഒരു പങ്ക് നേടിയെടുക്കാന്‍ എല്‍ ഡി എഫിനു കഴിഞ്ഞിട്ടുണ്ടാകണം.

  • കാട്ടാക്കടയില്‍ കഴിഞ്ഞ തവണ നേരിയ ഭൂരിപക്ഷത്തിനു കരകയറിയ എല്‍ ഡി എഫ് ഇക്കുറി 14,679 വോട്ടുകളാണ് (9.40%) അധികം പെട്ടിയിലാക്കിയത്. യു ഡി എഫിനു നഷ്ടപ്പെട്ടത് 7,703 വോട്ടുകളും (5.95%) എന്‍ ഡി എ കൈവിട്ടത് 4,158 വോട്ടുകളും (3.36%).

  • കോവളത്താകട്ടെ യു ഡി എഫും എല്‍ ഡി എഫും വോട്ടുകള്‍ വര്‍ധിപ്പിച്ചു. ജില്ലയിലെ ഏക യു ഡി എഫ് വിജയിയായ എം വിന്‍സന്റ് 14,600 വോട്ടുകളാണ് (7.92%) അധികം നേടിയത്. എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായ എ നീലലോഹിതദാസന് 5,653 വോട്ടുകള്‍ (2.34%) അധികം ലഭിച്ചു. എന്നാല്‍, ബി ജെ പി ചിഹ്നത്തില്‍ മത്സരിച്ചിട്ടും ഘടകകക്ഷി നേതാവായ വിഷ്ണുപുരം ചന്ദ്രശേഖരന്‍ 12,323 വോട്ടുകള്‍ (8.40%) നഷ്ടപ്പെടുത്തി.

  • നെയ്യാറ്റിന്‍കരയില്‍ എല്‍ ഡി എഫ് 1,938 വോട്ടുകള്‍ (0.18%) മാത്രമാണു വര്‍ധിപ്പിച്ചതെങ്കിലും യു ഡി എഫിന് 2,781 വോട്ടുകള്‍ കുറഞ്ഞതോടെ ഭൂരിപക്ഷം കഴിഞ്ഞ തവണത്തെക്കാള്‍ പിന്നെയും ഉയര്‍ന്നു. എന്‍ ഡി എ ഇക്കുറി 5,478 വോട്ടുകള്‍ (3.55%) അധികം പിടിച്ചു.

  • നേമത്ത് കഴിഞ്ഞ തവണ തോല്‍വി ഏറ്റുവാങ്ങിയ എല്‍ ഡി എഫ് ഇത്തവണ ബി ജെ പിയുടെ അക്കൗണ്ട് പൂട്ടിച്ചു.ബി ജെ പിക്ക് ആദ്യമായി തുറക്കാൻ കഴിഞ്ഞ അക്കൗണ്ട് ക്ളോസ് ചെയ്യാനായി എന്നത് ശ്രദ്ധേയം.കഴിഞ്ഞ തവണ വിജയിച്ച എന്‍ ഡി എക്ക് നഷ്ട്ടപ്പെട്ട വോട്ടുകള്‍ 15,925.ശക്തനായ സ്ഥാനാർഥി എന്ന നിലയിൽ മുരളീധരൻ ബി ജെ പി വിരുദ്ധ വോട്ടുകൾ ഭിന്നിപ്പിക്കാനുള്ള സാദ്ധ്യത ഉണ്ടെന്ന നിഗമനവും തകർത്തുള്ള എൽ ഡി എഫ് ജയത്തിൽ രാഷ്ട്രീയ പ്രാധാന്യം ഏറെയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News